ബാബരിയോടൊപ്പം തകര്‍ന്ന മതേതര സ്വപ്നങ്ങള്‍
മറവിക്കെതിരേ ഓര്‍മയുടെ കലാപം കൂട്ടാന്‍ ലോകത്തോട് ആഹ്വാനം ചെയ്ത ഫ്രഞ്ച് എഴുത്തുകാരന്‍ മിലന്‍ കുന്ദേര ഭൂമുഖത്ത് എന്നെങ്കിലും നീതി പുലരുമെന്ന് പ്രതീക്ഷവച്ചുപുലര്‍ത്തിയ സര്‍ഗപ്രതിഭയാണ്. അത്തരം പ്രതീക്ഷകളാണത്ര മനുഷ്യരെ മുന്നോട്ടുനയിക്കുന്നതും ആസുരശക്തികള്‍ക്കെതിരേ പോരാടാന്‍ സമൂഹത്തിന് ഊര്‍ജം പകരുന്നതും. നവംബര്‍ ഒന്‍പതിന്റെ സുപ്രിംകോടതി വിധി സരയൂനദിക്കരയിലെ പുരാതനമായ ഒരാരാധനാലയം തങ്ങള്‍ക്ക് തിരിച്ചുകിട്ടുമെന്ന മുസ്‌ലികളുടെ പ്രതീക്ഷകള്‍ തകര്‍ത്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടംപാദം തൊട്ട് ആ പള്ളി കടന്നാക്രമിക്കാനും അതിന്റെ പാവനത പിച്ചിച്ചിന്താനും കൈയേറി സ്വന്തമാക്കാനും ശ്രമിച്ച ശക്തികളുടെ കൈകകളിലേക്ക് ദേവാലയത്തിന്റെ തിരുശേഷിപ്പുകള്‍ വെള്ളിത്താലത്തില്‍വച്ച് നല്‍കിയത് പരമോന്നത നീതിപീഠമാണ്.
1990ല്‍ എന്തിനു വേണ്ടിയാണോ എല്‍.കെ അദ്വാനി രഥയാത്ര നടത്തി നഗരങ്ങളും ഗ്രാമാന്തരങ്ങളും രക്തപങ്കിലമാക്കിയത് ആ ലക്ഷ്യമാണ് നീതിപീഠം സഫലീകരിച്ചുകൊടുത്തത്. ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കേണ്ടത് ഹൈന്ദവജനകോടികളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന അദ്വാനിയുടെയും വി.എച്ച്.പിയുടെയും വാദമാണ് ഇതോടെ സുപ്രിംകോടതി ശരിവച്ചത്. 'അസ്ഥാന്‍ശ്രീരാം ജന്മഭൂമി' നിലകൊള്ളുന്ന 1500 ചതു. അടി മണ്ണ് ഭഗവാന്‍ ശ്രീറാം വിരാജ്മന് അവകാശപ്പെട്ടതാണെന്നാണ് കോടതിത്തീര്‍പ്പിന്റെ ആകെപ്പൊരുള്‍. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം അവരോധിതനായ രാജീവ് ഗാന്ധി എന്ന ദുര്‍ബലനായ പ്രധാനമന്ത്രിയുടെ പരിചയക്കുറവ് മുതലെടുത്ത് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ആര്‍.എസ്.എസിന്റെ ആസൂത്രിത പദ്ധതിയായിരുന്നു രാംലല്ല എന്ന ശ്രീരാമവിഗ്രഹമെന്ന് കോടതി വിസ്മരിച്ചുകളഞ്ഞു. ഭഗവാന്‍ ശ്രീരാമനും ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയരാമനും രണ്ടാണെന്ന അനിഷേധ്യ സത്യത്തിനു മുന്നില്‍ ന്യായാസനം പതറിവീണു എന്ന് സംഗ്രഹിക്കുന്നതാവും ഏറ്റവും ശരി.
