അവിശ്വാസ പ്രമേയത്തിനു മുന്‍പേ പ്രസിഡന്റിന്റെ രാജി; ഈരാറ്റുപേട്ട സഹകരണ ബാങ്കില്‍ നടന്നത് നാടകീയ മുഹൂര്‍ത്തങ്ങള്‍
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം, നഗരസസഭാ ചെയര്‍മാനും കൂടിയായ റ്റി.എം റഷീദ് രാജി വച്ചു. ഇന്നലെ ഉച്ചക്ക് രണ്ടിന് അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ രാജി. ഇതേ തുടര്‍ന്ന് അവിശ്വാസ പ്രമേയ ചര്‍ച്ച മാറ്റി വച്ചു.
നൂറ്റാണ്ടു പഴക്കമുള്ള സാമ്പത്തിക സ്ഥാപനത്തില്‍ ഒരു രാഷ്ട്രീയ വടംവലി ആഗ്രഹിക്കാത്തതു കൊണ്ടാണ് രാജി വക്കുന്നതെന്നും സി.പി.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും റ്റി.എം റഷീദ് സൂചിപ്പിച്ചു. ഇതുമൂലം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തുന്നതില്‍ പാര്‍ട്ടിയുടെ എതിര്‍പ്പും കുറഞ്ഞിട്ടുള്ളതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സി.പി.എം 9 അംഗ പാര്‍ലമെന്ററി പാര്‍ട്ടിയുമായി യോജിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിലധികമായി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവക്കണെമന്ന ആവശ്യവുമായി സി.പി.എം രംഗത്തുണ്ട്. എന്നാല്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ രാജി വക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റ്റി.എം റഷീദ്. ഇതേ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിന് സി.പി.എം കിണഞ്ഞു പരിശ്രമിച്ചിട്ടും നോട്ടീസ് നല്‍കാന്‍ പോലും ആവശ്യമായ പിന്തുണ ലഭിച്ചിരുന്നിന്നില്ല. അതോടെയാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിനെതിരേ സി.പി.എം രംഗത്തു വന്നത്. തുടര്‍ന്നാണ് നാടകീയമായ നീക്കത്തോടെ ബാങ്ക് പ്രസിഡന്റ് സ്ഥാനം റ്റി.എം റഷീദ് രാജി വച്ചത്.
ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ പതിനൊന്നു പേരും എല്‍.ഡി.എഫ് പാനലില്‍ ജയിച്ചവരാണ്. സി.പി.എമ്മിന് പ്രസിഡന്റ് അടക്കം 6 പേരാണുള്ളത്. സി.പി.ഐ 3, ജനദാദള്‍ 1, ഐ.എന്‍.എല്‍ 1 എന്നിങ്ങനയാണ് മറ്റുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."