വെള്ളം വറ്റിക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല; 200 ഏക്കറില്‍ കൃഷിയിറക്കല്‍ പ്രതിസന്ധിയില്‍
അന്തിക്കാട്: എറവ് കൊടയാട്ടി കോള്‍ പടവിലെ 200 ഏക്കറില്‍ കൃഷിയിറക്കല്‍ വൈകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പാടത്ത് കെട്ടി നില്ക്കുന്ന വെള്ളം വറ്റിക്കാനുള്ള പടവ് കമ്മിറ്റിയുടെ ശ്രമം ഒരു മാസം കഴിഞ്ഞിട്ടും എങ്ങുമെത്താത്തതാണ് കാരണം. സമീപ പടവുകളിലെല്ലാം കൃഷിയിറക്കല്‍ ആരംഭിച്ചിട്ടും കൊടയാട്ടി പടവില്‍ വെള്ളം വറ്റിക്കല്‍ പോലും നടക്കാത്തതില്‍ കര്‍ഷകര്‍ക്ക് ശക്തിയായ പ്രതിഷേധമുണ്ട്. ഗെയ്ല് പൈപ്പുകള്‍ സ്ഥാപിക്കാനായി കൊണ്ടുവന്ന യന്ത്രങ്ങള്‍ പടവില്‍ കുടുങ്ങിക്കിടക്കുന്നതുമൂലം ഇവിടെ 16 ഏക്കറില്‍ തിരശിച്ചിട്ടിരിക്കുകയാണ്. അതിനു പുറമെയാണ് വെള്ളം വറ്റിക്കാന്‍ കഴിയാത്ത പ്രശ്നവും ഉടലെടുത്തത്. നിലം ഉഴുതുമറിക്കുന്നതിന് പടവു കമ്മിറ്റി ഏല്‍പ്പിച്ച കരാറുകാരന് മുന്‍പരിചയം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. വെള്ളം വറ്റിയ പാടത്തും പ്രവൃര്‍ത്തികള്‍ ഇഴഞ്ഞു നീങ്ങുന്നതും കര്‍ഷകര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഒരു മാസം കഴിഞ്ഞിട്ടും വെള്ളം വറ്റിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
പടവ് കമ്മിറ്റിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പടവില്‍ ഉടന്‍ കൃഷിയിറക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."