രണ്ടുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജില്ലയിലെ വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പന നടത്താനായി കൊണ്ടുവന്ന രണ്ടുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍. പാലക്കാട് നിന്നു തിരൂര്‍ ഭാഗത്തേക്ക് ഇതരസംസ്ഥാങ്ങളില്‍ നിന്നെത്തിച്ച പുകയില ഉത്പന്നങ്ങളുമായി മണ്ണാര്‍ക്കാട് പയ്യനടം സ്വദേശികളായ പുതുവച്ചോല അബ്ദുല്‍ അസീസ് (38), നൗഷാദ് (41), കൊടുവള്ളിക്കുന്ന് സ്വദേശി പടിഞ്ഞാറ്റില്‍ വീട്ടില്‍ സുബൈര്‍ (49) എന്നിവരേയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ ടി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
കാറിന്റെ രഹസ്യ അറകളില്‍ ചാക്കുകളില്‍ നിറച്ച് പുകയില ഉത്പനങ്ങളായ ഹാന്‍സ്, പാന്‍മസാല എന്നിവ ഉള്‍പ്പടെയുള്ളവ കടത്തികൊണ്ടുവരുന്നതായി വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍സഹിതം പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ ഇന്നലെ വൈകീട്ടോടെയാണ് ട്രാഫിക് ജങ്ഷനില്‍ നിന്നു മൂന്നംഗ സംഘം വലയിലായത്. ഇരുപതോളം ചാക്കുകളില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ലഹരി ഉത്പന്നങ്ങള്‍ വന്‍ വിലക്കാണ് സംഘം വിറ്റഴിച്ചിരുന്നത്. സ്‌കൂളുകളുടെ പരിസരങ്ങളായിരുന്നു ഇവര്‍ വില്‍പനക്കായി തെരഞ്ഞെടുത്തിരുന്നതെന്ന് പോലിസ് പറഞ്ഞു. കര്‍ണാടകയില്‍നിന്നു പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന വാഹനങ്ങളില്‍ പാലക്കാട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ എത്തിച്ച് അവിടെനിന്നു സ്വന്തം കാറില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചു വില്‍പന നടത്തുകയാണ് ഇവരുടെ രീതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എസ്.ഐ മഞ്ജിത്‌ലാല്‍, ടൗണ്‍ ഷാഡോ ഉദ്യോഗസ്ഥരായ സി.പി. മുരളീധരന്‍, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, ദിനേശ് കിഴക്കേക്കര എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."