പ്ലാസ്റ്റിക് പൊടിക്കല്‍ കേന്ദ്രം; വെങ്ങല്ലൂരിനു പകരം ഉചിതമായ സ്ഥലം കണ്ടെത്താന്‍ കൗണ്‍സില്‍ തീരുമാനം
തൊടുപുഴ: നഗരസഭയില്‍ പ്ലാസ്റ്റിക് പൊടിക്കല്‍ കേന്ദ്രം (ഷ്രെഡിങ് യൂനിറ്റ്) സ്ഥാപിക്കാന്‍ വെങ്ങല്ലൂരിനു പകരം ഉചിതമായ സ്ഥലം എത്രയും വേഗം കണ്ടെത്താന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം. പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനെതിരേ ജനങ്ങളില്‍ നിന്നു വിഭിന്നാഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ കൗണ്‍സിലിലെ വിവിധ രാഷ്ട്രീയകക്ഷിനേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് സമന്വയം ഉണ്ടാക്കാനും അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വെങ്ങല്ലൂരിലെ വ്യവസായ എസ്‌റ്റേറ്റില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനെതിരേ ജനവികാരം ശക്തമായ സാഹചര്യത്തിലാണ് പുതിയ സ്ഥലം തേടുന്നത്. പ്രദേശവാസികളുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയിട്ടും ഫലം ഉണ്ടായിരുന്നില്ല. ജനങ്ങളെ ബോധവല്‍ക്കരിച്ച് വെങ്ങല്ലൂരില്‍ തന്നെ യൂനിറ്റ് സ്ഥാപിക്കണമെന്നായിരുന്നു വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണിയുടെ നിര്‍ദേശം. ഷ്രെഡിങ് യൂനിറ്റാണ് സ്ഥാപിക്കുന്നതെന്നും മറിച്ച് റീസൈക്ലിങ് യൂനിറ്റല്ലെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പലവട്ടം ചര്‍ച്ചയും ബോധവല്‍ക്കരണവും നടത്തിയിട്ടും പ്രദേശവാസികളില്‍ നിന്നും എതിര്‍പ്പ് മാറിയിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും വാര്‍ഡ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും പറഞ്ഞു.
ജനങ്ങളെക്കൂടി വിശ്വാസത്തില്‍ എടുത്തല്ലാതെ ഇക്കാര്യം അവിശട നടപ്പാക്കുക അസാധ്യമാണെന്ന് രാജീവ് പുഷ്പാംഗദന്‍ വ്യക്തമാക്കി. പ്രദേശത്തെ ഒരു വ്യക്തിയാണ് അവിടെ എതിരു നില്‍ക്കുന്നതെന്നായിരുന്നു വൈസ് ചെയര്‍മാന്റെ ആരോപണം. എന്നാല്‍, അത് തെറ്റിദ്ധാരണയാണെന്നും പ്രദേശവാസികളാകെ എതിര്‍പ്പുണ്ടെന്നും രാജീവ് പുഷ്പാംഗദന്‍ വ്യക്തമാക്കി.
മണക്കാട്് 35-ാം വാര്‍ഡിലെ വ്യവസായ എസ്‌റ്റേറ്റില്‍ യൂനിറ്റ് സ്ഥാപിക്കാമെന്ന് ബി.ജെ.പി പ്രതിനിധി ബാബു പരമേശ്വരന്‍ ഒടുവില്‍ അറിയിച്ചു. ഇതിന്റെ സാധ്യത പരിശോധിച്ച് ഉചിതമെങ്കില്‍ അവിടെ സ്ഥലം കണ്ടെത്തി അടുത്ത കൗണ്‍സിലില്‍ തീരുമാനമെടുത്തേക്കും. നഗരസഭാ കൗണ്‍സില്‍യോഗം അനുമതി നല്‍കാത്ത പ്രവര്‍ത്തികളുടെ ബില്‍ തുക അനുവദിക്കുന്നതിനെ ചൊല്ലി യോഗത്തില്‍ തര്‍ക്കമുണ്ടായി. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നീക്കിവെച്ച 70 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കു പുറമെ അധികരിച്ച 23 ലക്ഷം രൂപയുടെ ജോലികളുടെ പേരിലുള്ള ബില്ല് കൗണ്‍സിലില്‍ പാസാക്കണമെന്നതായിരുന്നു അജന്‍ഡയിലെ ആവശ്യം. എന്നാല്‍, അധികതുക അനുവദിക്കാനാവില്ലെന്നും പദ്ധതിതുകയില്‍ അധികരിക്കരുതെന്നും സെക്രട്ടറി കുറിപ്പ് നല്‍കിയിരുന്നതായും ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ജെസി ജോണി പറഞ്ഞു.
ഓരോ വാര്‍ഡിലെയും പ്രവര്‍ത്തികള്‍ സംബന്ധിച്ചുള്ള ലിസ്റ്റ് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും നല്‍കുന്നത് ഭാവിയില്‍ സംശയദുരീകരണത്തിന് ഉപകരിക്കുമെന്ന് രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. അതേസമയം, ജോലി ചെയ്ത കരാറുകാരന് പണം നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായരും രാജീവ് പുഷ്പാംഗദനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."