ക്വാറം നഷ്ടമായ പുല്ലൂര്‍ സഹകരണ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു
കാസര്‍കോട്: ഭരണ സമിതിയിലെ ഭിന്നതയെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് വായ്പ നല്‍കാന്‍പോലും കഴിയാതെ പ്രതിസന്ധി നേരിട്ട പുല്ലൂര്‍ ബാങ്ക് ഭരണ സമിതിക്കു ക്വാറം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു.സഹകരണ സംഘം കാഞ്ഞങ്ങാട് യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ വി.ടി തോമസാണ് ഇന്നലെ ഉച്ചയോടെ ബാങ്കിലെത്തി ചുമതലയേറ്റത്. 11 അംഗഭരണ സമിതിയില്‍ രണ്ടു പേരെ വായ്പാ കുടിശികയെ തുടര്‍ന്ന് അയോഗ്യരാക്കിയിരുന്നു. ബാക്കി വരുന്ന ഒന്‍പതു പേരില്‍ നാലു പേര്‍ കഴിഞ്ഞ ദിവസം ജോയിന്റ് രജിസ്ട്രാര്‍ വി.ബി കൃഷ്ണകുമാറിനു രാജി സര്‍പ്പിച്ചതോടെയാണു ഭരണ സമിതിയുടെ ക്വാറം നഷ്ടമായത്.
ഡി.സി.സി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ വിനോദ്കുമാര്‍ പള്ളയില്‍ വീട്, കെ.വി ഗംഗാധരന്‍, എം. നാരായണി, തങ്കമണി സി.നായര്‍ എന്നിവരാണു രാജി വച്ചത്. പുല്ലൂര്‍ ബാങ്ക് ഭരണ സമിതിയില്‍ ഒരുവര്‍ഷമായി തുടരുന്ന ഭിന്നത പരിഹരിക്കുന്നതിനു കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയാതെ വന്നതാണ് ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്ററുടെ കൈകളിലെത്താനിടയാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തിയ നേതാക്കളുടെ ശ്രമങ്ങളും വിജയിക്കാത്ത സാഹചര്യത്തില്‍ ഭരണ സമിതിയുടെ ക്വാറം നഷ്ടപ്പെടുത്തുന്നതിനായി ഏഴ് അംഗങ്ങള്‍ക്കു രാജി വെക്കാന്‍ ഡി.സി.സി നിര്‍ദേശം നല്‍കിയിരുന്നു. പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.സി.സി യോഗമാണു നേതൃത്വത്തിനു വഴങ്ങാത്ത ഭരണസമിതി വേണ്ടെന്ന് ഐക്യകണ്‌ഠ്യേന തീരുമാനിച്ചത്. ഏഴുപേരില്‍ ഒരാളെ വായ്പാ കുടിശികയെ തുടര്‍ന്നു കഴിഞ്ഞ ദിവസം അയോഗ്യനാക്കി. ശേഷിക്കുന്ന ആറു പേരില്‍ രണ്ടു പേര്‍ ഡി.സി.സിയുടെ രാജി നിര്‍ദേശം തള്ളിയിരുന്നു. ഡി.സി.സി നിര്‍േദശം തള്ളിയ രണ്ടു പേര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ബാങ്ക് മിനുട്‌സ് ബുക്കില്‍ കൃത്രിമം നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. വിനോദ്കുമാര്‍ ഉള്‍പ്പെടെ ഭരണ സമിതിയിലെ മൂന്നു പേരാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. പരിശോധനക്കായി ബാങ്കിലെത്തിയ സഹകരണ സംഘം യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ കെ. രാജഗോപാലനും മിനുട്‌സ് കാണാന്‍ കഴിഞ്ഞില്ല. ജൂലൈ 15നു പത്ത് അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ അഞ്ചു പേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും വായ്പാകുടിശ്ശികയെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട അംഗത്തിനു പകരം ഒരാളെ നോമിനേറ്റ് ചെയ്തിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ മിനുട്‌സ് പിടിച്ചെടുത്തു നടത്തിയ പരിശോധനയില്‍ നോമിനേഷന്‍ നിയമാനുസൃതമല്ലെന്നു കണ്ടെത്തിയിരുന്നു.
നാല് അംഗങ്ങള്‍ രാജി വച്ചതിനു ശേഷവും ബാങ്കിന്റെ അമ്പലത്തറ ശാഖയില്‍ വ്യാഴാഴ്ച രാവിലെ ഏഴിനു യോഗം ചേര്‍ന്നു വായ്പാ കുടിശികയെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട അംഗം ഉള്‍പ്പെടെ രണ്ടു പേരെ നോമിനേറ്റ് ചെയ്തിരുന്നു. ജൂലൈ 15നു നടത്തിയ നോമിനേഷന്‍ നിയമാനുസൃതമല്ലെന്നു കണ്ടെത്തിയതോടെ തുടര്‍ന്നു നടന്ന നോമിനേഷനുകളും അസാധുവായി. ഇതേതുടര്‍ന്നാണു ഭരണ സമിതി ക്വാറം നഷ്ടമായ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍ക്കാനുള്ള കളമൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."