കാണിപ്പയൂരില്‍ രണ്ടുവീടുകളില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
കുന്നംകുളം: കാണിപ്പയ്യൂര്‍ പാല് സൊസൈറ്റിക്ക് സമീപം അടച്ചിട്ട വീടുകളില്‍ മോഷണം.
സ്വര്‍ണവും പണവും അപൂര്‍വ്വ നാണയശേഖരവും നഷ്ടപ്പെട്ടു. പ്രവാസിയായ മടിശ്ശേരി രാജന്, കുന്നംകുളം ബോയ്സ് സ്കൂള്‍ പ്രധാനധ്യാപിക ആശാടീച്ചര് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഇരുവീടുകളും കുറച്ച് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. വിദേശത്തുള്ള രാജന്റെ കുടുംബം തൃശൂര്‍ പാടൂക്കരയുള്ള ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞ നാലുദിവസം.
ഇന്നലെ അയല്‍വാസികള്‍ വീടിന്റെ ജനല്‍ തുറന്ന് കിടക്കുന്നത് കണ്ട് ഇവരെ ഫോണില്‍ വിളിച്ചന്വേഷിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇവിടെ എത്തിയത്. വീടിന്റെ മുന്‍ വാതില്‍ കട്ടിളയോട് ചേര്‍ന്ന് തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് കരുതുന്നത്. ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും 25000 രൂപയോളവും ഇലക്ട്രോണിക്ക് ഉപകരണങ്ങളും നഷ്ടപെട്ടതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ 15 വര്‍ഷമായി നാണയശേഖരമുള്ള ഇവരുടെ പക്കല്‍ ലോകത്തിലെ അത്യപൂര്‍വ്വ നാണയശേഖരമുണ്ടായിരുന്നതായും ഇവ പൂര്‍ണമായും നഷ്ടപെട്ടതായും പറയുന്നു.
കുന്നകുളം പൊലിസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇവിടെ മോഷണം നടന്നുവെന്നറിഞ്ഞതോടെയാണ് പരിസരത്തുള്ള വീട്ടുടമയും ഇവിടെയെത്തിയത്. ബോയ്സ് സ്കൂള്‍ അധ്യാപികയുടെ സഹോദരന് സജിത്ത് കുമാറാണ് ഇവിടെ താമസിച്ചിരുന്നത്.
ഒരാഴ്ചയായി ഇവരും ഇവിടെ ഉണ്ടായിരുന്നില്ല. ഇവരുടെ വീടും സമാന രീതിയില്‍ തന്നെയാണ് വാതില്‍ പൊളിച്ചിരിക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കമ്മലുകള്‍ നഷ്ടപെട്ടതായി പരാതിയില്‍ പറയുന്നു. മോഷണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."