നഷ്ടത്തിന്റെ പേരില്‍ നിരക്ക് കൂട്ടാനൊരുങ്ങി വൈദ്യുതിവകുപ്പ്,പിരിഞ്ഞ് കിട്ടാനുള്ളത് 2,580 കോടി
തിരുവനന്തപുരം: നഷ്ടത്തിന്റെ കണക്കുപറഞ്ഞ് വൈദ്യുതിനിരക്ക് കൂട്ടാനൊരുങ്ങുന്ന വെദ്യുതി വകുപ്പിന് പിരിഞ്ഞ് കിട്ടാനുള്ളത് 2,580.33 കോടി രൂപ. പ്രളയത്തില്‍ കെ.എസ്.ഇ.ബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി എം.എം മണി പറയുമ്പോഴും കുടിശ്ശിക പിരിച്ചെടുക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ വേണ്ടത്ര സഹകരണവുമില്ല. ഇതുവരെ 2,41,61,609 രൂപ മാത്രമാണ് ഈ പദ്ധതി വഴി ബോര്‍ഡിനു ലഭിച്ചത്.
അതും സ്വകാര്യ വ്യക്തികളില്‍ നിന്നു മാത്രം. ഈ മാസം 31 വരെയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അവസരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 30 വരെയുള്ള കണക്കനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 94.83 കോടിയും കേരള വാട്ടര്‍ അതോറിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു 1,503.84 കോടിയും കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നു 1.53 കോടിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു 36.41 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു 4.39 കോടിയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നിന്നു 939.33 കോടിയുമാണ് കുടിശ്ശികയുള്ളത്. ഇതില്‍ വിവിധ കോടതികളില്‍ 4,832 കേസുകളിലായി 491.40 കോടി രൂപ മാത്രമാണ് കുടുങ്ങിക്കിടക്കുന്നത്. ബാക്കി തുക പിരിച്ചെടുക്കാന്‍ ബോര്‍ഡ് ഏതൊരു നടപടിയും സ്വീകരിക്കാതെയാണ് നിരക്ക് കൂട്ടാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."