യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. കിളിമാനൂര്‍ പൊലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന സുരേഷിന്റെ ഭാര്യ സന്ധ്യ (30) ആണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സന്ധ്യക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ബന്ധുക്കള്‍ സന്ധ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിച്ചെങ്കിലും അവസ്ഥ മോശമായതിനെ തുടര്‍ന്ന് സാധിച്ചില്ല. തുടര്‍ന്നാണ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം അറിയിച്ചത് അനുസരിച്ച് കേശവപുരം ആശുപത്രി കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്ന 108 ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഗണേഷ് എസ്.എ നടത്തിയ പരിശോധനയില്‍ എത്രയുംവേഗം സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തി. തുടര്‍ന്ന് സന്ധ്യയുമായി ആംബുലന്‍സ് ഡ്രൈവര്‍ പ്രശാന്ത് ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും പോത്തന്‍കോട് ഭാഗത്ത് എത്തിയപ്പോള്‍ സന്ധ്യയുടെ ആരോഗ്യനില വഷളായി. ഗണേഷിന്റെ നിര്‍ദേശാനുസരണം ഡ്രൈവര്‍ പ്രശാന്ത് ആംബുലന്‍സ് റോഡിന് വശത്തേക്ക് ഒതുക്കി. 9.20ന് ആംബുലന്‍സിനുള്ളില്‍വച്ച് സന്ധ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."