ഉയിഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തല്‍ 2022ലെ ചൈനാ ഒളിംപിക്‌സ് ബഹിഷ്‌കരിക്കണമെന്ന്
സിന്‍ജിയാങ്: ഉയിഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നത് ചൈന അവസാനിപ്പിക്കാത്തതിനാല്‍ 2022ല്‍ ചൈനയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സ് ലോകരാജ്യങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഉയിഗൂര്‍ ആക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ താഹിര്‍ ഇമാം.
സിന്‍ജിയാങ്ങില്‍ നൂറുകണക്കിന് ഉയിഗൂര്‍ മുസ്‌ലിംകളുടെ രക്തസാംപിള്‍ നിര്‍ബന്ധപൂര്‍വം ശേഖരിച്ച് ഡി.എന്‍.എ മനസ്സിലാക്കി വംശഹത്യ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം യെനിസഫാക് ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഉയിഗൂറുകളുടെ ഡി.എന്‍.എ ശേഖരിക്കുന്നതിലൂടെ മനസ്സുകളെ നിയന്ത്രിക്കാനും ന്യൂനപക്ഷ മുസ്‌ലിംകളുടെ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്.
ഇതിലൂടെ ഉയിഗൂര്‍ സംസ്‌കാരവും അവരുടെ മതവിശ്വാസവും അസ്തിത്വവും പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. യു.എന്നും യു.എസും യൂറോപ്യന്‍ യൂനിയനും ഇക്കാര്യത്തില്‍ ചൈനക്കുമേല്‍ സമ്മര്‍ദം ചെലുത്തണം- ഇമാം പറഞ്ഞു.
സാങ്കേതികവിദ്യകളൊക്കെയും ജനങ്ങളെ വേട്ടയാടാനാണ് ചൈനീസ് ഭരണകൂടം ഉപയോഗപ്പെടുത്തുന്നതെന്ന് വിന്‍ഡ്‌സര്‍ സര്‍വകലാശാല അസി.പ്രഫസര്‍ മാര്‍ക് മന്‍സ്റ്റര്‍ജെം ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞു.
തൊഴില്‍ പരിശീലന ക്യാംപുകളെന്ന പേരില്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ പണിത തടവറകളില്‍ നരകജീവിതം നയിക്കുകയാണ് ഉയിഗൂര്‍ മുസ്‌ലിംകളെന്നും അവരെ മതവിശ്വാസത്തില്‍ നിന്നകറ്റി സാംസ്‌കാരികമായി നശിപ്പിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."