വിദേശയാത്രക്കൊരുങ്ങിയ യുവാവിനെ ഉപയോഗിച്ചു മയക്കുമരുന്നു കടത്താന്‍ ശ്രമം
തളങ്കര: വിദേശത്തേക്കു ജോലിക്കായി പോകാനൊരുങ്ങിയ യുവാവ് മുഖേന മയക്കുമരുന്നു കടത്താന്‍ ശ്രമം. വിദേശത്തേക്കു കൊണ്ടു പോകാനായി പലരും നല്‍കിയ സാധനങ്ങള്‍ പായ്ക്കു ചെയ്യുന്നതിനിടയിലാണ് യുവാവ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. യുവാവിന്റെ പരാതിയില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. മയക്കുമരുന്നായ ചരസ്സാണ് യുവാവിനെ ഏല്‍പ്പിച്ചതെന്ന് കേസേന്വഷിക്കുന്ന കാസര്‍കോട് ടൗണ്‍ പൊലിസ് പറഞ്ഞു.
ബഹ്‌റൈനില്‍ പോകാനൊരുങ്ങിയ തളങ്കര ബാങ്കോട്ട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റസാഖ് സനാഫിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. വിദേശത്തുള്ള അറഫാത്ത്, പൊതി ഏല്‍പ്പിച്ച നിസാം എന്ന ഇജ്ജു, ഇയാളുടെ സുഹൃത്ത് ബാവ എന്നു വിളിക്കുന്ന ഹബീബ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ബാവയെ ഇന്നലെ വൈകുന്നേരം പൊലിസ് അറസ്റ്റ് ചെയ്തു. അറഫാത്തിനെ ഏല്‍പ്പിക്കണമെന്നു പറഞ്ഞാണ് പ്രതികള്‍ പായ്ക്കറ്റ് ഏല്‍പ്പിച്ചതെന്നു പരാതിയില്‍ പറയുന്നു.
ആറു ഗ്രാം ചരസാണ് ഉണ്ടായിരുന്നത്. രണ്ടു ഷര്‍ട്ടും രണ്ടു പാന്റ്‌സും രണ്ടായിരം രൂപയുമടങ്ങിയ പൊതിയിലാണ് മയക്ക് മരുന്ന് തിരുകിയത്. വസ്ത്രവും കുറച്ച് പൈസയുമാണെന്നും ബഹ്‌റൈനിലെ സുഹൃത്തു വന്ന് ഇവ വാങ്ങുമെന്നും പറഞ്ഞാണു പൊതി നല്‍കിയത്. യുവാക്കളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാലാണു പൊതി പരിശോധിച്ചതെന്ന് അബ്ദുല്‍ റസാഖ് സനാഫ് പൊലിസിനോട് പറഞ്ഞു.
കേരളാ വിപണിയില്‍ 10,000 രൂപ വിലവരുന്ന ചരസാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് വിദേശ വിപണിയില്‍ അരലക്ഷം രൂപ വിലവരുമെന്ന് പൊലിസ് പറഞ്ഞു.
അറസ്റ്റിലായ ബാവ എന്ന ഹബീബ് ജയസൂര്യ നായകനായി അഭിനയിച്ച 'ഇടി'യെന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്. വിദേശത്തേക്കു പോകുന്നവരെ ഉപയോഗിച്ച് അവരറിയാതെ മയക്കുമരുന്നു കടത്തുന്ന സംഭവം കാസര്‍കോട് പതിവായിട്ടുണ്ട്.
ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട ഒരു യുവാവ് ഏറെക്കാലം വിദേശത്തെ ജയിലില്‍ കിടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."