ഖുദ്‌സില്‍ വീണ്ടുമുയരുന്ന വെടിയൊച്ചകള്‍
വീണ്ടും മസ്ജിദുല്‍ അഖ്‌സയും ഫലസ്തീനും വാര്‍ത്തകളില്‍ നിറയുന്നു. ജോര്‍ദാന്റെ മേല്‍നോട്ടത്തില്‍ അഖ്‌സാ പള്ളി പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. കഴിഞ്ഞ പതിനാലിന് അല്‍ അഖ്‌സ പള്ളിയുടെ ഗേറ്റിന് പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലിസുകാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നിസ്‌കാരത്തിന് പോലും അനുമതി നല്‍കാതെ പള്ളി അടച്ചിടുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നപ്പോള്‍ കനത്ത നിയന്ത്രണവും ഇലക്ട്രോണിക് ഗേറ്റ് അടക്കമുള്ള സുരക്ഷാകവചങ്ങളും. അമ്പത് വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രാര്‍ഥനക്ക് പള്ളിയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
പ്രദേശികളായ വിശ്വാസികള്‍ പ്രകോപിതരായപ്പോള്‍ ബുള്ളറ്റുകളുപയോഗിച്ചാണ് സൈന്യം അവരെ നേരിട്ടത്. തുടര്‍ന്നാണ് വിശ്വാസികളുടെ നേതൃത്വത്തില്‍ റാലികളും പ്രക്ഷോഭങ്ങളുമായി സമരം രൂക്ഷമായത്. വെള്ളിയാഴ്ച ജുമുഅക്കെത്തിയ വിശ്വാസികളും സുരക്ഷാജീവനക്കാരും കടുത്ത വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. അഖ്‌സയില്‍ ഇസ്‌റാഈല്‍ സംവിധാനിച്ച സുരക്ഷ സംവിധാനങ്ങളോട് വിമര്‍ശനം ശക്തമാക്കുകയും ജോര്‍ദാന്‍ ഇസ്‌റാഈലിനെതിരേ രംഗത്ത് വരികയും ചെയ്തതോടെ താല്‍ക്കാലികമായി പിന്തിരിഞ്ഞിട്ടുണ്ട്. എങ്കിലും വെടിയൊച്ച നിലക്കാത്ത ഫലസ്തീനിന്റെ മണ്ണില്‍ ഇതിനധികം ആയുസില്ലെന്ന് സര്‍വര്‍ക്കുമറിയാം.
ഈ മാസം 14ന് അഖ്‌സ പള്ളിയുടെ ലയണ്‍ ഗേറ്റിനു സമീപം നടന്ന വെടിവയ്പിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. വെടിവയ്പില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ഥന അനുവദിക്കാതെ ഇസ്‌റാഈല്‍ മസ്ജിദുല്‍ അഖ്‌സ അടച്ചുപൂട്ടി. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഞായറാഴ്ച പള്ളി തുറന്നുകൊടുത്തെങ്കിലും പള്ളിക്ക് പുറത്ത് മെറ്റല്‍ ഡിറ്റക്ടറും സുരക്ഷാ കാമറയും സ്ഥാപിച്ചു. ഇതാണ് രക്തച്ചൊരിച്ചിലിലേക്ക് നയിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ നീക്കാതെ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് വിശ്വാസികള്‍ നിലപാടെടുത്തു. തുടര്‍ന്ന് നിയന്ത്രണം കുറയ്ക്കാമെന്നും പൂര്‍ണമായി നീക്കില്ലെന്നും ഇസ്‌റാഈല്‍ പറഞ്ഞു. ഇതിനിടെ ജോര്‍ദാനിലെ ഇസ്‌റാഈല്‍ എംബസിയില്‍ രണ്ട് സ്വദേശി പൗരന്മാരെ ഇസ്‌റാഈല്‍ സൈനികന്‍ വെടിവച്ചുകൊന്ന സംഭവമുണ്ടായി. തുടര്‍ന്ന് ഇസ്‌റാഈല്‍ എംബസി ജീവനക്കാരെ ജോര്‍ദാന്‍ സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് മുന്‍ മൊസാദ് മേധാവി അമ്മാനിലെത്തി നടത്തിയ ചര്‍ച്ചയില്‍ അഖ്‌സ പള്ളിക്കു പുറത്തുള്ള നിയന്ത്രണം നീക്കുമെന്ന് ഉറപ്പുകൊടുത്തിരുന്നു. പകരം ഇസ്‌റാഈല്‍ എംബസി ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ജോര്‍ദാനും തയാറായി. രണ്ട് പേരെ വധിച്ച ഇസ്‌റാഈലി സൈനികനെ രാജ്യം വിടാന്‍ അനുവദിച്ച നടപടിക്കെതിരേ ജോര്‍ദാന്‍ ഭരണകൂടത്തിനെതിരേ രോഷം ഉയരുകയാണ്.
