കടത്തനാടന്‍ കാറ്റ്; കലയുടെ കളരിവിളക്ക് തെളിഞ്ഞു
വടകര: അങ്കച്ചേകവന്മാരുടെയും കുഞ്ഞാലിമരക്കാര്‍മാരുടെയും സ്മരണകള്‍ തുളുമ്പുന്ന കടത്തനാടന്‍ മണ്ണില്‍ കലയുടെ കളരിവിളക്ക് തെളിഞ്ഞു. ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഉപേക്ഷിച്ചെങ്കിലും മത്സരവീര്യം തെല്ലും കുറയാതെയാണ് കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിനു വടകരയില്‍ തുടക്കമായത്. വടകരയിലെ വിവിധ സ്‌കൂളുകളിലെ പതിനെട്ടോളം വേദികളിലാണു മത്സരങ്ങള്‍ നടക്കുന്നത്.
നാടകം, തിരുവാതിര, കുച്ചുപ്പുടി, മോഹിനിയാട്ടം, കോല്‍ക്കളി, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബന മുട്ട്, ഗിറ്റാര്‍, വൃന്ദവാദ്യം, ഓട്ടം തുള്ളല്‍, മോണോ ആക്റ്റ്, നാടന്‍ പാട്ട്, ശാസ്ത്രീയ സംഗീതം, ഗാനാലാപനം, മിമിക്രി, പദ്യം ചൊല്ലല്‍, പ്രസംഗം, തബല, പ്രശ്‌നോത്തരി തുടങ്ങിയ ഇനങ്ങളാണ് ഇന്നലെ നടന്നത്. ആര്‍ഭാടങ്ങളും വിളംബരവും ഒഴിവാക്കിയതിനാല്‍ കാണികളും കുറവായിരുന്നു. കോല്‍ക്കളി, ദഫ്മുട്ട്, അറബന, വട്ടപ്പാട്ട് എന്നീ മാപ്പിളകലകള്‍ നടന്ന താഴെഅങ്ങാടിയിലെ എം.യു.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോലും കാണികള്‍ കുറവായിരുന്നു. നാടകം അരങ്ങേറിയ ടൗണ്‍ ഹാളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വേദികള്‍ തമ്മിലുള്ള ദൂരം കൂടിയതും മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും അസൗകര്യമായി.
ഉച്ചഭക്ഷണം ഓരോ സ്‌കൂളിലും പ്രത്യേകം പ്രത്യേകമായി ഒരുക്കിയതിനാല്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. പരിമിതികള്‍ക്കിടിലും പരാതികളില്ലാതെ ഉച്ചഭക്ഷണം വിതരണം ചെയ്യാന്‍ സംഘാടകര്‍ക്കായി.
സാധാരണ ജില്ലാ കലോത്സവത്തിന് അരക്കോടിയോളം രൂപ ചെലവഴിക്കുമ്പോള്‍ ഇത്തവണ അത് 20 ലക്ഷത്തിനും താഴെയാണ്. ഈ പരിമിതികളെല്ലാമുണ്ടെങ്കിലും മത്സരാര്‍ഥികള്‍ തമ്മിലുള്ള ആരോഗ്യകരമായ വാശിയും വീറും എങ്ങും പ്രകടമാണ്.
ഹോട്ടലുകളില്‍ ഹര്‍ത്താല്‍;മേളയ്‌ക്കെത്തിയവര്‍ വലഞ്ഞു
വടകര: കലോത്സവത്തിന്റെ ഒന്നാം ദിവസം തന്നെ വടകരയിലെത്തിയവരെ വലച്ച് ഹോട്ടലുകളുടെ ഹര്‍ത്താല്‍. വടകരയില്‍ കരിമ്പനതോട്ടിലേക്ക് ഓടകളിലൂടെ മാലിന്യമൊഴുക്കുന്ന ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണു ടൗണിലെ ഹോട്ടലുകളും കൂള്‍ബാറുകളും പണിമുടക്കിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കലോത്സവം ചെലവു ചുരുക്കിയതോടെ ഭക്ഷണം മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യലുകള്‍ക്കും മാത്രമായി ചുരുക്കിയിരുന്നു.
ചില വേദികളില്‍ കുടുംബശ്രീ അംഗങ്ങള്‍ നല്‍കിയ ചായയും ലഘു കടികളും ആശ്വാസമായി. ജില്ലാ കലോത്സവ ദിവസം തന്നെ ഇത്തരമൊരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പ്രതിഷേധത്തിനിടയാക്കി.
കിടപ്പുരോഗികള്‍ നിര്‍മിച്ച കടലാസ് പേനകളുമായി വിദ്യാര്‍ഥികള്‍
വടകര: കിടപ്പുരോഗികള്‍ നിര്‍മിച്ച പേനകളുമായി എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍. കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കണ്ണൂരിലെ കിടപ്പുരോഗികള്‍ നിര്‍മിച്ച കടലാസ് പേനകളുമായി മേളയ്‌ക്കെത്തിയത്. എട്ടു രൂപയാണ് ഒരു പേനയുടെ വിലയെങ്കിലും പത്തു മുതല്‍ 20 രൂപ വരെ നല്‍കിയാണ് ആളുകള്‍ പേന വാങ്ങുന്നത്. സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിലെ എട്ടു വിദ്യാര്‍ഥികളാണ് പേന വില്‍ക്കാനുള്ളത്. സ്‌കൂളിനടുത്തുള്ള രോഗികള്‍ നിര്‍മിച്ച പേനകള്‍ വില്‍ക്കാനുള്ള പദ്ധതിയും ഇവര്‍ക്കുണ്ട്.
