വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ.
സെറ്റുകളില്‍ പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന മന്ത്രി എ.കെ ബാലന്റെ നിലപാട് വിവരക്കേടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരി ഇടപാട് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസില്‍ വധശിക്ഷപോലും ലഭിക്കാം. ഇക്കാര്യത്തില്‍ പൊലിസിന് മന്ത്രി ഉള്‍പ്പെടെ ആരുടെയും അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് ഇടപാടുകള്‍ക്ക് അനുമതിയുള്ളതുപോലെയാണ് ന്യൂജെന്‍ എന്നുപറയപ്പെടുന്നവരുടെ രീതി. ലഹരിമരുന്ന് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കടുത്തകുറ്റകൃത്യമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള രീതികള്‍.
കഠിനതടവിനുപുറമെ 20 ലക്ഷം രൂപ വരെ പിഴയും വിധിക്കുന്ന കുറ്റമാണിത്. എന്നാല്‍ ഇതിന് തെളിവു കൊടുക്കണമെന്ന് മന്ത്രി പറയുന്നതു മനസിലാവുന്നില്ല. അതു ശുദ്ധ വിവരക്കേടെന്നേ പറയാനാവൂ. അന്വേഷിച്ച് തെളിവു കണ്ടെത്തേണ്ടത് പൊലിസാണ്. അവര്‍ പരിശോധിക്കണം.
പരിശോധന അപ്രായോഗികമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. മനുഷ്യരെല്ലാരും ഒരുപോലെയാണ്.
ഇത്തരത്തില്‍ വിവരം ലഭിച്ചാല്‍ ആരുടെ വീട്ടിലും പൊലിസിന് തെരച്ചില്‍ നടത്താന്‍ തടസമില്ലെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."