ദെറീദ: സംഭാഷണങ്ങളിലെ സാധ്യതകള്‍
ഇസ്‌ലാം ആധുനികവിരുദ്ധമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും പ്രചണ്ഡമായി പ്രചരിപ്പിക്കുകയും പടിഞ്ഞാറിനും ഇസ്‌ലാമിനുമിടയില്‍ വിയോജിപ്പിന്റെ മതിലുകളുയര്‍ത്തുകയും ചെയ്യുന്ന ചര്‍ച്ചകള്‍ സജീവമാണ്. അമേരിക്കയിലെയും മുസ്‌ലിം ലോകത്തെയും വലതുപക്ഷങ്ങള്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ അജണ്ടകളെ കൃത്യമായി അപഗ്രഥിക്കേണ്ടതുണ്ട്. ഓറിയന്റലിസ്റ്റുകള്‍ നിര്‍മിച്ചെടുത്ത ഇത്തരം അജണ്ടകള്‍ വെറുപ്പിന്റെയും വിയോജിപ്പിന്റെയും വളര്‍ച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കിയിട്ടുണ്ടെന്ന എഡ്വേര്‍ഡ് സൈദിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്. പ്രതിലോമപരമായ ഇത്തരം അന്തരീക്ഷത്തില്‍ അപരത്വത്തോടുള്ള അഭിസംബോധനകള്‍ക്കും സംഭാഷണങ്ങള്‍ക്കും വലിയ സ്ഥാനമാനങ്ങളുണ്ട്. ഈ ധാരയിലെ ശ്രദ്ധേയ സാന്നിധ്യമറിയിക്കുകയാണ് 'ഇസ്‌ലാമും പടിഞ്ഞാറും' എന്ന ശീര്‍ഷകത്തില്‍ മുസ്തഫ ഷെരീഫ് ദെറീദയുമായി നടത്തിയ സംഭാഷണം.
പാശ്ചാത്യതത്വചിന്തയുടെ പൈതൃകത്തെയും തത്വചിന്താരീതികളുടെ ആധികാരികതയെയും ചോദ്യം ചെയ്തതിലൂടെയാണ് ഴാക് ദെറീദ (19302004) ശ്രദ്ധേയനാവുന്നത്. ഫ്രഞ്ച് തത്വചിന്തകനായ അദ്ദേഹം പ്ലേറ്റോ മുതല്‍ ലെവിസ്‌ട്രോസ് വരെയുള്ള പാശ്ചാത്യതത്വചിന്തയുടെ അടിസ്ഥാനവിശകലന സങ്കല്‍പങ്ങളോട് നിരന്തരം കലഹത്തിലേര്‍പ്പെട്ടു. ഏകശിലാത്മകതയെ അഭിശപ്തമെന്ന് വിശേഷിപ്പിച്ച അദ്ദേഹം അപനിര്‍മാണം (ഡീകണ്‍സട്രക്ഷന്‍) എന്ന തന്റെ സിദ്ധാന്തത്തിലൂടെ നാനാര്‍ഥങ്ങളെ വാദിക്കുകയും ബഹുസ്വര സമൂഹത്തിന്റെ ആവിഷ്‌ക്കാരത്തെ പ്രബലപ്പെടുത്തുകയും ചെയ്തു. പ്രത്യക്ഷമോ പരോക്ഷമോ ആയി ഏകാര്‍ഥത്തെ പുഷ്ടിപ്പെടുത്തുന്ന നവോഥാന ആധുനികതയുടെ സര്‍വ്വ മൂല്യങ്ങളെയും വിശിഷ്യാ ജനാധിപത്യ, മതേതരത്വ സങ്കല്‍പങ്ങളെയെല്ലാം പുനരാലോചനക്ക് വിധേയമാക്കിയ അദ്ദേഹം, പൗരത്വത്തെയും ദേശരാഷ്ട്രത്തെയും ലംഘിക്കുന്ന സാര്‍വ്വത്രിക ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയും അതിന് സാധുത്വം നല്‍കുന്ന രാജ്യാന്തര നിയമത്തിന്റെ സൃഷ്ടിപ്പിന് ആഹ്വാനം നല്‍കുകയും ചെയ്തു.
