മിടുമിടുക്കന്‍
എല്ലാ വിജയങ്ങളും ആരംഭിക്കുന്നത് നിങ്ങളുടെ മനസില്‍ നിന്നാണ്; അതു പഠനത്തിലായാലും ജീവിതത്തിലായാലും. ഇതാണ് മോനു എന്ന എട്ടാം ക്ലാസുകാരനായ പ്രതിഭയുടെ വിജയരഹസ്യം. ലക്ഷ്യം എത്രത്തോളം ശക്തമാകുന്നോ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും നിങ്ങളെ പിന്നിലേക്ക് വലിക്കുന്ന കാര്യങ്ങള്‍ അത്രയും ദുര്‍ബലമാകുമെന്നാണ് അനുഭവത്തില്‍ നിന്ന് അവന് പറയാനുള്ളത്....
തൊട്ടതെല്ലാം പൊന്ന്
പഞ്ചതന്ത്രം കഥയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു രാജാവിന്റെ കഥയുണ്ട്. രാജാവ് തൊടുന്നതെല്ലാം സ്വര്‍ണമാവുക. അതുപോലെയാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അഗ്നിവേശ് എന്ന മോനു. തൊട്ടതിലെല്ലാം പത്തരമാറ്റിന്റെ സുവര്‍ണ വിജയം കൈവരിച്ച ഈ പന്ത്രണ്ടുകാരന്‍ ഒരു അത്ഭുതപ്രതിഭാസമാണ്. അവന്‍ ഒന്നാം സ്ഥാനം നേടാത്ത മേഖലകളേയില്ല.
12 വയസിനിടയില്‍ കഥകളും കവിതകളുമായി 12 പുസ്തകങ്ങള്‍ പുറത്തിറങ്ങി. പ്രമുഖ പ്രസാധകരുടെ എഡിറ്ററായി. ഇത്രയും ചെറുപ്പത്തില്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ആലോചിച്ച് മൂക്കത്ത് വിരല്‍ വെക്കാന്‍ വരട്ടെ. ഇതിനകം ഫോര്‍ത്ത്ഡാന്‍ ബ്ലാക്ക് ബെല്‍റ്റും ഈ മിടുക്കന്‍ നേടിയിട്ടുണ്ട്. അഞ്ചാം വയസിലാണ് ആദ്യ ബ്ലാക്ക് ബെല്‍റ്റ്. ലോകത്ത് ഇത്രയും ചെറുപ്രായത്തില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുന്ന ആദ്യ വ്യക്തി കൂടിയായിരുന്നു മോനു. കഠിനമായി അധ്വാനിക്കുന്നതിനുപകരം ജീവിതം മുഴുവന്‍ സ്മാര്‍ട്ടാക്കിയതാണ് അവന്റെ വിജയരഹസ്യം.
ബഹുമതികളുടെ നിറവില്‍
എന്‍.എസ്.ടി.എസ്.ഇ, എന്‍.സി.ഒ, എന്‍.എസ്.ഒ, ഗ്ലോബല്‍ ടാലന്റ് എക്‌സാമിനേഷന്‍,യു.ഐ.ഇ.ഒ, ഐ.എം.ഒ, എം. പി.എല്‍, ടാലന്റ് സെര്‍ച്ച് കോംപിറ്റേഷന്‍ ഇങ്ങനെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും നൂറില്‍ നൂറ് മാര്‍ക്കും വാങ്ങി ഉന്നത വിജയം നേടി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡ് അഗ്നിവേശിനെ തേടിയെത്തിയത് യാദൃഛികമല്ല. ഗൂഗിളിന്റെ കോഡ് റ്റു ലേണ്‍ കോണ്‍ടെസ്റ്റിലെ വിജയിയായി. ഒരുപാട് അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചു. അവ സൂക്ഷിക്കാന്‍ മാത്രം വീട്ടില്‍ ഒരു മുറിതന്നെ ഒരുക്കിയിട്ടുണ്ടെന്ന് അമ്മ ഡോ. അഞ്ജന പറയുന്നു. സാഹിത്യ മേഖലയിലെ മികവിന് കമലാസുരയ്യ അവാര്‍ഡ്, യുവജന സമാജം അവാര്‍ഡ്, ബാലഗോകുലം അവാര്‍ഡ്, കലാ ഗൗരവ് പുരസ്‌കാരം, പിക്കാസോ ആര്‍ട്ട് കണ്‍ടസ്റ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ പ്ലസ് അവാര്‍ഡ്,സാറ ജോര്‍ദന്‍ അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമ സമിതി സാഹിത്യ പുരസ്‌കാരവും ലഭിച്ചു.'കുഞ്ഞുമോനുവിന്റെ കുഞ്ഞു കഥകള്‍' 'കുഞ്ഞു രാജാവ് 'എന്ന പുസ്തകങ്ങളാണ് അവാര്‍ഡിനര്‍ഹമായത്. പല അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്തു. കലാപ്രതിഭ, എക്‌സലന്‍സ് ഇന്‍ അക്കാദമിക്‌സ്, ബെസ്റ്റ് സ്റ്റുഡന്റ് പുരസ്‌കാരങ്ങളും തേടിയെത്തി.
