ഗണേശോത്സവ ഘോഷയാത്രക്കിടെ ബാഡൂരില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം
ബദിയടുക്ക: ബാഡൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. വെള്ളിയാഴ്ച നടന്ന ഗണേശോത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ടാണു സംഘര്‍ഷം. പരുക്കേറ്റ മൂന്നു ബി.ജെ.പി പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ട്യത്തടുക്കയിലെ ഹേമചന്ദ്ര(25), യോഗേഷ് (26), സന്തോഷ് (24) എന്നിവര്‍ക്കാണു പരുക്കേറ്റത്. ബാഡൂരിലെ ശ്രീകൃഷ്ണ ഭജനമന്ദിരത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രക്കു നേരെ ബാഡൂര്‍ ടൗണില്‍ വച്ച് ഒരു സംഘം അക്രമം നടത്തിയെന്നാണു ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതി.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു ബി.ജെ.പി ആരോപിച്ചു. അതേസമയം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള നവചേതന ക്ലബിനു മുന്നില്‍ വച്ചു വര്‍ഗീയപരമായി മുദ്രാവാക്യം മുഴക്കിയും ക്ലബിനും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേരെ പതാക വീശി കളിയാക്കിയും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നു സി.പി.എം ബാഡൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. സൗഹാര്‍ദ്ദം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം അക്രമം സൃഷ്ടിക്കാനാണു ബി.ജെ.പി ശ്രമിക്കുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."