ബ്ലൂവെയ്ല്‍, കരുതിയിരിക്കാം മരണക്കെണിയെ
പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ രക്ഷിതാവാണ് ഞാന്‍. മരണത്തിലേക്കു തള്ളിവിടുന്ന ബ്ലൂവെയ്ല്‍ പോലെയുള്ള ഗെയിമുകളക്കുറിച്ച് മകളുടെ മൊബൈല്‍ ഫോണില്‍ മെസേജ് വന്നുകൊണ്ടിരിക്കുന്നു. കൂടെയുള്ള കുട്ടികള്‍ തന്നെയാണ് ഇത്തരം സന്ദേശം കൈമാറുന്നത്. ഇത് ഒറിജിനലോ വ്യാജമോ എന്നറിയില്ല. ആവശ്യത്തിനുമാത്രമേ മകള്‍ മൊബൈല്‍ ഉപയോഗിക്കാറുള്ളൂ. അതും വീട്ടിലുപയോഗിക്കുന്നതാണ്. എന്നാലും ഇത്തരം ഗെയിമുകളുടെ പ്രൊമോഷന്‍ കുട്ടികളിലുണ്ടാക്കുന്ന മാനസികവ്യഥകള്‍ പേടിപ്പെടുത്തുകയാണ്. മുന്‍ കരുതലെന്ന നിലയില്‍ എന്തു ചെയ്യാനാവും?
സെബാസ്റ്റ്യന്‍ തിരുവമ്പാടി
ഇത്തരത്തിലുള്ള'മരണക്കളികള്‍'കുട്ടികളെ വല്ലാതെ സ്വാധീനിക്കും. വ്യാപകമായ പ്രചാരണങ്ങളും ആകര്‍ഷിക്കാനുള്ള പഴുതുകളും ഇവര്‍ ഉപയോഗിക്കും. പരിചിതമല്ലാത്ത എന്തും കടന്നുവരുമ്പോള്‍ അതെന്താണെന്ന് അറിയാനുള്ള ജിജ്ഞാസയാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. ഇങ്ങനെയുള്ള ഗെയിമുകളില്‍ ഉത്സാഹവും പ്രോത്സാഹനവും പ്രധാനം ചെയ്യുന്ന കാര്യങ്ങളാണ് ആദ്യമാദ്യം ലഭിച്ചുകൊണ്ടിരിക്കുക. പിന്നീടാണ് പിന്‍മടക്കം സാധ്യമല്ലാത്ത കെണിയാണെന്നറിയുക. അപ്പോഴേക്കും വളരെ വൈകിപ്പോകുന്നു.
ഗെയിമുകളില്‍ ആകൃഷ്ടരാകുന്ന കുട്ടികള്‍ മറ്റു സുഹൃത്തുക്കളുമായി ബന്ധമോ വീട്ടുകാരുമായി അടുപ്പമോ കാണിക്കാത്തവരായിരിക്കും. ഇവര്‍ സദാസമയം ഇന്റര്‍നെറ്റിലായിരിക്കും. അല്ലെങ്കില്‍ സാഹസികത ഇഷ്ടപ്പെടുന്നവരും വിഷാദരായി കാണപ്പെടുന്നവരുമായിരിക്കും ഗെയിമുകളില്‍ ആകൃഷ്ടരാകുന്നത്. ഇവരുടെ മനസിനുള്ളില്‍ ആത്മഹത്യാ പ്രവണത ഉണ്ടാകാം.
ഇത്തരം ഗെയിമുകളുടെ പ്രൊമോ എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. ഇതിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് മേല്‍പറഞ്ഞ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ഹിസ്റ്ററി ശേഖരിച്ച് അവര്‍ക്ക് മാത്രമായി അയച്ചുകൊടുക്കുന്നത്.
ഇതിനു തടയിടണമെങ്കില്‍ കുട്ടികളിലെ അമിതമായ സ്മാര്‍ട്ട് ഫോണുകളുടെ, ഇന്റര്‍നെറ്റിന്റെ ഉപയോഗം നിയന്ത്രിക്കണം. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രം ഇവ ഉപയോഗിക്കാന്‍ അവസരം നല്‍കണം. രാത്രി പത്തിനുശേഷം നെറ്റിനു നിയന്ത്രണമേര്‍പ്പെടുത്തുക. (പാസ്‌വേഡ് മാറ്റുക). കുട്ടികള്‍ ഏതെല്ലാം സൈറ്റുകളിലേക്കാണ് നീങ്ങുന്നതെന്നു നിരീക്ഷിക്കുക.
നെറ്റില്‍ കൂടുതല്‍ ചെലവഴിക്കുന്നതിനുപകരം പുറത്തുള്ള ശാരീരികാഭ്യാസങ്ങളുമായി ഇടപെടാനുള്ള അവസരം സൃഷ്ടിക്കുക.
ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുടെ കൂടെ ചെലവഴിക്കാനായി മാറ്റിവയ്ക്കുക. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ കുട്ടി സ്വമേധയാ ഇന്റര്‍നെറ്റിന്റെ പിടിയില്‍ നിന്ന് മോചിതനായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."