നിശബ്ദ പ്രതിഷേധത്തില്‍ കശ്മിര്‍
'ഇരുള്‍ വീഴും മുന്‍പ് ഷോപ്പിയാന്‍ കടക്കണം. അല്ലെങ്കില്‍ അപകടമാണ്. കശ്മിരില്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്ന സ്ഥലമാണിത്- 'സൗത്ത് കശ്മിരിലെ ഷോപ്പിയാനില്‍ നിന്ന് പുല്‍വാമയിലേക്ക് നീങ്ങവെ കാറിന്റെ വേഗം വര്‍ധിപ്പിച്ച് സുഹൃത്ത് വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ശംസ് ഇര്‍ഫാന്‍ പറഞ്ഞു.
റോഡിനിരുവശവും ഇടതിങ്ങി നില്‍ക്കുന്ന ഇരുള്‍ മൂടിയ ആപ്പിള്‍ തോട്ടങ്ങള്‍ ഭീതിതമായിരുന്നു. ആപ്പിള്‍ത്തോട്ടങ്ങളില്‍ കോംപാറ്റ് യൂനിഫോം ധരിച്ച് സംഘങ്ങളായി തോക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് റോന്തുചുറ്റുന്ന സൈനികര്‍. കടന്നു പോകുന്ന ഓരോ വാഹനത്തെയും അവര്‍ ക്രൗര്യം നിറഞ്ഞ കണ്ണുകളോടെ നോക്കി. കശ്മിരിലൂടെ ഇത് ആദ്യ യാത്രയല്ല, എന്നാല്‍ പുല്‍വാമയും കുല്‍ഗാമയും ഷോപ്പിയാനും അനന്തനാഗും കുപ്‌വാരയും ഉള്‍പ്പെടുന്ന സൗത്ത് കശ്മിര്‍ ഓരോ യാത്രയിലും വീണ്ടും വീണ്ടും പേടിപ്പിക്കുന്ന അനുഭവമാണ്.
കശ്മിരിലെ ഏറ്റവും അപകടരമായ ഭാഗങ്ങളാണിത്. ഓരോ 200 മീറ്ററിലും സൈനിക ക്യാംപുകളും ചെക് പോയിന്റുകളുമുണ്ട്. അവിടെയെല്ലാം വേഗം കുറച്ചും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും വേണം പോകാന്‍. യുദ്ധഭൂമിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഓരോ ചെക്‌പോസ്റ്റുകളും നിങ്ങളെ ബോധ്യപ്പെടുത്തും.
' ഇരുള്‍ വീണാല്‍ പിന്നെ ആരില്‍ നിന്നാണ് ആക്രമണമുണ്ടാകുകയെന്ന് പറയാനാവില്ല. ചിലപ്പോള്‍ സൈന്യമാകാം. അല്ലെങ്കില്‍ സൈന്യവുമായി ഏറ്റുമുട്ടാനെത്തുന്ന ഏതെങ്കിലും തീവ്രവാദ സംഘടനകളാവാം. രണ്ടായാലും അപകടമാണ്.' ശംസ് തുടര്‍ന്ന് പറഞ്ഞുകൊണ്ടിരുന്നു. പാംപൂരില്‍ നിന്ന് പുറപ്പെടും മുന്‍പ് തന്നെ ശംസ് ഇര്‍ഫാന്‍ മറ്റൊന്ന് കൂടി പറഞ്ഞിരുന്നു. ശ്രീനഗറിലോ ബാരാമുല്ലയിലോ നിങ്ങള്‍ കാണുത് പോലെയല്ല പുല്‍വാമയിലെയും ഷോപ്പിയാനിലെയും സുരക്ഷാസേന.
ശ്രീനഗറിലുള്ളത് കശ്മിര്‍ പൊലിസും സി.ആര്‍.പി.എഫുമാണ്. ഇവിടെയുള്ളത് രാഷ്ട്രീയ റൈഫിള്‍സും. അവരുടെ പെരുമാറ്റം, ശരീരഭാഷ എല്ലാം വ്യത്യസ്തമാണ്. വഴിയില്‍ അവര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യും. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലെങ്കില്‍ നിങ്ങളെ പ്രശ്‌നത്തിലാക്കാന്‍ അതുമതി. തീവ്രവാദ സംഘടനകളുടെ കാര്യവും അത് തന്നെ.
ഷോപ്പിയാനിലെ ഒരു ആപ്പിള്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ ശംസ് വീണ്ടും പറഞ്ഞു. ഷോപ്പിയാനില്‍ ഇപ്പോഴുള്ള കശ്മിരിയല്ലാത്ത ഒരേ ഒരാളായിരിക്കും താങ്കള്‍.