മുഗള്‍ ഭരണകൂട സ്ഥാപകന്‍ ബാബര്‍ അയോധ്യയില്‍ സരയൂനദിക്കരയില്‍ 1528ല്‍ പള്ളി പണിതത്, അല്ലെങ്കില്‍ പണിയാന്‍ ആജ്ഞ നല്‍കിയത്, അതുവരെ ഹിന്ദുസ്ഥാന്‍ ഭരിച്ച മുസ്‌ലിം ഭരണാധികാരി ഇബ്രാഹിം ലോധിയെ പാനിപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന് ജഗന്നിയന്താവിന് കൃതിജ്ഞത രേഖപ്പെടുത്താനാണ്. ബാബറിനു ശേഷം ഹുമയൂണും അക്ബറും ജഹാംഗീറും ഷാജഹാനും ഔറംഗസീബും, ഒടുവില്‍ ബഹദൂര്‍സഫര്‍ വരെയുള്ളവര്‍ രാജ്യം ഭരിച്ചു. 1857ലാണ് മുഗിളഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബഹദൂര്‍ഷ സഫറിനെ ബര്‍മയിലേക്ക് നാട് കടത്തുന്നത്. യുദ്ധം ചെയ്തു 'കീഴടക്കാന്‍ സാധിക്കാത്ത അയോധ്യ' ഈകാലഘട്ടങ്ങളിലെല്ലാം ഹിന്ദു-മുസ്‌ലിം വിശ്വാസികളുടെ സ്‌നേഹ സൗഭ്രാത്രങ്ങള്‍ കളിയാടിയ പുണ്യഭൂമിയായിരുന്നു. 1772ല്‍ തുടക്കം കുറിച്ച ഫൈസാബാദിലെ നവാബ് വാഴ്ചക്കാലത്ത് അയോധ്യയില്‍ മതസൗഹാര്‍ദം പൂത്തുലഞ്ഞു. സ്വാമിമാരും സാധ്വിമാരും സൂഫിമാരും പരസ്പരം സ്‌നേഹം വിളമ്പിയും ഒപ്പം ഭുജിച്ചും ജീവിച്ചു. അവരവരുടെ ദൈവങ്ങളെ ആരാധിച്ചും പൂജിച്ചും ഭക്തി പ്രകാശിപ്പിച്ചു. പിന്നെപ്പോഴാണ് അയോധ്യ മതവൈരത്തിന്റെയും സംഘഷര്‍ങ്ങളുടെയും വിളനിലമായി മാറിയത് എന്ന ചോദ്യത്തിന് ചരിത്രം തെളിമയുള്ള ഉത്തരം നല്‍കുന്നുണ്ട്. അത് കണ്ടെത്താന്‍ ഉന്നതനീതിപീഠം പരാജയപ്പെട്ടതിന്റെ തിക്തഫലമാണ് ബാബരിക്കേസിലെ നീതിരഹിതമായ അന്തിമവിധി.
നവാബ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അവധ് ബ്രിട്ടീഷ് യജമാനന്മാരുടെ കൈകളിലേക്ക് വഴുതിവീണപ്പോള്‍, ഹിന്ദുക്കളെയും മുസ്‌ലിംകളെയും പരസ്പരം തല്ലിക്കാന്‍ വെള്ളക്കാര്‍ വൃത്തികെട്ട വേല നടത്തി. ശ്രീരാമന്‍ ജനിച്ച സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതതെന്ന് പ്രചരിപ്പിച്ചു. അങ്ങനെയാണ് 1854ല്‍ ഇന്ത്യയില്‍ ആദ്യമായി, അയോധ്യയില്‍ വര്‍ഗീയകലാപമുണ്ടാവുന്നത്. പിന്നെന്തു സംഭവിച്ചുവെന്ന് നവംബര്‍ ഒന്‍പതിന്റെ വിധിയില്‍ പരമോന്നത നീതിപീഠം തന്നെ വിവരിക്കുന്നുണ്ട്. 1856-57 കാലഘട്ടത്തില്‍ ബാബരി മസ്ജിദിന് സമീപം സാമുദായികാസ്വാസ്ഥ്യം ഉടലെടുത്തു. അതോടെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ആറടി ഉയരത്തില്‍ ഗ്രില്‍ ഇഷ്ടിക കൊണ്ട് ഒരു ഭിത്തികെട്ടി അകംമുറ്റവും പുറംമുറ്റവും വേര്‍തിരിച്ചു. മസ്ജിദും അകംമുറ്റവും മുസ്‌ലിംകള്‍ ആരാധനക്കായി ഉപയോഗിച്ചു. പുറത്ത് ഹിന്ദുക്കളും. പുറം മുറ്റത്താണ് 'ഛബുത്ര' എന്ന് വിളിക്കുന്ന തറയുള്ളത്. അവിടെ രാമവിഗ്രഹംവച്ചാണ് രാമഭക്തര്‍ ആരാധിച്ചിരുന്നത്. സീതയുടെ അടുക്കള ( സീത റസോയി ) അല്‍പം അകലെയാണ്.
