ഷെയ്ന്‍ മാത്രമല്ല, പല യുവതാരങ്ങളും സ്വബോധത്തിലല്ല കാര്യങ്ങള്‍ ചെയ്യുന്നത്, സിനിമ ചിത്രീകരണ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തണമെന്ന് നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: മലയാള സിനിമയിലെ പുതുതലമുറ താരങ്ങളിലെ ലഹരി ഉപയോഗം സംബന്ധിച്ച അന്വേഷണത്തിനായി ചിത്രീകരണ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നടന്‍ ഷെയ്ന്‍ നിഗമിനെതിരേയുള്ള നടപടി അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ലഹരിവസ്തുക്കള്‍ പലപ്പോഴും ചിത്രീകരണ സ്ഥലത്തേക്ക് എത്തുന്നുവെന്ന് പരാതിയുണ്ട്. അത് ശരിയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. ചില നടന്മാര്‍ കാരവാനില്‍ നിന്ന് ഇറങ്ങാറില്ല. എല്ലാ കാരവാനുകളും വിശദമായി പരിശോധിക്കണം. അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപകമായിട്ടുണ്ട്. ഇപ്പോള്‍ ആരുടെയും പേരെടുത്ത് ആരോപണം ഉന്നയിക്കാനില്ല. എന്നാല്‍ കൃത്യമായ അന്വേഷണം ഇതുസംബന്ധിച്ച് നടത്തണം. ഷെയ്ന്‍ മാത്രമല്ല, പലരും സ്വബോധത്തിലല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ ലൊക്കേഷനുകളില്‍ വിശദമായ പൊലിസ് പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേ സമയം യുവനടന്‍ ഷെയ്ന്‍ നിഗമിന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനാണ് തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നല്‍കാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."