അമ്മമാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് അനുവദിക്കണമെന്ന് നിയമസഭാ സമിതി
തിരുവനന്തപുരം: അമ്മമാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ ചൈല്‍ഡ് കെയര്‍ ലീവ് അനുവദിക്കണമെന്ന് സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച ഭേദഗതി ഉത്തരവ് പൊതുമേഖലാസ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്കു കൂടി ബാധകമാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ലാത്തവര്‍ക്ക് അടുത്ത കണ്ണിന്റെ കാഴ്ചശക്തി കണക്കാക്കാതെ 40 ശതമാനം വൈകല്യ സര്‍ട്ടിഫിക്കറ്റ് നല്‍കി വികലാംഗര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. കുട്ടികളിലെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, പഠനവൈകല്യം എന്നിവ അധ്യാപകര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നവിധത്തില്‍ ടി.ടി.സി, ബി.എഡ്, എം.എഡ് എന്നിവയുടെ സിലബസുകള്‍ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
സംസ്ഥാനത്തെ ഡേ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം സാമൂഹ്യനീതിവകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്നും ഡേ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി എല്ലായിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും സമിതിയുടെ ശുപാര്‍ശയുണ്ട്.
സ്ത്രീകളെയും കുട്ടികളെയും മോശമായും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയിലുള്ള സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ശരിയായ സ്‌ക്രീനിങ് വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താഴേത്തട്ടില്‍ നിന്നുതന്നെ പരിഹരിക്കപ്പെടാന്‍ സംസ്ഥാനവ്യാപകമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കണം. വനിതാപ്രൊട്ടക്ഷന്‍ ഓഫിസര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണം. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.
ലീഗല്‍ സര്‍വിസ് അതോറിറ്റിയിലെ അഭിഭാഷകര്‍ സൗജന്യമായി കേസുകള്‍ യഥാസമയം കൈകാര്യം ചെയ്തില്ലെങ്കില്‍ അവരെ പാനലില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സമിതിയുടെ ശുപാര്‍ശയുണ്ട്. പി. അയിഷാപോറ്റിയുടെ അധ്യക്ഷതയില്‍ പ്രതിഭാഹരി, സി.കെ ആശ, വീണജോര്‍ജ്, സജി ചെറിയാന്‍, വി.ടി ബല്‍റാം, പി. അബ്ദുല്‍ഹമീദ്, ഡോ. എന്‍. ജയരാജ് എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."