കാലിക്കറ്റ് സര്‍വകലാശാലയില്‍ ദേശീയ ഫുട്‌ബോള്‍ അക്കാദമി
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ദേശീയ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കാനുളള സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ പദ്ധതി അംഗീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ, കായിക വകുപ്പുകളുടെ ഉന്നതതല യോഗം തീരുമാനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ 400 മീറ്ററില്‍ എട്ട് ലൈന്‍ സിന്തറ്റിക് ട്രാക് നിര്‍മിക്കാനുളള പദ്ധതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുളള ഫുട്‌ബോള്‍ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുളള പരിശീലനം ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിക്ക് വേണ്ടി സര്‍വകലാശാല 20 ഏക്കര്‍ സ്ഥലം നല്‍കും. അക്കാദമിയുടെ ഭാഗമായി വോളിബോള്‍, ഭാരോദ്വഹനം എന്നിവയില്‍ പരിശീലനത്തിനും സായി പദ്ധതിയിടുന്നുണ്ട്.
ആദ്യഘട്ട പദ്ധതിക്ക് 14.7 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. അക്കാദമിയില്‍ പ്രവേശനം കിട്ടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം, താമസം, പരിശീലനം എന്നിവയ്ക്കുളള ചെലവുകള്‍ സായ് വഹിക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഫിഫ എന്നിവയുമായി സഹകരിച്ചാണ് ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ഒരു കേന്ദ്രം ഇപ്പോള്‍ കേരളത്തിലില്ല എന്നത് കണക്കിലെടുത്താണ് സായ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് സായിയുമായി സര്‍വകലാശാല ധാരണാപത്രം ഒപ്പിടും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് ട്രാക്ക് 8.12 കോടി രൂപ ചെലവിലാണ് നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിന് വേണ്ടി ആവശ്യമായ സ്ഥലം കോളജ് നല്‍കും. പദ്ധതിക്ക് വേണ്ടി 2.5 കോടി രൂപ ഇതിനകം സായ് അനുവദിച്ചിട്ടുണ്ട്. അതിനാല്‍ നിര്‍മാണ പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് സായ് റീജ്യനല്‍ ഡയറക്ടര്‍ ഡോ.ജി കിഷോര്‍ യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുളള ഹോസ്റ്റല്‍, ഇന്‍ഡോര്‍ ഹാള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ജിംനേഷ്യം എന്നിവക്ക് വേണ്ടി 42 കോടി രൂപയുടെ പദ്ധതി അടുത്ത ഘട്ടമായും സായ് നടപ്പാക്കും.
കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി വിജയ് ഗോയലുമായി 2017 ഏപ്രിലില്‍ മുഖ്യമന്ത്രി ആലുവയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ രണ്ട് വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് അവസാന രൂപം നല്‍കിയത്.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, സ്‌പോര്‍ട്‌സ് മന്ത്രി എ.സി. മൊയ്തീന്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി ഡോ.ബി. അശോക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, സായ് റീജ്യനല്‍ ഡയറക്ടര്‍ ഡോ. ജി കിഷോര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."