കണ്ണൂര്‍ വിമാനത്താവളം: 53 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി മന്ദഗതിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുമ്പോഴും പദ്ധതിക്ക് വേണ്ടിയുള്ള 53 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടി മന്ദഗതിയില്‍. ഈ സ്ഥലത്ത് വീടുകള്‍ അറ്റകുറ്റപ്പണി നടത്താനോ കൃഷി ചെയ്യാനോ കഴിയാതെ ഭൂവുടമകള്‍ ആശങ്കയിലാണ്.
കൊതേരി, എളമ്പാറ ദേശങ്ങളിലെ സ്ഥലമാണ് ഏറ്റെടുക്കാന്‍ ബാക്കിയുള്ളത്. രേഖകള്‍ ഓഫിസില്‍ സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി വൈകുകയാണ്. മൂന്നാംഘട്ട സ്ഥലമെടുപ്പിന് 2009ലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കൊതേരി, എളമ്പാറ, വെള്ളിയാംപറമ്പ് ദേശങ്ങളിലെ 783 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം. ഇതില്‍ 142 ഏക്കര്‍ ഒഴികെയുള്ള സ്ഥലം ഏറ്റെടുത്തു.
വിജ്ഞാപന കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നടപടികള്‍ നിലച്ചിരുന്നു. 2014ലാണ് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചത്. പലതവണയായി 90 ഏക്കറോളം ഏറ്റെടുത്തെങ്കിലും ബാക്കിയുള്ള 53 ഏക്കറിന്റെ ഏറ്റെടുപ്പ് അനിശ്ചിതാവസ്ഥയിലാണ്.
രേഖകള്‍ സമര്‍പ്പിച്ചവരില്‍ സാങ്കേതിക പ്രശ്‌നമുള്ള രേഖകള്‍ തിരിച്ചുനല്‍കിയിരുന്നു. ബാക്കിയുള്ളവരുടെ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ പകരം ഭൂമി വാങ്ങാനുള്ള അവസരം നഷ്ടപ്പെടുകയാണെന്ന് ഭൂവുടമകള്‍ പറയുന്നു. കുടിയൊഴിയേണ്ടതിനാല്‍ മറ്റിടങ്ങളില്‍ വായ്പയെടുത്തും മറ്റും ഭൂമി വാങ്ങിയവര്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. ഇതിനിടെ പഴയ വിലയ്ക്ക് ഭൂമി നല്‍കാന്‍ തയാറായാല്‍ വേഗത്തില്‍ സ്ഥലമെടുക്കുമെന്ന് കാണിച്ച് അധികൃതര്‍ ഭൂവുടമകള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ലൈറ്റ് അപ്രോച്ച് സ്ഥാപിക്കാനായി പാറാപ്പൊയിലില്‍ സെന്റിന് 8.8 ലക്ഷം രൂപ പ്രകാരം നഷ്ടപരിഹാരം നല്‍കി സ്ഥലമെടുപ്പ് അതിവേഗം നടത്തുകയും ചെയ്തിട്ടുണ്ട്. കൊതേരി ദേശത്ത് സെന്റിന് 95000 രൂപ മുതല്‍ 1.13ലക്ഷം രൂപ വരെയാണ് കണക്കാക്കിയത്. വിമാനത്താവളത്തിന് അടിയന്തരമായി ആവശ്യമില്ലാത്തതിനാലാണ് സ്ഥലമെടുപ്പ് വൈകിപ്പിക്കുന്നതെന്ന് ഭൂവുടമകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."