ഇരിട്ടിയില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്; പെരുവഴിയിലായി യാത്രക്കാര്‍
ഇരിട്ടി: മുന്നറിയിപ്പില്ലാതെ ഇരിട്ടിയില്‍ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരത്തില്‍ ജനം വലഞ്ഞു. അതിരാവിലെ ഓഫിസുകളിലേക്കും മറ്റും പോകാനായി നഗരത്തിലെത്തിയവര്‍ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞു. വിദ്യാര്‍ഥികളും വലഞ്ഞു. ഇതിനിടെ എത്തിയ ഏതാനും കെ.എസ്.ആര്.ടി.സി ബസുകളില്‍ കയറിപ്പറ്റാന്‍ പലരും സാഹസപ്പെട്ടു. എന്തിനാണ് ബസ് സമരമെന്ന് പലര്‍ക്കും അപ്പോഴും മനസിലായിരുന്നില്ല.
കഴിഞ്ഞ ദിവസം ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസില്‍ കയറ്റുന്നത് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കിയിരുന്നു. ബസ്സ് ഉളിയിലില്‍ തടഞ്ഞുനിര്‍ത്തി ചിലര്‍ ജീവനക്കാരെ മര്‍ദിച്ചുവെന്ന ആരോപണമാണ് ഇന്നലെ മിന്നല്‍ പണിമുടക്കിനിടയാക്കിയത്. സി.ഐ.ടി.യുവില്‍ പെട്ട ഒരു വിഭാഗം മാത്രമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
രാവിലെ സര്‍വിസ് നടത്താനൊരുങ്ങിയ ബസുകളെ ഇവര്‍ ഭീഷണിപ്പെടുത്തി നിര്‍ത്തിക്കുകയായിരുന്നു. ഉച്ചയോടെ ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. ചര്‍ച്ചയില്‍ തൊഴിലാളി യൂനിയനുകള്‍ക്ക് വേണ്ടി കെ. ശശിധരന്, ബിനോയ് കുര്യന്, സത്യന് കൊമ്മേരി എന്നിവരും ബസ് ഉടമസ്ഥ സംഘത്തിനുവേണ്ടി പി. ചന്ദ്രന്, ബെന്നി, പോള്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."