ഇന്ന് അത്തം ഒന്ന്
ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങിആനക്കര: കര്‍ക്കിടകത്തിന്റെ നോവറിഞ്ഞ് പിറന്ന ചിങ്ങത്തെ പൂക്കണി വച്ച് വരവേല്‍ക്കാന്‍ നാടൊരുങ്ങി. ഇന്ന് അത്തം. കഷ്ട ദിനങ്ങളുടെ കടും കറമായുന്ന പുതിയ വസന്തത്തിന്റെ സാന്ദ്രധ്വനികളാല്‍ ഇനി പൂവിളികളുമായി ഗ്രാമം ഉണരുകയായി. ഇനി കുട്ടികള്‍ക്ക് പൂപറിക്കലിന്റെ ദിനങ്ങളാണ്. ഇത്തവണ വിദ്യാലയങ്ങളിലെ ഓണപരീക്ഷകള്‍ 30ന് അവസാനിക്കും എന്നാലും പൂക്കളമൊരുക്കുന്നതില്‍ കുട്ടികള്‍ തന്നെയാണ് മുന്നില്‍. അത്തത്തിന്റെ മുന്നോടിയായി മുറ്റത്ത് മണ്ണ് കൊണ്ട് കളമൊരുക്കി കഴിഞ്ഞു.
അത്തം മുതല്‍ ഈ കളങ്ങളില്‍ ചാണക മെഴുകിയതിന് ശേഷം പൂവിട്ടു തുടങ്ങും. കണ്ണാന്തളിയും, കാക്കപ്പൂവും കണ്‍തുറക്കുന്ന പുലരി തൂമയെഴും തുമ്പപ്പൂവും മുക്കുറ്റിയും ഇനി വീട്ടുമുറ്റത്ത് ചാണമെഴുകിയകളങ്ങളില്‍ അലങ്കാരമാകുകയാണ്.
മലയാളിയുടെ വീട്ടുമുറ്റത്തും മനസ്സിലും പൂക്കളം വിരിയുന്ന അത്തം പൂവിളിക്കുന്ന പുലരികള്‍ക്ക് ഗ്രാമം ഔരുങ്ങി കഴിഞ്ഞു.
പണ്ട് കാലത്ത് നായര്‍ തറവാടുകളില്‍ കര്‍ക്കിടകത്തിലെ തിരുവോണ ദിവസം മുതല്‍ കളമെഴുതി മുക്കുറ്റിയിടുക പതിവാണ്. അത്തം മുതലാണ് തുമ്പപ്പൂവിടുക ഇന്ന് എല്ലാം ഓര്‍മയായി. ഇപ്പോള്‍ അത്തം മുതല്‍ തന്നെയാണ് കളര്‍ പൂക്കളമിടുക. ഒരു പാട് കാലങ്ങള്‍ക്ക് ശേഷം ഗ്രാമങ്ങളിലെ തോട് വരമ്പുകള്‍, റോഡുകള്‍, കുന്നുകള്‍, പുഴയോരം എന്നിവിടങ്ങളില്‍ വ്യാപകമായി തുമ്പപ്പൂക്കളുണ്ട്. ഇതിന് പുറമെ വരവ് പൂക്കള്‍ തേടുന്നവര്‍ക്കായി എല്ലായിടങ്ങളിലും വ്യാപകമായി പൂക്കൃഷി ചെയ്യുന്നുണ്ട്. വിവിധ വര്‍ണത്തിലുളള ചെണ്ടുമല്ലികളാണ് കൃഷി ചെയ്തിട്ടുളളത്. മൂലം മുതലാണ് മുറ്റത്ത് കളര്‍പ്പൂവ് (കൂട്ടു പൂവ്) ഇടുക. മൂലത്തിന്റെ അന്നാണ് കൃഷിക്കാര്‍ പാടത്ത് കന്ന് നിര്‍ത്തുക എന്നൊരു ചടങ്ങും നിലനിന്നിരുന്നു.
മൂലത്തിന്റെ അന്നു മുതല്‍ പാടത്തും പറമ്പുകളിലുമുള്ള പണികള്‍ നിര്‍ത്തും. പിന്നെ ഓണം കഴിഞ്ഞ് തൃക്കാക്കരപ്പനെ എടുത്തതിനു ശേഷമാണ് പാടത്ത് പണികള്‍ തുടങ്ങുക.
ഈ ആചാരം ഇന്നും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഗ്രാമങ്ങളില്‍ പോലും തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ത്രീകള്‍ പൂക്കള്‍ വില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."