കശ്മിരികളല്ലാത്തവരെല്ലാം ഒഴിഞ്ഞു പോകണമെന്ന് തീവ്രവാദ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആപ്പിള്‍ത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന നൂറുകണക്കിന് പേരാണ് ഒഴിഞ്ഞു പോയത്. കുല്‍ഗാമില്‍ ഒഴിഞ്ഞു പോകാന്‍ തയാറാകാതിരുന്ന നാലു മുര്‍ഷിദാബാദ് സ്വദേശികളായ തൊഴിലാളികളെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തു. കശ്മിരില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. 370ാം വകുപ്പ് റദ്ദാക്കുകയും ഇന്റര്‍നെറ്റോ പൂര്‍ണമായ ടെലഫോണ്‍ സൗകര്യങ്ങളോ ഇല്ലാത്ത ഉപരോധം 80 ദിവസം പിന്നിടുകയും ചെയ്ത ശേഷം കശ്മിരില്‍ വന്നിറങ്ങുമ്പോള്‍ അടഞ്ഞു കിടക്കുന്ന തെരുവുകളായിരുന്നു എതിരേറ്റത്.
പുലര്‍ച്ചെ റൊട്ടിയും പാലും വില്‍ക്കുന്ന കടകള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്ക് തുറക്കും. ആളുകള്‍ അവശ്യവസ്തുക്കള്‍ വാങ്ങിക്കഴിഞ്ഞാല്‍ വീണ്ടും അടച്ചിടും. മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ രണ്ടു മണിക്കൂര്‍ മാത്രം. പൊതുഗതാഗതം പൂര്‍ണമായുമില്ല. താഴ്‌വരയിലെ പരിമിതമായ ട്രെയിന്‍ സര്‍വിസും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ ഷെയര്‍ ടാക്‌സികള്‍ വല്ലപ്പോഴും സര്‍വിസ് നടത്തും. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബുല്‍വാഡില്‍ പോലും ഹോട്ടലുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുന്നു. പ്രധാന വാണിജ്യ കേന്ദ്രമായ ലാല്‍ചൗക്ക് പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. 370ാം വകുപ്പ് റദ്ദാക്കിയ ശേഷം സൈനിക ഉപരോധത്തിലായ കശ്മിരില്‍ കാര്യമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായില്ലെന്നത് ശരിതന്നെയാണ്. എന്നാല്‍ നിശബ്ദമായ പ്രതിഷേധത്തിലാണ് കശ്മിര്‍. ആളുകള്‍ പുറത്തിറങ്ങുന്നത് അത്യാവശ്യത്തിന് മാത്രം. കടകള്‍ തുറക്കില്ലെന്ന് അവരുടെ നിശ്ചയമാണ്. യൂറോപ്യന്‍ യൂനിയന്‍ എം.പിമാര്‍ കശ്മിര്‍ സന്ദര്‍ശിച്ച രണ്ടുനാള്‍ പൂര്‍ണമായും കശ്മിര്‍ നിശ്ചലമായിക്കിടന്നു. നേതാക്കളെല്ലാം ജയിലിലോ വീട്ടുതടങ്കലിലോ ആണ്. സമരത്തിനോ പ്രതിഷേധത്തിനോ ആഹ്വാനം ചെയ്യാന്‍ ആരുമില്ല.
ആരുടെയും ആഹ്വാനമില്ലാതെ തന്നെ ജനം പ്രതിഷേധിക്കുന്നതാണ് നിങ്ങള്‍ കാണുന്നതെന്ന് കശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കശ്മിര്‍ ലൈഫ് എഡിറ്ററുമായ മസൂദ് ഹുസൈന്‍ പറഞ്ഞു. നോക്കൂ. ഇത് ജനങ്ങളുടെ സ്വന്തം പ്രതിഷേധമാണ്. നേതാക്കളെല്ലാം ജയിലിലായിട്ട് മാസങ്ങളായി. ജനം അവരെക്കുറിച്ച് സംസാരിക്കുന്നുപോലുമില്ല. അവരുടെ തന്നെ അവസരവാദ രാഷ്ട്രീയത്തിന്റെ ഇരകളാണവര്‍. സ്വന്തം നേട്ടങ്ങള്‍ക്കായി ബി.ജെ.പിയെ പിന്തുണച്ചിരുന്ന സജ്ജാദ് ഗനി ലോണിനെപ്പോലുള്ളവര്‍ പോലും തടങ്കലിലുണ്ട്. മസൂദ് പറഞ്ഞു.
370ാം വകുപ്പ് പിന്‍വലിച്ച ഓഗസ്റ്റ് അഞ്ചിന്റെ തലേദിവസം രാത്രി. ഒറ്റ രാത്രി കൊണ്ട് 4000 പേരെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയോടെ ഫോണുകള്‍ നിശ്ചലമായി. ഇന്റര്‍നെറ്റുമില്ലാതായി.
ടെലിവിഷനുകളും നിലച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു. രാത്രി തന്നെ തെരുവുകളില്‍ സൈന്യം വന്ന് നിറഞ്ഞിരുന്നു. പുലര്‍ച്ചെ ആര്‍ക്കും പുറത്തിറങ്ങാനാവുമായിരുന്നില്ല. എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. തെരുവിലിറങ്ങിയ യുവാക്കളെ പൊലിസ് പിടിച്ചുകൊണ്ട് പോയി കരുതല്‍ തടങ്കലില്‍ വച്ചു. അതില്‍ കുട്ടികളുമുണ്ടായിരുന്നു. (തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."