1885ലാണ് ആദ്യമായി ക്ഷേത്രത്തിനു വേണ്ടി ഒരാള്‍ കോടതിയെ സമീപിക്കുന്നത്. രാമജന്മസ്ഥാന്റെ പുരോഹിതനെന്ന് സ്വയം അവകാശപ്പെട്ട് മഹന്ത് രഘുവാര്‍ ദാസാണ് ഫൈസാബാദ് സബ് കോടതി മുമ്പാകെ ഹരജി നല്‍കുന്നത്. ഛബുത്ര സ്ഥിതി ചെയ്യുന്നിടത്ത് 21അടി നീളവും 17അടി വീതിയുമുള്ള ഒരു ക്ഷേത്രം പണിയാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. 1885 ഡിസംബര്‍ 24ന് ആ ഹരജി തള്ളി. അതിനുകാരണമായി പറഞ്ഞത്, അങ്ങനെ ഒരുക്ഷേത്രം അവിടെ ഉയര്‍ന്നാല്‍ കുഴപ്പത്തിലേക്ക് വഴിതുറന്നിടുമെന്നാണ്. മുസ്‌ലിംകള്‍ക്ക് പള്ളിയില്‍ ആരാധിക്കുന്നതിന് തടസമാവാന്‍ സാധ്യതയുണ്ടെന്നും. മഹന്ത് രഘുവാര്‍ ദാസ് കീഴ്‌ക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ 1886 മാര്‍ച്ച് 18ന് ജില്ലാ കോടതി തള്ളി. 1886 നവംബര്‍ ഒന്നിന് അവധിലെ ജുഡിഷ്യല്‍ കമ്മിഷണര്‍ മുമ്പാകെ നല്‍കിയ രണ്ടാമത്തെ അപ്പീലും തള്ളപ്പെട്ടു. ഛബുത്രയുടെമേല്‍ ഉടമസ്ഥാവകാശമുണ്ടെന്ന് തെളിയിക്കാന്‍ മഹന്തിന് സാധിച്ചില്ല എന്നാണ് അതിനു കാരണമായി പറഞ്ഞത്.
