ജില്ലാ ജയില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും; ആദ്യഘട്ടത്തില്‍ 20 തടവുകാര്‍
തൊടുപുഴ: മുട്ടം ജില്ലാ ജയില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. രാവിലെ 11ന് ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തിലാണ് പുതിയ ജയിലിന്റെ പ്രവര്‍ത്തനമാരംഭിക്കുക. രണ്ടു വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തിയെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാത്തിനാല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.
225 പുരുഷന്മാരെയും 35 വനിതകളെയും പാര്‍പ്പിക്കാന്‍ സ്ഥലസൗകര്യം ഉണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 20 തടവുകാരെയാണ് പാര്‍പ്പിക്കുന്നത്. പിന്നീട് ദേവികുളം, പീരുമേട്, ഇടുക്കി സബ് ജയിലുകളില്‍ നിന്നുള്ള അധിക തടവുകാരെ ഘട്ടം ഘട്ടമായി ഇവിടേക്കു മറ്റും. ജീവനക്കാരുടെ ക്വാട്ടേഴ്‌സിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ജയില്‍ പ്രവര്‍ത്തനം തുടങ്ങാതിരുന്നത് സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. മുവാറ്റുപുഴയിലും ഇടുക്കി ജില്ലയുടെ വിവിധ ജയിലുകളിലുമുള്ള തടവുകാരെ ജില്ലാ കോടതിയില്‍ വിചാരണക്ക് കൊണ്ടുവരുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇതുകൂടാതെ ഇത്രയും ദൂരം യാത്ര ചെയ്ത് തടവുകാരെ കോടതിയില്‍ കൊണ്ടുവന്ന് തിരികെ കൊണ്ടുപോകുന്നത് പൊലിസുകാര്‍ക്ക് ഏറെ ദുഷ്‌കരവുമായിരുന്നു. ജില്ലയിലെ വിവിധ ജയിലുകളില്‍ നിന്നുള്ള പ്രതികളെ ജില്ലാ കോടതിയിലേക്കു കൊണ്ടുവരുന്നവഴി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്.
മുട്ടത്ത് കോടതി സമുച്ചയത്തിനടുത്ത് ജില്ലാ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും. ജയിലും കോടതിയുമായുള്ള അകലം 100 മീറ്റര്‍ മാത്രമാണ്. 29 ജീവനക്കാരുടെ തസ്തിക സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
സൂപ്രണ്ട് ഉള്‍പ്പെടെ വിവിധ ജയിലുകളില്‍ നിന്നുള്ള 20 പേര്‍ ഇവിടെ ചുമതലയേറ്റു. ജയിലിന്റെ ആവശ്യത്തിലേക്ക് മാത്രമായി കെ.എസ്.ഇ.ബി പുതിയ ട്രാന്‍സ്‌ഫോമറും സ്ഥാപിച്ചു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തിന് പുറമെ മാത്തപ്പാറയില്‍ കിണര്‍ കുഴിച്ച് മലങ്കര ഡാമില്‍നിന്ന് വെള്ളം സംഭരിച്ച് ജയിലില്‍ എത്തിക്കുന്നതിനുള്ള പ്രവൃത്തികളും പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."