പ്രതി വസീമിന്റെ സഹോദരന് അറസ്റ്റില്‍
കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്
വസീമിനും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കും വേണ്ടി തിരച്ചില്‍ ഊര്‍ജിതം
സ്വന്തം ലേഖകന്‍
തൊടുപുഴ: ശാന്തമ്പാറ കഴുതക്കുളംമേട്ടില്‍ റിസോര്‍ട്ട് ജീവനക്കാരന് റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ മുഖ്യപ്രതി വസീമിന്റെ സഹോദരന് ഫഹദ് (27) അറസ്റ്റിലായി. കൊലപ്പെടുത്തുമ്പോള്‍ റിജോഷ് അബോധാവസ്ഥയിലായിരുന്നെന്നും കണ്ടെത്തി. മുഖ്യപ്രതി വസീമിനും റിജോഷിന്റെ ഭാര്യ ലിജിക്കും വേണ്ടിയുള്ള തിരച്ചില്‍ ശാന്തമ്പാറ പൊലിസ് ഊര്‍ജിതമാക്കി.
റിജോഷിനെ കൊലപ്പെടുത്തി റിസോര്‍ട്ടിന് സമീപം കുഴിച്ചുമൂടുകയായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ പരുക്കുകളോ ഇല്ലെന്നും മൃതശരീരത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. റിജോഷിന് മദ്യമോ ഉറക്കുഗുളികയോ നല്കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാകാം കൊലപാതകം നടത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഫഹദിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തുകയായിരുന്നു. പൊലിസിനെ തെറ്റിദ്ധരിപ്പിച്ചു, അന്വേഷണം വഴിതിരിച്ചുവിട്ടു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേയുള്ളത്.
കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് ശേഷവും തൃശൂരില്‍നിന്ന് റിജോഷ് തന്നെ വിളിച്ചിരുന്നതായി ലിജി പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പര്‍ പൊലിസിന് നല്‍കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരന് ഫഹദാണെന്നും കണ്ടെത്തി. തന്റെ ഫോണില്‍നിന്ന് റിജോഷ് വീട്ടിലേക്ക് വിളിച്ചിരുന്നതായി മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് ഇയാള്‍ പൊലിസിനോട് പറയുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി വസീമിനും റിജോഷിന്റെ ഭാര്യ ലിജിക്കും വേണ്ടിയുള്ള തിരച്ചില്‍ പൊലിസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."