കരമന കേസ്: സ്വത്തുക്കള്‍ കാര്യസ്ഥന്റെ പേരില്‍, വില്‍പത്രം പുറത്ത്
തിരുവനന്തപുരം: കോടികള്‍ വിലമതിക്കുന്ന കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ കാര്യസ്ഥന്‍ രവീന്ദ്രനായരുടെ പേരില്‍ മാത്രം. വില്‍പത്രത്തിന്റെ കോപ്പി പുറത്തായി. ജയമാധവന്‍ മരിക്കുന്നതിനു ഒരു വര്‍ഷം മുന്‍പ് തയാറാക്കിയതാണിത്. താന്‍ ശാരീരികമായും മാനസികമായും തളര്‍ന്നെന്ന് ജയമാധവന്‍ വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നു. ദുരൂഹ മരണങ്ങളിലെ നിര്‍ണായക തെളിവാണ് വില്‍പ്പത്രം.
കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. മുന്‍ കാര്യസ്ഥനായ സഹദേവന്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി മൊഴിയെടുത്തു. മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് സഹദേവനും ജോലിക്കാരി ലീലയും പൊലിസിന് മൊഴി നല്‍കി. കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്.
2018 സെപ്റ്റംബര്‍ അഞ്ചിന് ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൂടത്തായി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബന്ധുവായ പ്രസന്നകുമാരിയമ്മ പരാതി നല്‍കിയതോടെയാണ് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
ജയമാധവന്റെ പേരില്‍ തയ്യാറാക്കിയ വില്‍പത്രം വ്യാജമാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണം ശരി വയ്ക്കുന്നതാണ് ജോലിക്കാരി ലീലയുടെ മൊഴിയും. തനിക്ക് എഴുത്തും വായനയും അറിയില്ല. വില്‍പത്രം തയ്യാറാക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 23.5 ലക്ഷം രൂപ ജയമാധവന്റെ സാന്നിധ്യത്തില്‍ രവീന്ദ്രന്‍ നായര്‍ നല്‍കിയെന്നും ലീല വ്യക്തമാക്കി.
ജില്ലാ ക്രൈംബ്രാഞ്ച് ഡി സി പി മുഹമ്മദ് ആരിഫാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."