എവിടെയാണ് ബേട്ടി ബച്ചാവോ?
ചണ്ഡിഗഡ്: ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച് കൊണ്ടിരിക്കെ ലൈംഗികപീഡന ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പ്രതിഷേധം. താനേശ്വറിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെ ജഗദരിയിലെ ഗുലാബ് നഗര്‍ സ്വദേശി അശോക് കുമാറാണ് പ്രതിഷേധിച്ചത്. എവിടെയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (പെണ്‍കുട്ടികളെ വളര്‍ത്തൂ, പഠിപ്പിക്കൂ) എന്ന് ചോദിച്ചതിന് ശേഷം അശോക് കുമാര്‍ പേപ്പറുകള്‍ ചുരുട്ടി വലിച്ചെറിഞ്ഞു.
നിശബ്ദതയെ ഭേദിച്ച് അശോക് കുമാര്‍ ഉറക്കെ പ്രതിഷേധിച്ചപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ സദസില്‍ നിന്ന് നിരവധി പേര്‍ കസേരകള്‍ക്ക് മുകളില്‍ നിന്ന് രംഗം വീക്ഷിച്ചതോടെ പരിപാടി അലങ്കോലമാവുന്നതിന്റെ വക്കിലെത്തിയെങ്കിലും പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നു. അഞ്ചുമിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പൊലിസെത്തി പ്രതിഷേധക്കാരനെ സ്ഥലത്ത് നിന്ന് മാറ്റിയത്.
തുടര്‍ന്ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കത്തും അശോക് കുമാര്‍ വിതരണം ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളോട് സ്‌കൂള്‍ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പ്രിന്‍സിപ്പല്‍ വിഷയം മൂടിവച്ചു. തന്നെയുമല്ല, പരാതിയുമായി മുന്നോട്ടുപോയപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് മര്‍ദനവും ഏറ്റു. പൊലിസ് കേസെടുക്കാന്‍ തയാറായില്ലെന്നും അശോക് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."