അവകാശമുണ്ട്
ഓരോ മനുഷ്യനും അര്‍ഹതപ്പെട്ട ജീവിത സാഹചര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് മനുഷ്യാവകാശത്തിന്റെ അടിത്തറ. രാജ്യത്തെ ഭരണ കൂടവും പൗരന് അന്തസുറ്റ ജീവിതം നയിക്കുവാനുള്ള സാഹചര്യം വിവേചന രഹിതമായി ഉറപ്പ് വരുത്തേണ്ടതുണ്ട്.ഇവയെ പരിമിതപ്പെടുത്തുകയോ അന്യാധീനപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് മനുഷ്യാവകാശ ലംഘനമുണ്ടാകുന്നത്. സാര്‍വജനനീയത കൊണ്ട് ശ്രദ്ധേയമായമാണ് മനുഷ്യാവകാശം
മനുഷ്യാവകാശത്തിന്റെ
ചരിത്രം
സംസ്‌കാരങ്ങളുടെ ഉദയത്തോടെ മനുഷ്യന്റെ ജീവിത രീതികളും ജീവിത സാഹചര്യങ്ങളും മാറി. പ്രാചീന ഗ്രീസ്, റോം സംസ്‌കാരങ്ങളില്‍ മനുഷ്യാവകാശത്തിനു പ്രാധാന്യം നല്‍കിയിരുന്നതായി കാണാം. പൗരാണിക ബാബിലോണിയന്‍, അസീറിയന്‍ നിയമങ്ങളും മനുഷ്യാവകാശസംരക്ഷണത്തിന് ഊന്നല്‍ നല്‍കിയിരുന്നു. വൈദിക കാലം തൊട്ട് ഇന്ത്യയില്‍ പ്രാധാന്യമുണ്ടായിരുന്ന മനുഷ്യാവകാശ സംരക്ഷണ നിയമങ്ങള്‍ ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തോടെയാണ് നാമാവശേഷമായത്. 1215 ലെ മാഗ്നകാര്‍ട്ട, 1776 ലെ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം, സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യത്തിലൂടെ ചരിത്രത്തിലിടം നേടിയ ഫ്രഞ്ച് വിപ്ലവത്തെത്തുടര്‍ന്ന് 1791 ല്‍ ഫ്രഞ്ചു ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ട മനുഷ്യന്റെ അവകാശങ്ങള്‍ എന്നിവ സാര്‍വ ദേശീയ തലത്തില്‍ അമൂല്യമായി മനുഷ്യാവകാശത്തിന്റെ ആദ്യ രൂപങ്ങളാണ്.
അവകാശങ്ങള്‍ക്കു
വേണ്ടിയുള്ള പ്രഖ്യാപനം
ആഗോളമനുഷ്യാവാകാശ പ്രഖ്യാപനം ലോകമെങ്ങുമുള്ള മനുഷ്യരുടെ അന്തസ്സും മഹത്വവും അംഗീകരിക്കുകയും തുല്യരീതിയിലുള്ള സ്വാതന്ത്ര്യം, അവകാശം, നീതി എന്നിവ ഉറപ്പു നല്‍കുകയും ചെയ്തു. 1948 ഡിസംബര്‍ 10 ന് യു.എന്‍ അസംബ്ലി ഈ പ്രഖ്യാപനം അംഗീകരിക്കുകയും തുടര്‍ന്ന് ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിച്ച് തുടങ്ങുകയും ചെയ്തു. 1948 ലെ മനുഷ്യാവകാശ പ്രഖ്യാപനം ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന ബഹുമതി സ്വന്തമാക്കുന്നു.
ജനീവ പ്രഖ്യാപനം
1924 സെപ്റ്റംബര്‍ 26 ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ പ്രഖ്യാപനം ആശയസമ്പന്നതകൊണ്ടും പ്രവര്‍ത്തന വിശാലത കൊണ്ടും ശ്രദ്ധേയമായിരുന്നു. കുട്ടികള്‍ക്ക് അവരുടെ സ്വാഭാവിക വികാസത്തിനാവശ്യമായ ആത്മീയവും ഭൗതികവുമായ സാഹചര്യമൊരുക്കുന്നതോടൊപ്പം വിശക്കുന്നവര്‍ക്ക് ഭക്ഷണം, അനാഥ കുട്ടികള്‍ക്ക് സംരക്ഷണം, രോഗബാധിതരായവര്‍ക്ക് ചികിത്സ, കുട്ടികള്‍ക്കെതിരേയുള്ള ചൂഷണത്തില്‍നിന്നു മുക്തി എന്നിങ്ങനെയുള്ള മികവുറ്റ ആശയങ്ങള്‍ ഈ പ്രഖ്യാപനത്തിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ടു.
വിദ്യാഭ്യാസത്തിനുള്ള അവകാശം
ഇന്ത്യയില്‍ 6 മുതല്‍ പതിനാല് വയസു വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമമാണ് റൈറ്റ് ഓഫ് ചില്‍ഡ്രന്‍ ഫ്രീ ആന്‍ഡ് കമ്പല്‍സറി ആക്റ്റ് 2009. ഇന്ത്യന്‍ പ്രസിഡന്റ് 2009 ഓഗസ്റ്റ് 26 ന് ഈ ആക്റ്റില്‍ ഒപ്പുവയ്ക്കുകയും 2010 ഏപ്രില്‍ 1 ന് കേന്ദ്ര സര്‍ക്കാര്‍ ഈ ആക്റ്റ് നടപ്പില്‍ വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കുട്ടിക്ക് മാതാപിതാക്കളോടൊപ്പം കഴിയാനും ശാരീരിക, മാനസിക പീഡനങ്ങളില്‍നിന്നു സംരക്ഷണം ഉറപ്പുവരുത്താനും ഈ നിയമം മൂലം സാധിക്കുന്നു.
