ജല സംരക്ഷണം ഉദ്ഘാടനത്തില്‍ ഒതുങ്ങി: ജലസ്രോതസുകള്‍ മലിനം
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ ജലസ്രോതസുകള്‍ മാലിന്യം നിറഞ്ഞു പൂര്‍ണമായും ഉപയോഗ യോഗ്യമല്ലാതെയായി. ഒഴുക്ക് നിലച്ച നിലയില്‍ മാലിന്യം പലയിടങ്ങളിലും കെട്ടി കിടക്കുന്ന നിലയിലുമാണ്.
നേരത്തെ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജലസ്രോതസുകളുടെ സംരക്ഷണത്തിനായി വലിയ പരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ചാലച്ചിറ തോടിന് സമീപത്ത് വച്ച് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വലിയ രീതിയില്‍ ഉദ്ഘാടനവും നടന്നിരുന്നു.
എന്നാല്‍ മാസങ്ങളായി യാതൊരു തുടര്‍ പ്രവര്‍ത്തനവും നടന്നിട്ടില്ല. പഞ്ചായത്തിന്റെ പദ്ധതികള്‍ ഇത്തരത്തില്‍ ഉദ്ഘാടനത്തില്‍ മാത്രം ഒതുങ്ങുന്നതില്‍ വ്യാപകമായ പരാതി ഉണ്ട്. ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം ആരംഭിച്ച പഞ്ചായത്തില്‍ ഈ സ്രോതസുകളില്‍ നിന്നുള്ള വെള്ളമാണ് പലരും ഉപയോഗിക്കുന്നത്. പ്രധാന തൊടുകളായ ചാലച്ചിറ തോട്, മുട്ടത്ത് കടവ് തോട്, കരുനാട്ടുവാല തോട്, കളംമ്പാട്ടു ചിറ തോട് എന്നിവയെല്ലാം മാലിന്യം നിറഞ്ഞ നിലയിലാണ്. പഞ്ചായത്തില്‍ ജലക്ഷാമത്തിന് പരിഹാരമായി നടപ്പിലാക്കിയ ജലനിധി പദ്ധതികളെല്ലാം ഈ സ്രോതസുകളെ ആശ്രയിച്ചാണ് നില നില്‍ക്കുന്നത്. മലിന ജലത്തിന്റെ ഉപയോഗം വലിയ ജനസാന്ദ്രത ഉള്ള പഞ്ചായത്തില്‍ പകര്‍ച്ച പനികള്‍ പടര്‍ന്നു പിടിയ്ക്കുന്നതിനും കാരണമാകുമെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു. തുലാ മഴയ്ക്ക് മുന്നേ കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണിപ്പോള്‍.
എന്നാല്‍ പഞ്ചായത്തിന്റെ പദ്ധതികള്‍ ഉദ്ഘാടനത്തില്‍ മാത്രം ഒതുക്കാതെ തുടര്‍ പരിപാടികള്‍ നടത്തണമെന്നും ജലസ്രോതസുകളുടെ സംരക്ഷണം അടിയന്തിരമായി നടപ്പിലാക്കണമെന്നും സി.പി.എം ചിറവംമുട്ടം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."