തീര്‍പ്പിലെ പിഴവ്
ഈ ചരിത്രയാഥാര്‍ഥ്യം മാത്രം അംഗീകരിച്ചിരുന്നുവെങ്കില്‍ സുപ്രിംകോടതിവിധി മറിച്ചാകുമായിരുന്നു. എന്നാല്‍, കോടതി എഴുതാപ്പുറം വായിച്ചു. 1885നു മുമ്പ് പള്ളിനിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചില്ല എന്ന വിചിത്രമായൊരു നിരീക്ഷണം മുന്നോട്ടുവച്ചു. മുഗളഭരണകാലത്ത് ബാബര്‍ ഉണ്ടാക്കിയ പള്ളി ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും ഉപയോഗപ്പെടുത്തി എന്ന് സമര്‍ഥിക്കാന്‍ എന്തു തെളിവുകളാണ് ഹാജരാക്കേണ്ടിയിരുന്നത്? അഖണ്ഠനീയമായ തെളിവുകള്‍ മുന്നിലുള്ളപ്പോള്‍, ആവശ്യമില്ലാത്ത തെളിവുകള്‍ ചോദിച്ച് മറുകക്ഷിക്ക്, അതും പള്ളിയുടെ നേരെ അക്രമവും കൈയേറ്റവും വിധ്വംസനവും നടത്തിയ ദുഃശക്തികള്‍ക്ക് സ്ഥലം ദാനം ചെയ്തത്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തീരാകളങ്കമാണ്. ഒരു തുണ്ട് ഭൂമിയുടെ മേലുള്ള സിവില്‍ തര്‍ക്കമാണ് ഈ കേസിന്റെ കാതല്‍. എന്നിട്ട് സുപ്രിംകോടതി പറഞ്ഞത്, 1992ല്‍ തകര്‍ത്തുകളഞ്ഞ ആരാധനാലയത്തിന്റെ മധ്യതാഴികക്കുടത്തിനു തൊട്ടുതാഴെയാണ് രാമന്റെ ജന്‍മസ്ഥാനം സ്ഥിതി ചെയ്യുന്നതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ടെന്നും അതുകൊണ്ട് അവര്‍ക്ക് സ്ഥലം വിട്ടുകൊടുക്കുകയാണെന്നും. 2010ല്‍ തര്‍ക്കസ്ഥലം മൂന്നായി വീതിച്ച അലഹബാദ് ഹൈക്കോടതിയുടെ തീര്‍പ്പ് 'യുക്തിരഹിതവും നിയമപരമായി നിലനില്‍ക്കാത്തതുമാ'ണെന്ന് വിധി കല്‍പിച്ച അതേ ന്യായാധിപന്മാരാണ് ചരിത്രപരമായോ നിയമപരമായോ ന്യായീകരണമില്ലാത്ത ഇത്തരമൊരു തീര്‍പ്പിലെത്തുന്നത്.
ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത് എന്നതിന് പുരാവസ്തുഗവേഷകര്‍ വ്യക്തമായ തെളിവൊന്നും ഹാജരാക്കിയിട്ടില്ലെന്ന് കോടതി തന്നെ സമ്മതിക്കുന്നുണ്ട്. കാലിയായ സ്ഥലത്തല്ല പള്ളി നിര്‍മിച്ചതെന്നും അതിനടിയില്‍നിന്ന് കെട്ടിടത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ടെന്നും മാത്രമാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. എന്നാല്‍, കുഴിമാടം തോണ്ടി ക്ഷേത്രം തകര്‍ത്താണോ മസ്ജിദ് പണിതത് എന്ന അന്വേഷണംപോലും അപ്രസക്തവും അന്യായവുമാണെന്ന് 1993 ഫെബ്രുവരിയില്‍ സുപ്രിംകോടതി വിധിച്ചതാണ്.
1992 ഡിസംബര്‍ ആറിന് ലോകം നോക്കിനില്‍ക്കെ പള്ളിയുടെ താഴികക്കുടങ്ങള്‍ തച്ചുതകര്‍ത്തതിന് ശേഷമാണ്, നരസിംഹറാവു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഭരണഘടനയുടെ 143(1) ഖണ്ഡിക പ്രകാരം തര്‍ക്കം ഭരണഘടനാ ബെഞ്ചിന് വിടുന്നത്. ഹൈന്ദവ ദേവാലയമോ അല്ലെങ്കില്‍ ഹിന്ദുമത നിര്‍മിതിയോ തകര്‍ത്തിട്ടാണോ ബാബരി മസ്ജിദ് കെട്ടിപ്പൊക്കിയത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് കോടതിയോട് ആവശ്യപ്പെട്ടത്. അത്തരം നീക്കത്തെ ആധികാരിക ചരിത്രകാരന്മാരും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസുമെല്ലാം എതിര്‍ത്തിരുന്നു. എന്നാല്‍, വിഷയം തങ്ങളുടെ മുന്നില്‍ എത്തേണ്ട താമസം ഏഴംഗ ബെഞ്ച് ഞങ്ങള്‍ക്ക് വേറെ പണിയുണ്ട് എന്ന് പറഞ്ഞ് അപേക്ഷ തള്ളുകയാണ് ചെയ്തത്.