ഇന്ത്യയിലെ മനുഷ്യാവകാശ
സംരക്ഷണം
ഇന്ത്യയില്‍ 1993 സെപ്റ്റംബര്‍ 28 ന് മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നു. ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം മനുഷ്യാവകാശങ്ങള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളുടെ രൂപവത്കരണവുമാണ്.
1994 ,2006 വര്‍ഷങ്ങളില്‍ ഈ നിയമത്തിന് ഭേദഗതിയുണ്ടായി. ഈ നിയമത്തിന്റെ തുടര്‍ച്ചയായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇന്ത്യയില്‍ രൂപീകൃതമായി. ന്യൂഡല്‍ഹി ആസ്ഥാനമായിട്ടുള്ള കമ്മിഷന്റെ അധ്യക്ഷ മുന്‍ ചീഫ് ജസ്റ്റിസോ നിലവില്‍ ചീഫ് ജസ്റ്റിസ് ആയി സേവനം ചെയ്യുന്ന വ്യക്തിയോ ആയിരിക്കണം.
അഞ്ചു വര്‍ഷമായിരിക്കും കമ്മിഷന്റെ കാലാവധി. എഴുപതു വയസാണ് ഉയര്‍ന്ന പ്രായ പരിധി. രാഷ്ട്രപതിയാണ് അംഗങ്ങളെ നിയമിക്കുന്നത്. 1998 ഡിസംബര്‍ 11 ന് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രൂപീകൃതമായത്. ഹൈക്കോടതി ജസ്റ്റിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷന്‍. സംസ്ഥാന ഗവര്‍ണറാണ് അംഗങ്ങളെ നിയമിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടു കൂടി ഓരോ ജില്ലയിലും ഒരു സെഷന്‍ കോടതിയെ മനുഷ്യാവകാശ കോടതിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഈ കമ്മിഷനുമായി ബന്ധപ്പെട്ട് അധികാരമുണ്ട്.
കുട്ടികളുടെ അവകാശം
1989 നവംബര്‍ 20 ന് യു.എന്‍.ജനറല്‍ അസംബ്ലി അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി 1990 സെപ്റ്റംബര്‍ 2 ന് ആണ് പ്രാബല്യത്തില്‍ വന്നത്. ദി യുണൈറ്റഡ് നാഷന്‍സ് കണ്‍വന്‍ഷന്‍ ഓണ്‍ ദ റൈറ്റ്‌സ് ഓഫ് ദ ചൈല്‍ഡ് എന്ന അവകാശ ഉടമ്പടി കുട്ടികളുടെ മാഗ്നകാര്‍ട്ട എന്ന പേരിലും അറിയപ്പെടുന്നു. കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തോടൊപ്പം സ്വകാര്യത, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, ബാലവേലയില്‍നിന്നും ലൈംഗിക ചൂഷണത്തില്‍ നിന്നുമുള്ള സംരക്ഷണം തുടങ്ങിയവ ഈ അവകാശ ഉടമ്പടിയില്‍ പ്രധാനപ്പെട്ടതാണ്.
മൗലികാവകാശം
ഇന്ത്യന്‍ ഭരണഘടനയുടെ 12 മുതല്‍ 35 വരെയുള്ള വകുപ്പുകളില്‍ മൗലികാവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ രാജ്യത്തെ ഓരോ പൗരന്റേയും മൗലികാവകാശമായി കണക്കാക്കപ്പെടുന്നു. ഭരണഘടനയുടെ 14 മുതല്‍ 18 വരെയുള്ള വകുപ്പുകള്‍ സമത്വത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ജാതി, ദേശം, മതം, ലിംഗം, വിദ്യാഭ്യാസം, സാമ്പത്തികം എന്നിവ അടിസ്ഥാന ഘടകമാക്കി രാജ്യത്തെ ഒരു പൗരനോടും വിവേചനം പാടില്ലെന്ന് ഈ വകുപ്പുകള്‍ പ്രഖ്യാപിക്കുന്നു.
19 മുതല്‍ 22 വരെയുള്ള വകുപ്പുകള്‍ സ്വാതന്ത്യത്തിനുള്ള അവകാശം ഉറപ്പ് വരുത്തുന്നു. ഈ വകുപ്പുകള്‍ അനുസരിച്ച് രാജ്യത്തെ ഓരോ പൗരനും ഇന്ത്യലുടനീളം സഞ്ചരിക്കാനും താമസിക്കാനും തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം ആശയവിനിമയനത്തിനും സംഘടനകള്‍ രൂപീകരിക്കാനും സമാധാനപരമായി നിരായുധരായി സമ്മേളിക്കാനുമുളള സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നു.
23, 24 വകുപ്പുകള്‍ രാജ്യത്തെ ഓരോ പൗരനും ചൂഷണത്തിനെതിരേയുള്ള അവകാശം ഉറപ്പ് വരുത്തുന്നു. 25 മുതല്‍ 28 വരെയുള്ള വകുപ്പുകള്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതാചാരങ്ങള്‍ പിന്തുടരാനുമുള്ള അവകാശമാണിത്. 29, 30 വകുപ്പുകള്‍ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ഉറപ്പുനല്‍കുന്നു. മേല്‍ പറഞ്ഞ മൗലികാവകാശലംഘനമുണ്ടായാല്‍ പൗരന് അവകാശം സ്ഥാപിച്ചെടുക്കുവാന്‍ ഭരണഘടനയുടെ 32ാം വകുപ്പ് സഹായകമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."