ഇബ്‌റാഹീമീ പാതയിലേക്ക് മടങ്ങുക
ഇബ്‌റാഹീം നബി (അ)യുടെ ജീവിതസന്ദേശമാണു ബലിപെരുന്നാളും ഹജ്ജും. വിശ്വാസി ജീവിതത്തില്‍ സ്വീകരിക്കേണ്ട സര്‍വമാതൃകകളും ഇബ്‌റാഹീം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്കു ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ചു ജനങ്ങളെ ക്ഷണിച്ച ധീരത്യാഗിയായിരുന്നു ഇബ്‌റാഹീം (അ).
അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ പ്രബോധനജീവിതത്തില്‍നിന്നുള്ള ഏടുകള്‍ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നുകാണിച്ചു. ഇബ്‌റാഹീം(അ) ഒരു സമുദായമായിരുന്നു എന്നാണു ഖുര്‍ആന്‍ വചനം (16: 20) പരിചയപ്പെടുത്തുന്നത്. കുറേയാളുകള്‍ കൂടിയതാണു സമുദായം. ഒരാള്‍ ഒറ്റയ്ക്കു ഒരു സമുദായമാകുന്നതിലൂടെ ആ വ്യക്തി സമൂഹത്തിനു സമര്‍പ്പിച്ച മഹദ്പ്രവൃത്തികളാണു സ്മരിക്കപ്പെടുന്നത്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെയ്യേണ്ട ധര്‍മസമരത്തിന്റെ മാതൃക ഇബ്‌റാഹീമില്‍(അ) നിന്നു പഠിക്കാനാണു വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ടതു പ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമത്രേ അത്. മുന്‍പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്കു മുസ്‌ലിംകളെന്നു പേരു നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്കു സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അവനാണു നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്രനല്ല സഹായി!'(22: 78).
ഇസ്‌ലാമിലെ അടിസ്ഥാനഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മത്തിലെ ആരാധനകള്‍ ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെയും പ്രതീകം കൂടിയാണ്. പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷോപലക്ഷം വിശ്വാസികള്‍ ബലികര്‍മം നടത്തിയും സ്വഫാ മര്‍വാ മലകള്‍ക്കിടയില്‍ നടന്നും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുമ്പോള്‍ സ്വദേശത്തുള്ളവര്‍ മസ്ജിദുകളില്‍ സമ്മേളിച്ചു തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചും ബലി നടത്തിയുമെല്ലാം ജീവിതസ്മരണകള്‍ അയവിറക്കുന്നു.
സമ്പൂര്‍ണസമര്‍പ്പണത്തിന്റെ പ്രതീകമായിരുന്ന ഇബ്‌റാഹീം നബി(അ) അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെല്ലാം സമര്‍പ്പിക്കാന്‍ സന്നദ്ധനായി. സഹധര്‍മിണി ഹാജറ(റ)യെയും പുത്രന്‍ ഇസ്മാഈലി(അ)നെയും മക്കയുടെ ഊഷരഭൂമിയില്‍ ഉപേക്ഷിച്ചു പോരാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നാലോചിക്കാതെ മരുഭൂമിയില്‍ അവരെ തനിച്ചാക്കി നാഥന്റെ ആജ്ഞയനുസരിക്കാന്‍ അവിടുന്നു തയാറായി.
വാര്‍ധക്യകാലത്തു ലഭിച്ച പ്രിയപുത്രനെ ഇലാഹീമാര്‍ഗത്തില്‍ ബലി നല്‍കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിനു സന്നദ്ധനായി. പരീക്ഷണത്തില്‍ ഇബ്‌റാഹീം(അ) വിജയിച്ചു. പിതാവിന്റെയും പുത്രന്റെയും ത്യാഗസന്നദ്ധതയില്‍ സംതൃപ്തനായ അല്ലാഹു പുത്രനു പകരം ഒരാടിനെ ബലിയറുക്കാന്‍ വിധിച്ചുകൊണ്ട് ഇരുവരെയും അനുഗ്രഹിക്കുകയായിരുന്നു.
