നഗരത്തില്‍ പോക്കറ്റടി സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു
കോഴിക്കോട്: നഗരത്തില്‍ പോക്കറ്റടി സംഘം വീണ്ടും സജീവമാവുന്നു. നേരത്തെ പൊലിസിന്റെ ജാഗ്രതയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പോക്കറ്റടി സംഘമാണ് വീണ്ടും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ തലപൊക്കിത്തുടങ്ങിയത്. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, പ്രധാന ബസ് സ്റ്റോപ്പുകള്‍, ഇടവഴികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സംഘം സജീവമാവുന്നത്.
കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പണവും ഐ.ഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും ബസ് യാത്രക്കിടെ നഷ്ടപ്പെട്ടു. സുപ്രഭാതം ഖത്തര്‍ ലേഖകന്‍ അഹ്മദ് പാതിരിപ്പറ്റയുടെ പഴ്‌സാണ് നഷ്ട്മായത്. തൊണ്ടയാട് ബൈപാസില്‍ നിന്നു പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പഴ്‌സ് നഷ്ടമായത്. അയ്യായിരത്തോളം രൂപയും ഐ.ഡി കാര്‍ഡുകളും ഉള്ള പഴ്‌സാണ് നഷ്ടമായത്. പുതിയ സ്റ്റാന്‍ഡിലെ പൊലിസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്‍കി.
ബസുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് കൃത്രിമമായി തിരക്കുണ്ടാക്കുകയും ഇതിനിടയില്‍ പോക്കറ്റടിക്കുകയുമാണ് ചെയ്യുന്നത്. അതേ പോലെ ഇടവഴികളില്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്നവരെ ആക്രമിച്ച് പണവും ആഭരണങ്ങളും പിടിച്ചുപറിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്.
ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്ന അനൗണ്‍സ്‌മെന്റുകള്‍ നേരത്തെ ഉണ്ടാവാറുണ്ടായിരുന്നു. അതോടൊപ്പം ഇത്തരം സ്ഥലങ്ങളില്‍ പൊലിസിന്റെ രഹസ്യ നിരീക്ഷണവുമുണ്ടായിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ ജാഗ്രതക്കുറവ് മനസിലാക്കിയാണ് വീണ്ടും പോക്കറ്റടി സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ നഗരത്തിലെത്തിത്തുടങ്ങിയത്.
ഇതോടൊപ്പം തന്നെ ലഹരി മരുന്ന് മാഫിയകളുടെ പ്രവര്‍ത്തനങ്ങളും വിവിധ ഭാഗങ്ങളില്‍ വീണ്ടും സജീവമാവുന്നുണ്ട്. പൊലിസ് എക്‌സൈസ് വിഭാഗം ലഹരിവേട്ട സജീവമാക്കുമ്പോഴും വിവിധ മയക്കുമരുന്നുകളുമായി നഗരത്തിലെത്തുന്ന ലോബികള്‍ ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."