ആറന്മുളയില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ നീക്കം
പത്തനംതിട്ട: മിച്ചഭൂമി പ്രഖ്യാപനം ഹൈക്കോടതി സ്റ്റേ ചെയ്തതിനുപിന്നാലെ ആറന്മുളയില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ നീക്കം. മൗണ്ട് സിയോന്‍ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലാണ് ഇതിനായുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.
കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ള 292 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനം ഹൈക്കോടതി ഇന്നലെയാണ് സ്റ്റേ ചെയ്തത്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ചുള്ള അന്തിമതീരുമാനം ഹൈക്കോടതിയുടേതാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൗണ്ട് സിയോന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ പഠനാവശ്യത്തിനായി എയര്‍സ്ട്രിപ്പ്, ഫ്‌ളയിങ് ക്ലബ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്നീ സംരംഭങ്ങള്‍ക്ക് ആറന്മുളയില്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിനിയോഗിക്കാനാണ് കലമണ്ണിലിന്റെ ശ്രമം. 110 ഏക്കറിലാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കാന്‍ പദ്ധതിയുള്ളത്. എയര്‍സ്ട്രിപ്പ് ആവശ്യത്തിനുശേഷം വരുന്ന സ്ഥലം കാര്‍ഷികാവശ്യത്തിനു വിട്ടുകൊടുക്കാനാണ് നീക്കം.
ആറന്മുളയില്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് കെ.ജി.എസ് കമ്പനിയുമായുള്ള തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാനും ആധാരപ്രകാരമുള്ള വില കെ.ജി.എസിനു മടക്കിനല്‍കാനുമുള്ള ശ്രമങ്ങളും സൊസൈറ്റി നടത്തുന്നുണ്ട്.
1500 അടി റണ്‍വേ മാത്രമേ എയര്‍സ്ട്രിപ്പിന് ആവശ്യമുള്ളൂ. നാല് യാത്രക്കാരുള്ള ചെറുവിമാനങ്ങള്‍ അവിടെ ഇറക്കാനാകും. 2003 കാലയളവില്‍ ഇത്തരം ഒരു പദ്ധതിക്കാണ് എബ്രഹാം കലമണ്ണില്‍ അനുമതി വാങ്ങിയത്. പിന്നീട് വിവാദത്തില്‍ മുങ്ങി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
അന്നു പദ്ധതി മുടങ്ങിപ്പോയതിനാല്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി.
എയര്‍സ്ട്രിപ്പ് വരുന്നതോടെ എയര്‍ടാക്‌സി സംവിധാനം തുടങ്ങാനാകും. ഇത് മധ്യതിരുവിതാംകൂറിന് ഏറെ പ്രയോജനകരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍, പദ്ധതി പുനരാരംഭിക്കുന്നതിന് വീണ്ടും പരിസ്ഥിതി പഠനമടക്കം നടത്തേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."