മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ കേരളത്തെ പിറകോട്ട് നടത്തുന്നത്: എം.ജി രാധാകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ കേരളത്തെ പിറകോട്ട് നടത്താനുദ്ദേശിച്ചുള്ളതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.ജി രാധാകൃഷ്ണന്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തന്നെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന നടപടികള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ സൗഹാര്‍ദപരമല്ലാത്ത സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും എം.ജി രാധാകൃഷ്ണന് പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. നാരായണന്, അഡ്വ. പ്രതാപചന്ദ്രന്, മുന്‍ പ്രസിഡന്റ് ബോബി എബ്രഹാം, സംസ്ഥാന സെക്രട്ടറി ഷാലുമാത്യു, എ. സുകുമാരന്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്, അഷ്റഫ് വട്ടപ്പാറ, സി. വിമല്‍കുമാര്‍, എസ്. ബിജു സംസാരിച്ചു. പാളയം സ്വദേശാഭിമാനി സ്മാരകത്തില്‍ നിന്ന് പ്രകടനമായാണ് മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് നടയിലേക്ക് എത്തിയത്. സര്‍ക്കുലര്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."