നിന്നുതിരിയാന്‍ ഇടമില്ലാതെ മഞ്ചേരി മിനിസിവില്‍ സ്‌റ്റേഷന്‍
മഞ്ചേരി: മിനി സിവില്‍സ്റ്റേഷനില്‍ മതിയായ മുറികള്‍ ഇല്ലാത്തതിനാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ ഓഫിസുകളും അവയ്ക്കു കീഴിലെ സെക്ഷന്‍ ഓഫീസുകളും വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നു. നിലവില്‍ 16 ലേറെ സര്‍ക്കാര്‍ ഓഫിസുകളാണ് മിനിസിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ പ്രപോസല്‍ തയാറായിരുന്നുവെങ്കിലും പിന്നീട് തുടര്‍ നടപടികളുണ്ടായില്ല.
വിശാലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കേണ്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ്, ജിയോളജി ഓഫിസ് തുടങ്ങിയ വിവിധ ജില്ലാ ഓഫീസുകളും സെക്ഷന്‍ ഓഫിസുകളും പിരിമിതമായ സൗകര്യങ്ങളില്‍ കഴിയുകയാണിവിടെ. പരാതികളുമായി ഒഫിസുകളിലേക്കെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍ പോലും ഇല്ലായെന്നു വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മഞ്ചേരിയില്‍ മാത്രമായി പത്തിലേറെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇതുമൂലം വാടക നല്‍കി മറ്റു കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവന്നിരിക്കുകയാണ്. ജില്ലാ മണ്ണു പരിശോധനകേന്ദ്രം, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, പട്ടികജാതി കോടതി, ഫോറസ്റ്റ് കോടതി, ഇ.എസ്.ഐ ആശുപത്രി, പോസ്റ്റ് ഓഫിസ്, ഫുഡ്‌സേഫ്റ്റി ഓഫീസ്, എക്‌സൈസ് റെയ്ഞ്ച് ഓഫിസ്, കേരളാ ഗവ:യൂനാനി ഡിസ്‌പെന്‍സറി, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളായ വെജിറ്റബിള്‍ ആന്റ് ഫ്രൂഡ്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, എല്‍.ബി.എസ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ വകുപ്പുളുടെ ഓഫിസുകളും സ്ഥാപനങ്ങളുമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മണ്ണു പരിശോധനയുടെ ജില്ലാ ഓഫിസും സെക്ഷന്‍ ഓഫിസും മഞ്ചേരിയില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ജില്ലാ ഓഫിസ് കാലങ്ങളായി സ്വകാര്യ വ്യക്തിയുടെ ബില്‍ഡിംഗിലാണ്. വര്‍ഷംതോറും വലിയസംഖ്യ വാടക ഇനത്തില്‍ അടക്കേണ്ട അവസ്തയാണുള്ളത്. മഞ്ചേരി അഗ്നിശമന സേനക്കു സ്വന്തമായി കെട്ടിടമില്ലാത്തത് മൂലം സേനയുടെ വാഹനം ബസ് ടെര്‍മിനലില്‍ നിര്‍ത്തിയിടേണ്ടിവരികയും ചെയ്യുന്നു.
മഞ്ചേരിയിലെ ഗവ:യൂനാനി ഡിസ്‌പെന്‍സറി, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് തുടങ്ങിയ വിഭാഗങ്ങളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ കെട്ടിടത്തിലാണ്. പൊതുമരാമത്ത് നിശ്ചയിക്കുന്നതാണ് ഇത്തരം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കുള്ള വാടക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."