ജറൂസലേം ഇസ്‌റാഈല്‍ കീഴടക്കിയതിന് ശേഷം നിലവില്‍ വന്ന സ്റ്റാറ്റസ് കോ പ്രകാരം പരിശുദ്ധ ഗേഹത്തിന്റെ സംരക്ഷണം ജോര്‍ദാന്‍ വഖ്ഫ് ബോര്‍ഡിനായിരുന്നു. മുസ്‌ലിംകള്‍ക്ക് ആരാധന ചെയ്യാമെന്നതിന് പുറമേ മറ്റു മതക്കാര്‍ക്ക് കൂടി അവിടെ കാണാനും ആസ്വദിക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍, ഇസ്‌ലാമേതര മതങ്ങളുടെ ആരാധനകളും ആചാരങ്ങളും അവിടെ നടത്തുന്നത് ഒരിക്കലും അനുവദിച്ചിരുന്നില്ല.
1994ല്‍ നടന്ന സമാധാന കരാറില്‍ ഇസ്‌റാഈല്‍ മസ്ജിദുല്‍ അഖ്‌സാ വിഷയത്തില്‍ ജോര്‍ദാനെ അംഗീകരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, ജറൂസലേമിലെ ആരാധനാലയങ്ങള്‍ക്ക് മേലുള്ള ജോര്‍ദാന്റെ രാഷ്ട്രീയ മതകീയ അധികാരങ്ങള്‍ക്ക് മേല്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തുകയുണ്ടായി.
ഖുദ്‌സും ഇസ്‌ലാമിക നാഗരികതയും
ലോകത്തിലെ ഏറ്റവും പുരാതന പട്ടണങ്ങളിലൊന്നാണ് ഖുദ്‌സ്. ചരിത്രങ്ങളും നാഗരികതകളും ഒരുപാട് കണ്ട മണ്ണാണ് ഫലസ്തീന്‍. മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയും രണ്ടാമത്തെ മസ്ജിദുമായ മസ്ജിദുല്‍ അഖ്‌സയുടെ സാന്നിധ്യം സമ്പന്നമാക്കിയ ഭൂമിക. ഈ വിശുദ്ധ ദേശവും നമ്മളും തമ്മിലുള്ള ബന്ധം നിരന്തരം ഓര്‍മിപ്പിക്കാനും ഉണര്‍ത്താനുമാണ് അവിടുത്തെ അത്തിപ്പഴവും ഒലീവും മക്കയും പറഞ്ഞ് അല്ലാഹു സത്യം ചെയ്തത് 'അത്തിയും ഒലീവും സാക്ഷി, സീനാ മല സാക്ഷി, നിര്‍ഭയമായ ഈ മക്കാ നഗരവും സാക്ഷി.' (സൂറത്തുത്തീന്‍ 13) ഇന്ന് ലോകത്തിലെ ഏറ്റവും കലുഷമായ മണ്ണാണ് ഫലസ്തീന്റേതെങ്കില്‍ സംവല്‍സരങ്ങള്‍ക്കപ്പുറം സംസ്‌കാരവും നാഗരികതയും വിദ്യയും അവിടെ വസന്തങ്ങള്‍ തീര്‍ത്തിരുന്നു.
ലോകരിലെ ഏറ്റവും മഹോന്നതരായ നിഷ്‌കളങ്കരുടെ ജീവിതങ്ങളാണ് ഫലസ്തീന്റെ മണ്ണിനെ പാവനമാക്കിയത്. ഇബ്‌റാഹീം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ), യൂസുഫ്(അ), ശുഐബ്(അ), ലൂഥ്(അ), യൂഷഅ്(അ), ദാവൂദ്(അ), സുലൈമാന്‍(അ), സകരിയ്യ(അ), യഹ്‌യ(അ) തുടങ്ങിയ പ്രവാചകന്‍മാരുടെയൊക്കെ പ്രബോധന മേഖലകളില്‍ ഫലസ്തീനുമുണ്ടായിരുന്നു. ഇവരില്‍ ആദ്യത്തെ അഞ്ചുപേര്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഈ മണ്ണിനു താഴെയാണ്.