മുശാഅറയില്‍ വള്ളുവങ്ങാടിന്റെ ആധിപത്യം
വടകര: അറബിക് മുശാഅറയില്‍ എം.എച്ച് വള്ളുവങ്ങാടിന്റെ ശിഷ്യന്മാരെ കടത്തിവെട്ടാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഇദ്ദേഹത്തിന്റെ ശിഷ്യരാണ് ജില്ലയിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടുന്നത്. ശിഷ്യനും മകനുമായ മുഹമ്മദ് ശിബിലി അമാനുല്ലക്കാണ് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചത്. പേരോട് എം.ഐ.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കഴിഞ്ഞതവണ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. 16 പേര്‍ മത്സരത്തിനുണ്ടായിരുന്നു. എല്ലാ മാപ്പിളകലകളിലും അഗ്രേസരനാണ് എം.എച്ച് വള്ളുവങ്ങാടെന്ന മാമ്പാടന്‍ ഹംസ മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ രചനകള്‍ തന്നെയാണ് കലാവേദികളില്‍ പലരും അവതരിപ്പിക്കാറുള്ളത്. മുര്‍ഷിദി ദര്‍സ് പുളിയാവിലാണ് വള്ളുവങ്ങാടിന്റെ കേന്ദ്രം. ദര്‍സിന്റെ മുപ്പതാം വാര്‍ഷികവും മുശാഅറയുടെ പത്താം വാര്‍ഷികവും ഈ വരുന്ന ഡിസംബര്‍ മൂന്നിന് ആഘോഷിക്കാനിരിക്കുകയാണ്.
പ്രളയവും ദുരന്തവും ഒഴിച്ചാല്‍ ആവര്‍ത്തനങ്ങളായി മിമിക്രി
വടകര: പുതുമകളൊന്നും അധികം പറയാനില്ലിവിടെ, ഇത്തവണ. അതിനിടെ കാലിക പ്രസക്തമായ പ്രളയവും പ്രകൃതിദുരന്തങ്ങളും വിഷയമായപ്പോള്‍ മാത്രമാണ് സദസിന് അല്‍പമെങ്കിലും ആശ്വാസമായത്. പതിവുപോലെ രാഷ്ട്രീയ നേതാക്കളും പ്രകൃതിയിലെ ശബ്ദങ്ങളും ഉപകരണങ്ങളും വിരസതയുണ്ടാക്കി.
വെടിക്കെട്ട്, കോഴി കൂവല്‍, തട്ടുകടയില്‍ ഓംലറ്റ് ഉണ്ടാക്കല്‍, മകുടി, ദഫ്മുട്ട് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം കുട്ടികളും അവതരിപ്പിച്ചത്. ചിലര്‍ അവതരിപ്പിച്ച പുതിയ കാലത്തിന്റെ സംഗീതമായ ഡി.ജെ വേറിട്ടതായി.
പ്രകൃതിയുടെ താള വ്യതിയാനങ്ങള്‍ അവതരിപ്പിച്ച് ഒന്നാംസ്ഥാനം നേടിയ കെ. അഭിനവിന്റേത് വേറിട്ട പ്രകടനമായി. പഴയകാലത്തെ പ്രകൃതിയും അതില്‍ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങളും മനുഷ്യന്‍ പ്രകൃതിയിലേക്ക് കൈ കടത്തുന്നതുമാണ് ശബ്ദാനുകരണത്തിലൂടെ അഭിനവ് അവതരിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ രണ്ടുതവണ മത്സരിക്കുകയും 2017ല്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷത്തോളമായി മിമിക്രി മത്സരങ്ങളില്‍ നിറസാന്നിധ്യമാണ് പൊയില്‍ക്കാവ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവ്.
രുചി വിഭവങ്ങളുമായി അങ്ങാടിത്തക്കാരം
വടകര: വടക്കന്‍ രുചിയുടെ തനതു പെരുമയുമായി അങ്ങാടിത്തക്കാരം. മണവും ഗുണവും കൊണ്ട് വായില്‍ കപ്പലോടിക്കാന്‍ വെള്ളമുണ്ടാക്കുന്ന തക്കാരമാണ് കലോത്സവ വേദികളിലൊന്നായ എം.യു.എം.വി.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. 'അങ്ങാടി തക്കാരം' എന്ന ഭക്ഷണശാലയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.
സഹപാഠിക്കൊരു സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കലോത്സവ വേദിക്കരികെ ഭക്ഷണശാല ആരംഭിച്ചത്. ഭക്ഷണ വിതരണവും പാകം ചെയ്യലുമെല്ലാം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്.
70 രൂപക്ക് മജ്ബൂസും 30 രൂപക്ക് ചപ്പാത്തിയും ബീഫും 10 രൂപക്ക് കായ്‌പോള, സമൂസ, ഇറച്ചിപ്പത്തിരി തുടങ്ങിയ വിഭവങ്ങളും ഇവിടെ ലഭിക്കും. കൂടാതെ ഉപ്പിലിട്ടത്, വത്തക്ക വെള്ളം, കുലുക്കി സര്‍ബത്ത് തുടങ്ങിയവയും ഇവിടെയുണ്ട്. കലോത്സവം തീരുന്നതുവരെ എല്ലാവരെയും സല്‍ക്കാരിക്കാനാണു കുട്ടികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."