മാര്‍ക്കറ്റ് റോഡില്‍ ഗതാഗതസ്തംഭനം പതിവാകുന്നു
വൈക്കം: കോവിലകത്തുംകടവ് മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗത സ്തംഭനം പതിവാകുന്നു. മാര്‍ക്കറ്റിന്റെ അശാസ്ത്രീയമായ നവീകരണം മൂലമുണ്ടായ സ്ഥലപരിമിതിയാണ് ഗതാഗതക്കുരുക്കിന് വഴിവെക്കുന്നത്. കേരളത്തിലെ പാരമ്പര്യ മാര്‍ക്കറ്റുകളില്‍ ഒന്നായ കോവിലകത്തും കടവ് മാര്‍ക്കറ്റിന് ആകെ എണ്‍പത് സെന്റില്‍ താഴെ മാത്രം വിസ്തൃതിയാണുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് മത്സ്യവാഹനങ്ങളാണ് മാര്‍ക്കറ്റില്‍ എത്തുന്നത്.
പരിമിതമായ സൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് അശാസ്ത്രീയമായി കെട്ടിടം പണിതതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം. രാവിലെയും ഉച്ചയ്ക്കുമായി 1500ല്‍ അധികം കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇവര്‍ക്കായി പണിതിരിക്കുന്നത്് ഇടുങ്ങിയ ഇരുപത് സ്റ്റാളുകള്‍ മാത്രമാണ്. ആകെയുള്ളതിന്റെ കാല്‍ഭാഗം തൊഴിലാളികള്‍ക്കുപോലും ഇവിടെ കച്ചവടം നടത്താന്‍ കഴിയില്ല. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വര്‍ഷമായിട്ടും പുതിയ കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ ഐ.എന്‍.ടി.യു.സി യൂണിയന്‍ ഈ കെട്ടിടത്തില്‍ ഒരു ഓഫീസ് തുടങ്ങിയിട്ടുണ്ട്.
നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ രംഗത്ത് വന്നിരുന്നെങ്കിലും രാഷ്ര്ടീയ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. കേരളത്തിലെ എറ്റവും വരുമാനം കുറഞ്ഞ നഗരസഭകളിലൊന്നാണ് വൈക്കത്തേത്.
നഗരസഭക്ക് എറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഈ മാര്‍ക്കറ്റില്‍ നിന്നാണെന്നിരിക്കെ നഗരസഭ ഈ മാര്‍ക്കറ്റിനോട്് കാണിക്കുന്നത് ഗുരുതരമായ അവഹേളനമാണ്. മാര്‍ക്കറ്റിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ സ്വകാര്യ ബസ് സ്റ്റാന്റ്-മാര്‍ക്കറ്റ് റോഡ് ടാര്‍ ചെയ്്തിട്ട് വര്‍ഷങ്ങളായി.
മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്ന 25 സെന്റ് സ്ഥലം ഏറ്റെടുത്ത് നവീകരിച്ചാല്‍ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാം. മാര്‍ക്കറ്റിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും മത്സ്യത്തൊഴിലാളി വികസന സംഘടനകള്‍ നടത്തിയിട്ടില്ല. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ മാര്‍ക്കറ്റിന്റെ വികസനത്തിന് അര ഏക്കര്‍ കായല്‍ നികത്തണം എന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."