യാത്രക്കിടെ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടിട്ടും എയര്‍ ഇന്ത്യാ അധികൃതര്‍ സഹായിച്ചില്ലെന്ന് പരാതി
തൃശൂര്‍: ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ പണവും വിലയേറിയ രേഖകളും അടങ്ങിയ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടിട്ടും എയര്‍ഇന്ത്യ അധികൃതര്‍ സഹായിച്ചില്ലെന്ന് പരാതി. വടൂക്കര സ്വദേശിയായ അബുല്‍ അഫ്‌സലാണ് വാര്‍ത്താസമ്മേളനത്തില്‍ പരാതി ഉന്നയിച്ചത്. ഒന്നേകാല്‍ ലക്ഷത്തോളം രൂപയും സ്വര്‍ണമാലകളും മൊബൈല്‍ ഫോണും ചെക്ക് ബുക്കും എ.ടി.എം കാര്‍ഡും തൊഴില്‍ സംബന്ധമായ വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയായിരുന്നു. നവംബര്‍ 29ന് ഉച്ചക്ക് 1.30ന് ദുബൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ സ്വന്തം സീറ്റിനടുത്ത് ലഗേജ് വെക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കാബിന്‍ ക്രൂ തന്നെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി വെക്കുകയായിരുന്നു. സീറ്റിനടുത്ത് വെക്കാമെന്ന അബുല്‍ അഫ്‌സലിന്റെ അപേക്ഷ അംഗീകരിക്കാതെയായിരുന്നു ഇത്. 6.50ന് കൊച്ചിയില്‍ എത്തിയപ്പോള്‍ ബാഗ് കണ്ടില്ല. കാബിന്‍ ക്രൂവിനോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാതിരുന്നതോടെ വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് വാശിപിടിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നു. അബുല്‍ അഫ്‌സലിന് മുന്‍പ് വിമാനത്തില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരെ ബ്ലോക്ക് ചെയ്യുകയോ സിസി.ടിവി കാമറ പരിശോധിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ബാഗ് ലഭിക്കുമായിരുന്നു എന്നും അതിന് അധികൃതര്‍ തയാറായില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ പരാതി. ഇതിന് പകരം കണ്‍വെയര്‍ ബെല്‍റ്റിന് സമീപം പോയിനിന്ന് സ്വയം പരിശോധിക്കാനായിരുന്നു അബുല്‍ അഫ്‌സലിന് ലഭിച്ച നിര്‍ദേശം. സഹായത്തിന് വേണ്ടി സമീപിച്ചവരെല്ലാം മോശമായി പെരുമാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാഗ് അന്വേഷിച്ച് നാല് മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ ചെലവഴിച്ചെങ്കിലും എയര്‍ ഇന്ത്യയോ ഹെല്‍പ് ഡെസ്‌ക്കോ സഹായിച്ചില്ല. ടെര്‍മിനല്‍ മാനേജര്‍, നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയൊരു പ്രവാസിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അബുല്‍ അഫ്‌സലും ഭാര്യയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."