കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഗ്രാമന്യായാലയ കോടതിയാണ് ഡിസംബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തത്.
ചിത്തിര ആട്ടവിശേഷ ദിവസം ശബരിമലയില്‍ തൃശൂര്‍ സ്വദേശി ലളിത (52) എന്ന തീര്‍ത്ഥാടകയെ തടഞ്ഞ സംഭവത്തില്‍ കെ. സുരേന്ദ്രന് ഗുഢാലോചന നടത്തിയെന്ന കേസിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കെ. സുരേന്ദ്രന് പുറമേ ബി.ജെ.പി നേതാവ് വി.വി രാജേഷ്, ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഈ സംഭവത്തില്‍ കേസെടുത്തിരുന്നു.സുരേന്ദ്രന്റെ ജാമ്യാപേക്ഷയും സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്ന പൊലിസിന്റെ ആവശ്യവും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവുമാണ് റാന്നി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നത്.
അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് മുഖ്യമന്ത്രിയും പൊലിസും ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രന് ആരോപിച്ചു. ജയിലില്‍ കിടത്താനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഗ്രാമന്യായാലയ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുപോകുമ്പോഴാണ് സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ചിത്തിര ആട്ടവിശേഷത്തിലെ അക്രമവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."