മുസ്‌ലിം ലോകവുമായി സംവാദത്തിലേര്‍പ്പെടാനും സംഭാവനകള്‍ പങ്കുവയ്ക്കാനും സന്നദ്ധമായ പാശ്ചാത്യലോകം പ്രകടമായ പുതിയ ലോകത്ത് അദ്ദേഹം ഒന്നിലധികം ഇസ്‌ലാമിന്റെയും പാശ്ചാത്യതയുടെയും അസ്തിത്വത്തെ സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ഇരു പക്ഷത്തേയും ചിലരുടെ സങ്കുചിതവും അനുചിതവുമായ ആഖ്യാന വ്യാഖ്യാനങ്ങളെ ദൗര്‍ഭാഗ്യകരമായാണ് സംസാരത്തിലുടനീളം ദെറീദ കണക്കാക്കുന്നത്. പാരസ്പര്യ ബഹുത്വത്തിന് വിഘാതം നില്‍ക്കുന്ന വെറുപ്പിന്റെ അടിസ്ഥാന കാരണം അജ്ഞതയാണെന്നും അപരന്റെ സംസ്‌കാരം പഠന വിധേയമാക്കുന്നതില്‍ നിന്നു പിന്നാക്കം പോയ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങള്‍ വിദ്യാഭ്യാസത്തിന്റെ പൊതുവായ ലക്ഷ്യത്തെ ഉപേക്ഷിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 'പൗരാണിക പാശ്ചാത്യത എന്നത് യഹൂദ-ഇസ്‌ലാമിക-ക്രൈസ്തവതയും യവനഅറബ് സംസ്‌കൃതിയും ആയിരിക്കേ നമ്മെ എല്ലാവരും പഠിപ്പിച്ചിരിക്കുന്നത് അത് ഗ്രീക്കോറോമനും ജൂത- ക്രൈസ്തവതയും മാത്രമാണെന്നാണ്. അബ്രഹാമിന്റെ മക്കള്‍ ഒരുമിച്ചു ജീവിക്കുന്നതിനു പകരം കലഹത്തിന്റെ കെണിയില്‍ വീണുപോയിരിക്കുന്നു'- അദ്ദേഹം കുറിക്കുന്നു.
ലോകനാഗരികതയുടെ നിര്‍മിതിയില്‍ ഇസ്‌ലാമിന്റെ സംഭാവനകളെ വിലകുറച്ചു കാണുന്ന പടിഞ്ഞാറിന്റെ പ്രബലമായ മതവിരുദ്ധത ജുഗുപ്‌സാവഹമാണ്. ആധുനിക പാശ്ചാത്യതയുടെ ത്രിത്വങ്ങളായ സെക്യുലറിസം, സയന്റിസം, ക്യാപിറ്റലിസം എന്നിവ അസമത്വവും അസന്തുലിതത്വവും ഉണ്ടാക്കുന്നു. ശാസ്ത്രവാദത്തില്‍ നിന്നു ശാസ്ത്രീയ പ്രവര്‍ത്തനം മുക്തമാണെന്നും ശാസ്ര്തവാദത്തിലധിഷ്ടിതമായ സര്‍വ്വമാനങ്ങളും വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം ശക്തിയുക്തം വാദിച്ചു.
