കെ.എം.എം.എല്‍ മലിനമാക്കിയ 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കും: മന്ത്രി ജയരാജന്‍
തിരുവനന്തപുരം: കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലിനീകരണം ബാധിച്ച 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഇതിനായി 200 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും എന്‍. വിജയന്‍പിള്ളയുടെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന മലിനീകരണത്തെ സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയും തൊഴില്‍ മന്ത്രിയും കമ്പനി സന്ദര്‍ശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണം ഉണ്ടായ 150 ഏക്കറോളം ഭൂമി ഏറ്റെടുത്ത് കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പിന്നീട് മലിനീകരണ നിയന്ത്രണം മുന്‍നിര്‍ത്തി പുതിയ പ്ലാന്റ് സ്ഥാപിക്കാനായി 180.84 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചു. മെഗാ പ്രോജക്ടിനുള്ള ഫണ്ട്, ഭൂമി ഏറ്റെടുക്കുന്നതിന് ചെലവഴിക്കാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഭൂമി ഏറ്റെടുത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോംപ്ലെക്‌സ് സ്ഥാപിക്കാന്‍ നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതിന് ഏകദേശം 1,300 കോടി രൂപ ചെലവ് വരുമെന്ന് കിന്‍ഫ്ര അറിയിച്ചിരുന്നു. തുടര്‍ന്നാണ് അതിനുപകരം ആദ്യ ഘട്ടമായി 50 ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."