എന്നാല്‍, 2003 മാര്‍ച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ ) ഉത്ഖനനം നടത്താനും ക്ഷേത്രത്തിന്റെ അവശിഷ്ടം കണ്ടെത്താനും ആവശ്യപ്പെട്ടത്. എ.എസ്.ഐയുടെ റിപ്പോര്‍ട്ട്, പുരാണേതിഹാസങ്ങള്‍, വിദേശസഞ്ചാരികളുടെ യാത്രാകുറിപ്പുകള്‍, ഗസറ്റിയേഴ്‌സ് എന്നിവ മുന്നില്‍വച്ച് വിശകലനം നടത്തിയ സുപ്രിംകോടതി വിധിന്യായത്തിന്റെ 15 ശതമാനത്തോളം ഈ 'ചരിത്രരേഖകള്‍' പറയാന്‍ മാറ്റിവച്ചിരിക്കയാണ്. ഒന്നുമാത്രമേ കോടതിക്ക് തെളിയിക്കാനുണ്ടായിരുന്നുള്ളൂ. 'മന്ദിര്‍ വഹാം ബനായേഗീ' അവിടെ തന്നെ ക്ഷേത്രം പണിയും എന്ന് ആക്രോശിച്ച് പൂജിച്ച ഇഷ്ടികയുമായി രാജ്യമാസകലം വര്‍ഗീയധൂളികള്‍ പരത്തിയ വിശ്വഹിന്ദുപരിഷത്തിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന്. അങ്ങനെയാണ് അവരുടെ കൈയിലേക്ക് തര്‍ക്കസ്ഥലവും 1993ല്‍ നരസിംഹറാവു സര്‍ക്കാര്‍ അക്വയര്‍ ചെയ്ത ശേഷിക്കുന്ന 65 ഏക്കര്‍ സ്ഥലവും കൈമാറാന്‍ തീരുമാനിക്കുന്നത്.
സര്‍വം അന്ധകാരനിബിഡം
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ. ദേവിക കോടതിവിധിയോട് പ്രതികരിച്ചത് മങ്ങിയ വെളിച്ചം പോലും അകന്ന്, കൂരിരുട്ട് പരക്കുന്നതായി അനുഭവപ്പെടുന്നുവെന്നാണ്. മന്ദിര്‍ മസ്ജിദ് തര്‍ക്കം രൂപഭാവങ്ങള്‍ മാറി. ഈ ദുരന്തം മുന്‍കൂട്ടി കണ്ട ക്രാന്തദര്‍ശിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. 1949 ഡിസംബര്‍ 22ന്റെ പാതിരാവില്‍ അറുപതോളം വരുന്ന അക്രമികള്‍ പള്ളിക്കകത്ത് കടന്ന് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ 'മിഹറാബിന്' തൊട്ടുമുന്നില്‍ പ്രതിഷ്ഠിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് നെഹ്‌റുവായിരുന്നു. ഡിസംബര്‍ 23ന് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പാന്തിന് അയച്ച ടെലഗ്രാം സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ: ''അയോധ്യയിലെ സംഭവവികാസത്തില്‍ ഞാന്‍ അങ്ങേയറ്റം അസ്വസ്ഥനാണ്. ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്ന സംഭവമാണെന്നതിനാല്‍, തെറ്റ് എത്രയും പെട്ടെന്ന് തിരുത്തേണ്ടതുണ്ട്''. മറ്റൊരു സന്ദേശത്തില്‍ പറയുന്നത്, ''യു.പിയുടെ അന്തരീക്ഷം സാമുദായികമായി കൂടുതല്‍ വഷളാവുകയാണ്. യു.പി ഒരന്യരാജ്യമായി എന്നെ സംബന്ധിച്ചിടത്തോളം മാറുകയാണ്.'' തന്റെ സങ്കടം ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിനോടും നെഹ്‌റു പങ്കുവയ്ക്കുന്നുണ്ട്.