തനിക്കു വിലപ്പെട്ടതെന്തും ഉത്തമലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിക്കാനുള്ള സന്നദ്ധതയുടെ പ്രതീകമാണത്. ജീവിതപരീക്ഷണത്തില്‍ അത്യുന്നത വിജയം കൈവരിക്കാന്‍ സാധിച്ച ഇബ്‌റാഹീം(അ) ഉദാത്തമാതൃകയുടെ അടയാളമായി മാറുകയായിരുന്നു.
ചുരുക്കത്തില്‍, ജീവിതം അല്ലാഹുവിനു സമര്‍പ്പിതമാക്കുകയാണ് ഇബ്‌റാഹീമിയ്യാ മില്ലത്തിന്റെ ആകെത്തുക. ജീവിതത്തിന്റെ സര്‍വമേഖലകളിലും മാതൃകായോഗ്യ കുടുംബമായാണ് ഇബ്‌റാഹീം (അ) കുടുംബത്തെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. (സൂറത്തുല്‍ മുംതഹന, 4). മുസ്‌ലിംകള്‍ മാത്രമല്ല, യഹൂദ-ക്രൈസ്തവരും തങ്ങളുടെ ആദര്‍ശപിതാവായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഇബ്‌റാഹീം നബി(അ). പക്ഷേ, ഇബ്‌റാഹീം നബി(അ) പഠിപ്പിച്ച തൗഹീദ് അംഗീകരിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണ്.
ശരിയായ ഏകദൈവവിശ്വാസം ഒരാളെ എങ്ങനെയാണു നിര്‍ഭയനും അല്ലാഹുവില്‍ പൂര്‍ണമായി ഭാരമേല്‍പ്പിക്കുന്നവനും ആക്കുന്നതെന്നു കൂടിയാണ് ഇബ്‌റാഹീമി (അ)ന്റെ മാര്‍ഗം നമുക്കു പകര്‍ന്നുനല്‍കുന്ന പാഠം. ആ മാര്‍ഗം അനുധാവനം ചെയ്യുന്നവനെ വിജയിയായും അല്ലാത്തവനെ മൂഢനായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. 'സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോടു വിമുഖത കാണിക്കുക.' (2:130).
'സദ്‌വൃത്തനായി തന്റെ മുഖത്തെ അല്ലാഹുവിനു കീഴ്‌പ്പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്നു ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമതക്കാരന്‍ ആരുണ്ട്.'(4:125).
ജീവിതത്തിന്റെ നിഖിലമേഖലകളിലും നമുക്കു ഉദാത്തമാതൃകയായി നേര്‍വഴി കാണിച്ച ഇബ്‌റാഹീം (അ)ന്റെ പാത പിന്തുടര്‍ന്ന് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുകയെന്നതാണു ബലിപെരുന്നാളിന്റെ സന്ദേശം. ഇസ്‌ലാംമതവിശ്വാസിയായതിന്റെ പേരില്‍ പലയിടങ്ങളിലും അവഗണനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ആധുനികമുസ്‌ലിംകള്‍ക്കു പാഠമാണ് ഇബ്‌റാഹീമീ ചരിതം.
സത്യത്തിന്റെ പാതയിലുള്ള സഞ്ചാരമൊരിക്കലും സുഖകരമായിരിക്കില്ല, ത്യാഗമില്ലാതെ വിജയിക്കാനുമാകില്ല. പരീക്ഷണത്തിന്റെ തോതനുസരിച്ച് വിജയിച്ചാല്‍ പദവി വര്‍ധിക്കുകയാണു ചെയ്യുക. അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പതറാതെ ത്യാഗോജ്വലമായ ജീവിതം കാണിച്ചുതന്ന ഇബ്‌റാഹീം നബി(അ)നെ നാം മാതൃകയാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."