ഇനി ചീറിപ്പാഞ്ഞെത്തും ഏതു ഇടവഴികളിലൂടെയും
പേരൂര്‍ക്കട: ഫയര്‍ഫോഴ്സിന് ആധുനിക സംവിധനാനങ്ങളോട് കൂടിയ പുതിയ ഫയര്‍എന്‍ജിനുകള്‍ ഒരുങ്ങി. പുതിയ അറുപതോളം വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നാളെ മുഖ്യമന്ത്രി പിണറായി വിജയന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. പരിപാടിയില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനാവും. ആന്ധ്രയില്‍ നിന്ന് ഇറക്കുമതിചെയ്ത അത്യാധുനിക സംവിധാനങ്ങളുള്ള 60 ഫയര്‍എന്‍ജിനുകളാണ് മുഖ്യമന്ത്രി ഫയര്‍ ആന്റ് റസ്ക്യുവിന് സമര്‍പ്പിക്കുന്നത്. ഇതില്‍ 25 വലിയ വാഹനങ്ങളും 35 ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്നു. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് നല്‍കുന്നതിനുള്ളതാണ് 60 വാഹനങ്ങള്‍.
ഇതില്‍ തിരുവനന്തപുരത്തിന് 4 വാഹനങ്ങള്‍ ലഭിക്കും. അത്യാഹിതമുണ്ടായാല്‍ അവശ്യസര്‍വിസ് എന്ന നിലയില്‍ ഇടറോഡുകളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനാകും എന്നതാണ് പുതിയ ചെറിയ വാഹനത്തിന്റെ പ്രത്യേകത. ചെറിയ രീതിയിലുള്ള തീപിടിത്തങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ പര്യാപ്തമാകും. വാഹനങ്ങളില്‍ 400 ലിറ്റര്‍ വരുന്ന വെള്ളവും പതയും ചേര്‍ന്ന ദ്രാവകമാണുണ്ടാവുക. ഇത് തീ കെടുത്താന്‍ പര്യാപ്തമാണ്. വാഹനങ്ങളില്‍ ഹൈഡ്രോളിക് സംവിധാനവുമുണ്ടാകും. കോഴിക്കോട് മിഠായിത്തെരുവ്, ചാല മാര്‍ക്കറ്റ് തുടങ്ങിയയിടങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തീപിടുത്തങ്ങളില്‍ ഉപയോഗിക്കുന്നതിന് ഇവ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."