പക്ഷേ, പട്ടേലും പാന്തും അന്നത്തെ മലയാളിയായ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ നായരുമെല്ലാം ഒരേ തൂവല്‍ പക്ഷികളാണ് എന്ന് മാത്രമല്ല, വിഭജനത്തിന്റെ ആ കരാളദിനങ്ങളില്‍ പള്ളി പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങളില്‍ പങ്കാളികളുമായിരുന്നു. നെഹ്‌റുവിന് ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയാത്ത ഭൂരിപക്ഷവര്‍ഗീയത എണ്‍പതുകളില്‍ വീണ്ടും അതിന്റെക്രൂര്യഭാവങ്ങള്‍ മുഖം കാട്ടിയപ്പോള്‍ രാജീവ് ഗാന്ധിക്കു സമ്മര്‍ദത്തിനു വഴങ്ങേണ്ടിവന്നു. അങ്ങനെയാണ് പൂട്ടിയിട്ട പള്ളിയുടെ കവാടങ്ങള്‍ പൂജക്കായി തുറന്നുകൊടുക്കുന്നതും തര്‍ക്കസ്ഥലത്ത് ശിലാന്യാസത്തിന് സൗകര്യം ചെയ്യുന്നതും. ഹിന്ദുത്വ വര്‍ഗീയതയുടെ പിന്നീടങ്ങോട്ടുള്ള പ്രയാണം മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ പുള്ളിപ്പുലികളുടേതായിരുന്നു. അങ്ങനെയാണ് 1992 ഡിസംബര്‍ ആറിന് പള്ളി തച്ചുടക്കുന്നതും ആ സ്ഥാനത്ത് താല്‍ക്കാലിക ക്ഷേത്രമുണ്ടാക്കി രാംലല്ല വിഗ്രഹം പ്രതിഷ്ഠിക്കുന്നതും. തീര്‍ത്തും നിയവിരുദ്ധമായ മാര്‍ഗത്തിലൂടെ കയറിക്കൂടിയ ആ രാംലല്ലക്ക് നിയമപരമായ അസ്തിത്വം വകവച്ചുകൊടുത്താണ് സുപ്രിംകോടതി തര്‍ക്കഭൂമി ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.
പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. അയോധ്യയുടെ രാഷ്ട്രീയം ഇനിയും തുടരും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാമക്ഷേത്രനിര്‍മാണം തുടങ്ങി, രാമതരംഗം സൃഷ്ടിക്കാനും അവസാനത്തെ ഹിന്ദുവോട്ടും താമരചിഹ്നത്തില്‍ വീഴ്ത്താനും ആര്‍.എസ്.എസിന്റെ പര്‍ണശാലകളില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാവണം. ഇന്നത്തെ അധികാരവര്‍ഗം തലയിലേറ്റി നടക്കുന്ന ശ്രീരാമന്‍, തുളസീദാസ് വിശ്വാസികളുടെ മുന്നില്‍ അവതരിപ്പിച്ച ഭഗവാന്‍ ശ്രീരാമനല്ലെന്നും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിക്കുന്ന വര്‍ഗീയതയുടെ മൂര്‍ത്തിയാണെന്നും അറിവില്ലാത്തവരല്ല സുപ്രിംകോടതിയിലെ ജഡ്ജിമാര്‍. അവര്‍ കാലത്തിനൊത്ത് നിയമം വ്യാഖ്യാനിക്കുന്നു; ചരിത്രത്തിന് പുതിയ ആഖ്യാനങ്ങള്‍ ചമക്കുന്നു. അതിനിടയില്‍, ചതഞ്ഞുമരിക്കുന്നത് രാഷ്ട്രശില്‍പികളുടെ സ്വപ്നത്തിലുള്ള ഒരിന്ത്യയാണ്. മതേതരത്വത്തിന്റെ മരണമണി ഇതുപോലെ മുഴങ്ങിക്കേട്ട ഒരു കാലഘട്ടം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."