രണ്ടാമൂഴം കേസ് ഈ മാസം 13 ലേക്ക് മാറ്റി
കോഴിക്കോട്: എം.ടി യുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതി ഈ മാസം 13 ലേക്ക് മാറ്റി. ഇതിഹാസ നോവല്‍ രണ്ടാമൂഴം സിനിമയാക്കുന്നതിനെ ചൊല്ലിയുമുള്ള വിവാദത്തില്‍ നിലപാടിലുറച്ച് നില്‍ക്കയാണ് എം.ടി വാസുദേവന്‍ നായര്‍. കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുനിസിഫ് കോടതിയിലാണ് കേസ് നടക്കുന്നത്.
തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ എം.ടി. ഉറച്ചു നില്‍ക്കുന്നതായി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോഴാണ് എം.ടിയുടെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു.
സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം നിലനില്‍ക്കുന്നില്ല എന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 25ന് കേസ് പരിഗണിച്ചപ്പോള്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ വെക്കണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍കോടതിയോട് അവശ്യപ്പെട്ടിരുന്നു.
രണ്ടാമൂഴം സിനിമയാക്കാമെന്ന് പറഞ്ഞ് എം.ടിയുമായി സംവിധായകന്‍ കരാറുണ്ടാക്കുകയും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടക്കാതിരുന്നതിനാലുമാണ് തിരക്കഥ തിരികെയാവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിച്ചത്.
ശ്രീകുമാര്‍മേനോനും എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് എതിര്‍ കക്ഷികള്‍. ഒക്ടോബര്‍ പത്തിനാണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് എതിര്‍ കക്ഷികളെ കോടതി താല്‍കാലികമായി വിലക്കുകയും ചെയ്തിരുന്നു. പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മാണത്തില്‍ 1000 കോടി മുതല്‍ മുടക്കില്‍ ചിത്രം തയ്യാറാവുമെന്നായിരുന്നു പ്രഖ്യാപനം. ഭീമ സേനന്‍ കേന്ദ്ര കഥാപാത്രമായുള്ള എം.ടി.യുടെ വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."