സ്വാമി വിളി വേണ്ട, സര്‍ മതി
തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷയൊരുക്കുന്ന പൊലിസുകാര്‍ക്കുള്ള ചിട്ടവട്ടങ്ങളില്‍ മാറ്റംവരുത്തി. സംഘര്‍ഷ മേഖലകളിലേതുപോലെ മാത്രമേ ശബരിമലയിലും പ്രവര്‍ത്തിക്കാവൂവെന്നാണ് നിര്‍ദേശം. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹറയാണ് സുരക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സോപാനത്തിലും പതിനെട്ടാംപടിയിലും ഒഴികെയുള്ള സ്ഥലങ്ങളില്‍ യൂനിഫോമില്‍ മാത്രമേ നില്‍ക്കാവൂ. കൈയില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം. എല്ലാ പൊലിസ് ഉദ്യോഗസ്ഥരും നെയിംപ്ലേറ്റും ഐ.ഡി കാര്‍ഡും യൂനിഫോമും ധരിക്കണം. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് ചെയ്യണം. സര്‍ എന്നുതന്നെ സംബോധന ചെയ്യണം. പരസ്പരം സ്വാമിയെന്ന വിളി ഇനി വേണ്ടെന്നും നിര്‍ദേശമുണ്ട്. ഇതുവരെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ ഷര്‍ട്ട് പുറത്തിട്ട് ബെല്‍റ്റിടാതെയാണ് നിന്നിരുന്നത്. ചിലപ്പോള്‍ അരയില്‍ തോര്‍ത്ത് കെട്ടും. ലാത്തി ഉപയോഗിക്കാറേയില്ല. മേലുദ്യോഗസ്ഥരെ കണ്ടാല്‍ സ്വാമി ശരണം എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. കൂടാതെ പരസ്പരം സ്വാമിയെന്നാണ് വിളിക്കുക. ഇതെല്ലാം ഒഴിവാക്കാനാണ് നിര്‍ദേശം. കാക്കി പാന്റ്‌സ് ധരിച്ചുവരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് പൊലിസ് പാസ് നല്‍കുന്നത് സംബന്ധിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ നല്‍കുകയും വേണം. ഇതിനായി പൊലിസ് സ്റ്റേഷനുകളില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. പൊലിസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പാസ് ഒപ്പിട്ട് നല്‍കാവുന്നതാണ്. വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കുന്നില്ലെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും ഉറപ്പുവരുത്തണം. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ അപേക്ഷകരെ പാസ് നല്‍കാതെ മടക്കിഅയക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."