ഉറച്ച ലക്ഷ്യബോധത്തോടെ വിദ്യാര്‍ഥികള്‍ മുന്നേറണം: എം. ജി. വൈസ് ചാന്‍സലര്‍
തൊടുപുഴ: ഉറച്ച ലക്ഷ്യബോധത്തോടെ മുന്നേറാനും നാടിനും വീടിനും മുതല്‍ക്കൂട്ടായി മാറാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് എം.ജി. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ചുങ്കം സെന്റ്‌മേരീസ് പാരീഷ് ഹാളില്‍ നടന്ന പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയരങ്ങളിലാകണം വിദ്യാര്‍ഥികളുടെ കണ്ണുകള്‍. വഴിയിലെ കാഴ്ചകള്‍ക്ക് മുമ്പില്‍ കണ്ണുകള്‍ മഞ്ഞളിക്കരുത്. വിജയവും പരാജയവും ദു:ഖങ്ങളും സന്തോഷവും ഒരേ മനസോടെ സ്വീകരിക്കാനാവണം .
ഒന്നുമില്ലായ്മയില്‍ നിന്നും സിവില്‍ സര്‍വ്വീസ് വിജയം നേടിയ മുഹമ്മദ് ഷിയാസിന്റെ കഥ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചാണ് വൈസ് ചാന്‍സലര്‍ അനുഭവങ്ങള്‍ പങ്ക് വച്ചത്.
ശാസ്ത്ര ഗവേഷണ മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കുവാനും ബുദ്ധിശക്തിയും കഠിനാദ്ധ്വാനവും കൈമുതലാക്കിയ പ്രതിഭകള്‍ക്ക് കഴിയുമെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ പറഞ്ഞു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയാണ് പ്രതിഭാ സംഗമത്തില്‍ ആദരിച്ചത്. എസ്.എസ്.എല്‍.സി. വിഭാഗത്തില്‍ 540 പേരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 179 പേരുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഇവര്‍ക്ക് മെമന്റോ സമ്മാനിച്ചു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1200 - ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് സമ്മാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണന്‍ സഫിയ ജബ്ബാര്‍ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ അംഗം പ്രൊഫ. എം ജെ ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, വാര്‍ഡ് കൗണ്‍സിലര്‍ സുമോള്‍ സ്റ്റീഫന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. നാവൂര്‍ കനി, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്ബ്, മത്തച്ചന്‍ പുരയ്ക്കല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."