കുമ്പള-കഞ്ചിക്കട്ട-കൊടിയമ്മ റോഡ് തകര്‍ന്നു
കുമ്പള: കുമ്പള-കഞ്ചിക്കട്ട-കൊടിയമ്മ ചൂരിത്തടുക്ക പൊതുമരാമത്ത് റോഡ് തകര്‍ന്നു. ചൂരിത്തടുക്കം മുതല്‍ കുമ്പള പൊലിസ് സ്റ്റേഷന്‍ വരെയുള്ള നാലര കിലോമീറ്റര്‍ പാതയാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ ഈ റോഡിലൂടെ യാത്ര പോകാന്‍ വിസമ്മതിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് 2012ലാണ് പൊതുമരാമത്ത് ഏറ്റെടുത്തത്. ഏറെ കാലമായി തകര്‍ന്നു കിടന്നിരുന്ന ഈ റോഡ് പി.ഡബ്യു.ഡി ഏറ്റെടുത്തതിനു ശേഷം യാതൊരു വിധ നവീകരണ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഒരു തവണ അറ്റകുറ്റപണി മാത്രമാണ് നടന്നിട്ടുള്ളത്.
ഏറെ ഗതാഗത കുരുക്കുള്ള ദേശീയപാതയില്‍ പ്രവേശിക്കാതെ ആരിക്കാടി-പുത്തിഗെ പി.ഡബ്യു.ഡി റോഡില്‍ നിന്ന് എളുപ്പത്തില്‍ കുമ്പള ടൗണില്‍ എത്തിച്ചേരാന്‍ പറ്റുന്ന ബൈപ്പാസ് റോഡും കൂടിയാണിത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മെക്കാഡം ടാറിങ്ങ് നടത്തുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. ഈ ഫയലിപ്പോള്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനിയറുടെ ഓഫിസിലാണ്.
റോഡ് വികസനത്തിന് ആവശ്യമായി വരുന്ന സ്ഥലം ഏറ്റെടുത്തു നല്‍കാമെന്ന് അന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് അറിയിച്ചതാണ്. ഈ റൂട്ടിലോടുന്ന സ്വകാര്യ ബസ് റോഡ് തകര്‍ച്ച മൂലം സര്‍വിസ് നിര്‍ത്തിവെക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."