മരട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കല്‍ ജനുവരി 11,12 തിയതികളില്‍
സ്വന്തം ലേഖിക
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ജനുവരി 11,12 തിയതികളില്‍ പൂര്‍ണമായും പൊളിച്ചുമാറ്റുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇതുസംബന്ധിച്ച് എറണാകുളം കെ.എം.ആര്‍.എല്‍ ഓഫിസില്‍ നടന്ന സാങ്കേതിക വിദഗ്ധരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. 11ന് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫാ സെറീന്‍ എന്നിവയും 12ന് ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയുമായിരിക്കും പൊളിച്ചുമാറ്റുക. ജനുവരി ഒന്‍പതിനു മുന്‍പ് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുമെന്നാണ് സുപ്രിംകോടതിയെ അറിയിച്ചതെങ്കിലും ചില സാങ്കേതിക കാരണങ്ങളാണ് പൊളിക്കല്‍ നീണ്ടുപോകാന്‍ കാരണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പരിസരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാതരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചുകൊണ്ട് നിയന്ത്രിത സ്‌ഫോടനത്തിലൂടെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക. 200മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍,വ്യാപാരസ്ഥാപനങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കും. പരിസരത്തെ കെട്ടിടങ്ങള്‍ക്ക് കേടുപറ്റാതിരിക്കാന്‍ സുരക്ഷാക്രമീകരണങ്ങളും നടത്തും. പരിസരവാസികളുടെ ആശങ്ക അകറ്റാന്‍ പ്രത്യേക യോഗം വിളിക്കും. കമ്മിഷണറുടെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണത്തിനുള്ള പദ്ധതിയും ആവിഷ്‌കരിക്കും.
മൂന്ന് മണിക്കൂറിന്റെ ഇടവേളയ്ക്കുശേഷമായിരിക്കും നിശ്ചയിച്ചിരിക്കുന്ന രണ്ട് ദിവസങ്ങളിലും കെട്ടിടങ്ങള്‍ പൊളിക്കുക. സ്‌ഫോട വസ്തുക്കള്‍ സ്ഥാപിക്കാന്‍ കെട്ടിടങ്ങളില്‍ ദ്വാരമിടുന്ന നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും എത്രത്തോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗപ്പെടുത്തണമെന്നതിനെപ്പറ്റി വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും. എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ്, മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ചുമതല വഹിക്കുന്ന സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍, കൊച്ചി കമ്മിഷണര്‍ വിജയ് സാഖറെ, ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ സാങ്കേതിക വിദഗ്ധന്‍ എസ്.ബി സര്‍വാതെ, പൊളിക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."