ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കണം: ഗവര്‍ണര്‍
ആലപ്പുഴ: കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന പൗരന്റെ അവകാശങ്ങളെകുറിച്ചും കടമകളെക്കുറിച്ചും ബോധവാന്മാരാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശതാബ്ദി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ ശതാബ്ദി ആഘോഷിക്കുന്ന ദിവസത്തിന്റെ പ്രത്യേകത എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രസംഗം.ഭരണഘടനാ ദിവസമാണ് നവംബര്‍ 26. 1949 നവംബര്‍ 26നാണ് ഡോ.അംബേദ്കറുടെ നേതൃത്വത്തില്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഭരണഘടനക്ക് അന്തിമരൂപം നല്‍കിയത്.
ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കേണ്ടത് പൗരന്റെ കടമയാണ്.
ഭരണഘടനാ സ്ഥാപനങ്ങളെന്നാല്‍ സുപ്രീംകോടതി, ഹൈക്കോടതി, തിരഞ്ഞെടുപ്പ് കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവയെല്ലാം വരും.
'നിങ്ങള്‍ക്ക് സ്വതന്ത്രമായിരുന്ന് എന്നെ കേള്‍ക്കാനും എനിക്ക് ഇവടെ നിന്ന് പ്രസംഗിക്കാനും കഴിയുന്നത് ഈ ഭരണഘടന അത് അനുവദിക്കുന്നത് കൊണ്ടാണ്.
സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കാനും രാജ്ഭവന് മുന്നിലെത്തി വികാരങ്ങള്‍ കേന്ദ്രത്തിന് കൈമാറാനും കഴിയുന്നതും ഭരണഘടന അനുവദിക്കുന്നത് മൂലമാണ് -ഗവര്‍ണര്‍ പറഞ്ഞു. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, ആറുമുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക തുടങ്ങി പൗരന്റെ കടമകള്‍ എല്ലാം അദ്ദേഹം യോഗത്തില്‍ എടുത്തു പറഞ്ഞു.
യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ അധ്യക്ഷനായി.
ജേക്കബ് തമ്പാന്‍ ഗവര്‍ണര്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ടി.കെ. ദേവകുമാര്‍, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ്, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളില്‍, ഗ്രാമപഞ്ചായത്തംഗം കെ. ഷീല, സ്‌കൂള്‍ പ്രധമാധ്യാപിക ഷാല്‍ബി വര്‍ഗ്ഗീസ്, പി.റ്റി.എ. പ്രസിഡന്റ് ആര്‍. വിനോദ് സംസാരിച്ചു.
കഠിനാധ്വാനത്തിലൂടെ ഉന്നതങ്ങളിലെത്താം
ആലപ്പുഴ: 'ഞാന്‍ വന്നത് ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ്. പലക ബഞ്ചാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്.
അവിടെനിന്ന് സര്‍ക്കാര്‍ മദ്രാസ് ലോ കോളജില്‍ തുടര്‍പഠനം. 45 വയസില്‍ മദ്രാസ് ഹൈക്കോടതിയിലേക്ക് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. വടക്കേ ഇന്ത്യക്കാര്‍ക്കു മാത്രമായിരുന്നു അക്കാലത്ത് ഈ പ്രായത്തില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി. ഇത് ഞാന്‍ പറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗവണ്‍മെന്റ് സ്‌കൂള്‍, കോളജുകളില്‍ പഠിച്ച എനിക്ക് ഇത് സാധ്യമാണെങ്കില്‍ കഠിനാധ്വാനത്തിലൂടെ ഏത് സ്ഥാനം വരെയും നിങ്ങള്‍ക്ക് എത്താം എന്ന് സൂചിപ്പിക്കാനാണ്' ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.
കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശതാബ്ദി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സുപ്രീംകോടതി വിധി സംബന്ധിച്ച് അറിയുന്ന നിങ്ങള്‍ക്ക് സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്റെയും പ്രാധാന്യവും സ്ഥാനവും അറിയാമായിരിക്കുമല്ലോ. സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനിലേക്ക് പോകുമ്പോള്‍ എന്റെ വീടും കൃഷിസ്ഥലവും ഒക്കെയായിരുന്നു മനസ്സിലൂടെ കടന്നുപോയത്.
ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പിന്നീട് സന്ദര്‍ശിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ മൂല്യം നമ്മള്‍ നേടിയ ജീവിതമൂല്യങ്ങളും കൂടി ഉള്‍പ്പെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."