ആഘോഷങ്ങളുടെ ഓര്‍മപൊലിമകള്‍
ഓണവും പെരുന്നാളും ഹരിതസുന്ദരമായ ഒരു ഗ്രാമത്തിന്റെ ആഘോഷങ്ങളാണെനിക്ക്. മനുഷ്യരും പ്രകൃതിയും ഒരേപോലെ പങ്കുചേര്‍ന്ന ഹൃദയഹാരിയായ ഉത്സവങ്ങള്‍. നിറങ്ങളില്‍ നിഷ്‌കളങ്കത തുടുത്തുനിന്നിരുന്നു. കുട്ടിക്കാലത്ത് അനുഭവിച്ച വലിയ പെരുന്നാളോര്‍മകളില്‍ രാത്രിയുടെ ഓര്‍മ ഒരു അനിര്‍വചനീയബോധമായി ഇപ്പോഴും ഉള്ളില്‍ സജീവമാണ്. വൈദ്യുതിയെത്താത്ത ഗ്രാമത്തിലെ പാനൂസ് വിളക്കിന്റെ കിരണങ്ങളാണ് എനിക്ക് പെരുന്നാള്‍ രാവ്. ആ രാവിന്റെ മധുരമുള്ള ഓര്‍മയായി വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം പാകം ചെയ്യുന്ന പായസത്തിന്റെ രുചി മുന്നിട്ടുനില്‍ക്കുന്നു.
മറ്റൊന്ന് പുലര്‍ച്ചെയുള്ള 'മക്കത്തെ വെള്ളത്തിലുള്ള കുളി'യാണ്. നീണ്ട നിഴലുകളോടൊപ്പം സുബ്ഹി വാങ്കിന് പൂത്ത പകലുകളുടെ വസന്തമാകുന്നതിനു മുന്‍പു തന്നെ ചൂട്ടും കത്തിച്ച് കൂട്ടുകാരോടൊപ്പം പുഴക്കടവിലേക്കുള്ള പോക്കാണ്. പ്രഭാതം പൊട്ടിവിടരുന്ന ആ തണുപ്പില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മക്കയും മദീനയും മാത്രമായിരിക്കും മനസില്‍. കുളിരും കാറ്റുമായി തോര്‍ത്തിത്തീരുമ്പോഴേക്കും അടുത്തുള്ളവരെ തിരിച്ചറിയാന്‍ പാകത്തില്‍ വെളിച്ചം പരന്നു തുടങ്ങും. മക്കത്തെ വെള്ളത്തില്‍ കുളിച്ച ഉത്സാഹത്തില്‍ പുത്തനുടുപ്പുകളിട്ട് പുതുമയുടെ ഹരി നുണയും. ഉമ്മ പുരട്ടിത്തരുന്ന അത്തറിന്‍ പെരുന്നാള്‍ മണത്തുതുടങ്ങും.
പള്ളിയില്‍നിന്നു പ്രാര്‍ഥന കഴിഞ്ഞു തിരിച്ചുവന്നാല്‍ കൂട്ടുകാരോടൊപ്പം അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്തും. എല്ലാവരും സന്തോഷിക്കണം, പെരുന്നാളിനും ഓണത്തിനും എന്നതു മാത്രമാകും ഒരേ വികാരം. നന്മപൂത്ത പകലുകളുടെ വസന്തമാകുകയായിരുന്നു ആ ആഘോഷനാളുകള്‍.
ഓണത്തിന്റെ ഓര്‍മയില്‍ വിശേഷിച്ചും പൂക്കള്‍വര്‍ണങ്ങള്‍ തീര്‍ക്കുന്നുണ്ട്. അയല്‍പക്കത്തെ ആത്മമിത്രം അശോകന്റെ പൂക്കളം എന്റെ കൂടി പൂക്കളമായിരുന്നു. അശോകന് അനേകം പൂക്കളുടെ പേരറിയാമായിരുന്നു. എല്‍.പി സ്‌കൂള്‍ കാലത്ത് എനിക്ക് പല പൂക്കളും പരിചയപ്പെടുത്തിത്തന്നത് പിന്നീട് മികച്ചൊരു അധ്യാപകനായി മാറിയ ആ കൂട്ടുകാരനാണ്. ഞങ്ങള്‍ പരസ്പരം പൂക്കളെ കുറിച്ച് പറഞ്ഞപ്പോള്‍ ജാതിക്കും മതത്തിനും അതീതമായി മാനുഷികതയുടെ ദിവ്യതലങ്ങളില്‍ നന്മയുടെ ഒരായിരം പൂക്കള്‍ വിടര്‍ന്നിട്ടുണ്ടാകണം. ഏതൊരു ആസുരനാളുകളിലും അത്തരം ഓര്‍മകള്‍ പകരുന്ന ഊര്‍ജമായിരിക്കാം മനുഷ്യനായി ജീവിക്കാന്‍ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഓര്‍മകളെ തിരിച്ചുപിടിക്കല്‍ അങ്ങനെയാകുമ്പോള്‍ ശക്തമായൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. ഓര്‍മകളിലൂടെ സ്‌നേഹത്തിന്റെ പച്ചത്തുരുത്തുകള്‍ തീര്‍ക്കാന്‍ ആഘോഷങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."