തണ്ണീര്‍തടങ്ങളെ സംരക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി: രാജ്യത്തെ തീരദേശ തണ്ണീര്‍തടങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ)സമ്പൂര്‍ണ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ശേഖരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍, നശിച്ചുകൊണ്ടിരിക്കുന്ന ചെറിയ തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് വിവരശേഖരണം നടത്തുന്നത്. സി.എം.എഫ്.ആര്‍.ഐ നിര്‍ദേശപ്രകാരം ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള അഹ്മദാബാദിലെ സ്‌പേസ് അപ്ലിക്കേഷന്‍സ് സെന്ററാണ് (സാക്)മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്.
2.25 ഹെക്ടറില്‍ താഴെയുള്ള തണ്ണീര്‍തടങ്ങളുടെ വിവരങ്ങളാണ് മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുക. തണ്ണീര്‍തടങ്ങളുടെ ജലമണ്ണ് ഗുണനിലവാരം, മലിനീകരണ സ്വഭാവം, വളര്‍ത്തു മത്സ്യയിനങ്ങള്‍, വിസ്തൃതി, മത്സ്യകൃഷി സാധ്യതകള്‍, അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍, മറ്റു ജൈവവൈവിധ്യ സവിശേഷതകള്‍ എന്നിവയുമായി ബന്ധപ്പട്ടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. രാജ്യത്ത് മൊത്തമായി തണ്ണീര്‍ത്തടങ്ങളുടെ ഡിജിറ്റല്‍ ഡേറ്റബേസ് കേന്ദ്രീകൃത സ്വഭാവത്തില്‍ വികസിപ്പിക്കും. പ്രാഥമികഘട്ടത്തിലെ വിവരശേഖരണത്തിന് ശേഷം തുടര്‍ച്ചായ നിരീക്ഷണത്തിലൂടെ അനുയോജ്യമായ കൃഷിരീതികളെ കുറിച്ചുള്ള തത്സമയ നിര്‍ദേശങ്ങള്‍ മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കും. സിഎംഎഫ്ആര്‍ഐയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്നൊവേഷന്‍സ് ഇന്‍ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികള്‍ച്ചറിന്റെ (നിക്ര) കീഴിലാണ് ഈ പദ്ധതി.
ഗവേഷകര്‍, കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ശരിയെന്ന ഉറപ്പുവരുത്തിയതിന് ശേഷം ഡേറ്റബേസില്‍ സൂക്ഷിക്കും. ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണത്തിനും ഇന്നലെ തുടക്കമിട്ടു. പുതുവൈപ്പിലെ കണ്ടല്‍വനതണ്ണീര്‍തടങ്ങളില്‍ നിന്നും ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക. തണ്ണീര്‍തടങ്ങളുടെ വിവരശേഖരണത്തിന് ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സി.എം.എഫ്.ആര്‍.ഐയുടെ നിക്ര ഗവേഷണ വിഭാഗത്തെ സമീപിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."