പാശ്ചാത്യ നൃത്തം, കഥ പറച്ചില്‍, കഥാരചന, പ്രബന്ധരചന, ഗാനാലാപനം, മ്യൂസിക്കല്‍ ഉപകരണങ്ങളുടെ വായന , ചിത്രരചന, കൈയെഴുത്ത്, ക്വിസ്,സയന്‍സ് പ്രോജക്ട് അവതരണം ഇതിലെല്ലാം സ്‌കൂള്‍ തലത്തിലും സംസ്ഥാന ദേശീയ തലങ്ങളിലും ഒന്നാം സ്ഥാനം നേടി.
ലളിതമാണ് മോനുവിന്റെ കഥകളും കവിതകളും. ചെറിയ ചെറിയ ചിന്തകളില്‍ നെയ്‌തെടുത്ത ഭാവനാത്മകമായ കവിതകള്‍. ബാല മാസികകളില്‍ മോനുവിന്റെ രചനകള്‍ ഇടക്കിടെ വരാറുണ്ട് .
മോനു ഒരു പാഠ പുസ്തകം
നോര്‍ത്ത് ഈസ്റ്റ് ഡണ്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീജ്യനല്‍ കള്‍ച്ചറല്‍ മ്യൂസിയത്തില്‍ അഗ്നിവേശിനായി ഒരു പ്രത്യേക സെക്ഷന്‍ തന്നെയുണ്ട് . മോനുവിന്റെ വിജയകഥകള്‍, പഠന പ്രവര്‍ത്തനങ്ങള്‍, ബയോഡാറ്റ, ചിത്രങ്ങള്‍ എല്ലാം മ്യൂസിയത്തില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. ഇത്രയും ചെറു പ്രായത്തില്‍ മ്യൂസിയത്തിലെ പഠനവസ്തുവാകാന്‍ കഴിഞ്ഞതിന്റെ ആശ്ചര്യത്തിലാണ് മാതാവ് അഞ്ജന. ഒരു പത്തുവയസുകാരന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിന്റെ പഠന വസ്തുവാണ് ഈ കുട്ടിയെന്ന് മ്യൂസിയം ഡയറക്ടറുടെ കുറിപ്പും അതില്‍ ചേര്‍ത്തിട്ടുണ്ട്.
ചെറുപ്രായത്തില്‍ തന്നെ കോളജില്‍ പഠിക്കാന്‍ മോനുവിന് അവസരം കിട്ടി. പക്ഷേ ബാല്യം നഷ്ടപ്പെടുത്തിയുള്ള പീഡനങ്ങള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു അമ്മയും പിതാവ് ബ്രിഗേഡിയര്‍ ഡോ. കൃഷ്ണകുമാറും. അമ്മക്ക് മൂന്ന് ഡോക്ടറേറ്റുണ്ട്. അലോപ്പതി ഡോക്ടറാണ്. എന്നിട്ടും ആ അമ്മ മറ്റെല്ലാം ഉപേക്ഷിച്ച് അവനെ പരിചരിച്ചു കഴിയുകയാണ്.
വിജയത്തിന്റെ ആലസ്യം അഗ്നിവേശിലില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ ഉദ്ഘാടനങ്ങളായും മത്സരങ്ങളായും അഗ്നിവേശും അമ്മയും എന്നും യാത്രയിലാണ്. പഠനവിജയങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ അഗ്നിവേശില്‍ അതൊരു അപൂര്‍വതയേയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."