ഈ കോംപൗണ്ടിനുള്ളിലെ ഓരോ തരി മണ്ണും മഹത്തുക്കളുടെ പാദസ്പര്‍ശത്താല്‍ വിശുദ്ധമാണ്. പ്രപഞ്ചനാഥന്റെ സത്യം ലോകത്തോട് വിളിച്ചുപറയാന്‍ നിയുക്തരായ നിരവധി പേര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്.
സംഘര്‍ഷമാണ് ജൂത ലക്ഷ്യം
ഫലസ്തീനെ പകുത്ത്, അറബികള്‍ക്ക് നടുവില്‍ ജൂതരാഷ്ട്രം നട്ടപ്പോള്‍ ബുദ്ധിയുള്ള മുഴുവന്‍ പേരും ഉന്നയിച്ച ആശങ്ക ഈ വിശുദ്ധ ഭൂമിയെക്കുറിച്ചായിരുന്നു. 1948ല്‍ ഇസ്‌റാഈല്‍ പിറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ ഇറക്കിയ പ്രമേയത്തില്‍ ഇങ്ങനെ വായിക്കാം: 'വിശുദ്ധ പ്രദേശങ്ങളും കെട്ടിടങ്ങളും അതേപടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവിടേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശിക്കാനും ആരാധനാ കര്‍മങ്ങള്‍ നടത്താനും എല്ലാ സൗകര്യവും ഒരുക്കണം. നിലവിലുള്ളതും ചരിത്രപരമായി തുടര്‍ന്നു വരുന്നതുമായ ചട്ടങ്ങളിലും വിധിവിലക്കുകളിലും ഒരു മാറ്റവും പാടില്ല'.
ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജൂത സംഘങ്ങള്‍ അല്‍ അഖ്‌സക്കു ചുറ്റും തമ്പടിക്കുന്നത്. മുസ്‌ലിംകളുടെ വാഹനങ്ങള്‍ തടയുക, റോഡുകള്‍ അടയ്ക്കുക, പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷത്തിന് വഴി മരുന്നിടുക. ഇതാണ് തന്ത്രം.
മസ്ജിദുല്‍ അഖ്‌സയുടെ വാതിലുകളില്‍ പലതും വളരെ മുമ്പുതന്നെ അടഞ്ഞു കിടക്കുന്നതാണ്. ഒരിക്കലും തുറക്കപ്പെടാറില്ല. ചില വാതിലുകള്‍ കഴിഞ്ഞ ജൂലൈ 14 ന് സയണിസറ്റ് അധിനിവേശക്കാര്‍ നിര്‍ബന്ധപൂര്‍വം അടച്ചിട്ടു. ബാക്കിയുള്ള വാതിലുകള്‍ക്കു മുമ്പില്‍ ജൂലൈ 16 മുതല്‍ ഇസ്‌റാഈല്‍ പട്ടാളം ഇലക്ട്രോണിക് മെഷീനുകള്‍ ഘടിപ്പിച്ച വാതിലുകള്‍ ഫിറ്റ് ചെയ്ത് പള്ളിയിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ സെക്യൂരിറ്റികളെ നിയമിച്ചിരിക്കയാണ്.
ജൂത കുടിയേറ്റക്കാര്‍ ഇവിടെ കൂട്ടം കൂട്ടമായി എത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും തുടരുന്നു. ആയിരക്കണക്കിന് പൊലിസുകാരെ പുതുതായി നിയോഗിച്ചു. ബൈത്തുല്‍ മുഖദ്ദസിന് ചുറ്റും സ്‌ഫോടനാത്മകമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ഇസ്‌റാഈല്‍ വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.
സംഘര്‍ഷത്തിന്റെ പേരില്‍ മേഖലയില്‍ കൂടുതല്‍ ചെക് പോയിന്റുകള്‍ സ്ഥാപിക്കുക. അതുവഴി കൂടുതല്‍ മേഖലകളിലേക്ക് ജൂത അധിനിവേശം വ്യാപിപ്പിക്കുക. അല്‍ അഖ്‌സ പള്ളി സമുച്ചയം വിഭജിക്കുക. അല്‍ അഖ്‌സ കോംപൗണ്ടില്‍ ഒരു സിനഗോഗ് പണിയുക തുടങ്ങിയവയാണ് ജൂത ലക്ഷ്യങ്ങള്‍. അതിന് തടസ്സമാകുന്ന നാഗരികതയെ തകര്‍ക്കാനും ചരിത്രത്തെ വികല വല്‍കരിക്കാനും ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഖുബ്ബത്തുസ്സഖ്‌റയെ ബൈതുല്‍ മുഖദ്ദസാക്കി പ്രചാരണം നടത്തുന്ന നീക്കങ്ങളും ഇതിന്റെ ഭാഗം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."