അപരത്വത്തെ ആരോഗ്യകരമായി അഭിസംബോധന ചെയ്യണമെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്ന ദെറീദയുടെ ഈ സംഭാഷണം അന്യനോടും അപരത്വത്തോടുമുള്ള ഒരു വിഖ്യാതനായ പാശ്ചാത്യചിന്തകന്റെ മതിപ്പ് എന്ന നിലക്കും അത്ഭുതാവഹമാണ്. ദെറീദയുടെ സമഷ്ടി സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും അടയാളമായി ഈ സംഭാഷണത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ പോന്നതാണ്. 2003 ല്‍ പാരീസിലെ അന്‍സ്റ്റ്റ്റിയു ദുമോന്ത് അറബില്‍ മുസ്തഫ ഷെരീഫ് ദെറീദയെയും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അദ്ദേഹം ആഗതനാവുന്നത്. അതുപക്ഷെ അന്നത്തെ ആശുപത്രി പരിശോധനയില്‍ അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്ന് കണ്ടെത്തിയതിനു ശേഷമായിരുന്നു. 'മറ്റേതെങ്കിലും സമ്മേളനമായിരുന്നുവെങ്കില്‍ പങ്കെടുക്കാനുള്ള ശക്തി എനിക്കുണ്ടാവുമായിരുന്നില്ല'- തന്റെ വരവിനെ പറ്റി ദെറീദ ഷെരീഫിനോട് പറഞ്ഞത് അങ്ങനെയാണ്. ദെറീദയുടെ സാന്നിധ്യത്തെ ഷെരീഫ് പിന്നീട് വിശേഷിപ്പിച്ചത്, 'ഐക്യദാര്‍ഢ്യത്തിന്റെ ഏറ്റവും മനോഹരമായ അടയാളം, സൗഹൃദത്തിന് അദ്ദേഹം നല്‍കിയ ഏറ്റവും ഉദാത്തമായ ഭാവപ്രകടനം' എന്നായിരുന്നു. 15 മാസത്തിനു ശേഷം അദ്ദേഹത്തെ അര്‍ബുദം കവര്‍ന്നെടുക്കുകയും ചെയ്തു. 'ഇന്ന് ഞാന്‍ അള്‍ജീരിയക്കാരന്‍ എന്ന നിലയില്‍ സംസാരിക്കാനാഗ്രഹിക്കുന്നു'വെന്ന വികാരഭരിതമായ ആരംഭത്തില്‍ തുടങ്ങിയ സംഭാഷണം വ്യത്യസ്തനായ അപരന്‍ നമ്മുടെ ജീവിതത്തിന്റെ അനിവാര്യതയാണെന്ന നിഗമനത്തിലാണ് സമാപ്തിയിലെത്തുന്നത്.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി യൂറോപ്പിലും അമേരിക്കയിലും നടത്തിയ പ്രഭാഷണങ്ങളില്‍ വ്യക്തമായ പിന്തുണ നല്‍കിയ ദെറീദ അന്ധമായ അറബ് വിരുദ്ധ പരാമര്‍ശങ്ങളെയും അള്‍ജീരിയന്‍ വിരുദ്ധ നിലപാടുകളെയും എതിര്‍ത്തുപോന്നു. സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായ ഴാക് ദെറീദയുടെ മരണത്തെ തുടര്‍ന്ന് 2004 ഒക്ടോബര്‍ 21നു പാരീസില്‍ നടത്തിയ ദെറീദ അനുസ്മരണ സമ്മേളനത്തില്‍ പ്രഫ. മുസ്തഫ ഷെരീഫ് നടത്തിയ പ്രഭാഷണവും ഈ കൃതിയില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
വളരെ ദുര്‍ഗ്രഹങ്ങളായ ദെറീദയുടെ ഭൂരിപക്ഷ കൃതികളില്‍ നിന്നു ഭിന്നമായി സംഭാഷണ സ്വഭാവത്തിലുള്ള ഈ ഗ്രന്ഥം ഏറെ വായനാക്ഷമമാണ്. രചനകളില്‍ ദെറീദ സെല്‍ഫ് റിഫ്‌ളക്‌സീവ് ശൈലി സ്വീകരിച്ചിരിക്കുന്നതിനാല്‍ കൃതികളുടെ ദുര്‍ഗ്രാഹ്യത മന:പൂര്‍വ്വമാണെന്ന് എം.ടി അന്‍സാരി അഭിപ്രായപ്പെടുന്നു.
2006ല്‍ പുറത്തിറക്കിയ 'ഇസ്‌ലാമും പടിഞ്ഞാറും: ദെറീദയുമായി സംഭാഷണം' എന്ന ഈ ചെറുകൃതി ദെറീദയും മുസ്തഫ ഷെരീഫും നടത്തിയ ഒന്നര മണിക്കൂറിലധികം നീണ്ട സംഭാഷണത്തിന്റെ പുസ്തകരൂപമാണ്. അജയ് പി. മങ്ങാട്ട് മനോഹരമായി മൊഴിമാറ്റം നടത്തുകയും എം.ടി അന്‍സാരി അവതാരിക എഴുതുകയും ചെയ്ത കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് അദര്‍ ബുക്‌സാണ്. ഉപാധികളില്ലാതെ അപരനെ സ്വാഗതം ചെയ്യുകയും കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമായാണ് കൃതിയുടെ സമര്‍പ്പണമെന്നതും ശ്രദ്ധേയം. ഒരുപിടി നല്ല വാക്കുകള്‍ക്കും ആലോചനകള്‍ക്കും ദെറീദയ്ക്ക് നന്ദി!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."