കുടുംബത്തെ അവഹേളിച്ചതില്‍ മാപ്പ് പറഞ്ഞു; ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി
കൊച്ചി: അഭിനേതാവും ഹാസ്യ നടന്‍ അഭിയുടെ മകനുമായ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. നിര്‍മാതാക്കളുടെയും താരസംഘടനയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.
ഷെയിനിന്റെ കുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു. ഇയാളുടെ സിനിമയായ വെയിലിന്റെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കും. ഷെയിനിന് നല്‍കാനുള്ള 16 ലക്ഷം രൂപ ഉടന്‍ നല്‍കും. 40 ലക്ഷം രൂപക്കാണ് കരാര്‍ ഉണ്ടാക്കിയിരുന്നത്. 30 ലക്ഷം രൂപ ഷെയിനിന് നല്‍കി എന്ന ജോബി ജോര്‍ജ്ജിന്റെ വാദം തെറ്റായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് ഷെയിന്‍ ജോബിക്കെതിരേ ലൈവില്‍ വന്നത്. വെയില്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുടിയും താടിയും വെട്ടില്ലെന്ന കരാര്‍ പാലിക്കാത്തതിന് തനിക്കെതിരേ നിര്‍മാതാവിന്റെ വധഭീഷണിയുണ്ടെന്നാണ് ഷെയിന്‍ പറഞ്ഞത്. മറ്റൊരു സിനിമക്കായി ഷെയില്‍ അല്‍പം മുടി മുറിച്ചിരുന്നു. ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശവും മാധ്യമങ്ങളിലൂടെ പുറത്തു വന്നു.
ഇതിന് മറുപടിയുമായി നിര്‍മാതാവ് രംഗത്ത് വന്നതോടെ പ്രശ്‌നം സങ്കീര്‍ണമാവുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മാതാക്കളുടെയും താരസംഘടനയുടെയും നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."